UPDATES

ട്രെന്‍ഡിങ്ങ്

“സൊഹ്റ, ആ കണ്ണീരിന്റെ ഭാരം ഈ ഭൂമിക്ക് താങ്ങാന്‍ കഴിയില്ല”; കാശ്മീരില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ മകള്‍ക്ക് പഠനസഹായവുമായി ഗംഭീര്‍

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് അബ്ദുള്‍ റഷീദിനെ ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗില്‍ വച്ച് തീവ്രവാദികള്‍ വെടിവച്ചു കൊന്നത്.

കാശ്മീരില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ പോലീസ് അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഷീദിന്റെ മകള്‍ക്ക് പഠന സഹായവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. അബ്ദുള്‍ റഷീദിന്റെ ശവസംസ്‌കാര ചടങ്ങില്‍ നിയന്ത്രണം വിട്ടുകരയുന്ന അഞ്ചു വയസുകാരി മകള്‍ സൊഹ്‌റയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൊഹ്‌റയുടെ വിിദ്യാഭ്യാസ ചെലവുകള്‍ താന്‍ വഹിച്ചു കൊള്ളാമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

“സൊഹ്‌റ, നിന്നെ താരാട്ടു പാടിയുറക്കാന്‍ എനിക്ക് കഴിയില്ല, പക്ഷേ നിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് സഹായിക്കാനാവും. നിന്റെ വിദ്യാഭ്യാസത്തിന്റെ ചെലവുകള്‍ ഞാന്‍ വഹിച്ചു കൊള്ളാം” എന്നാണ് #daughterofIndia എന്ന ഹാഷ്ടാഗില്‍ ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

ഇതിനു പിന്നാലെ മറ്റൊരു ട്വീറ്റ് കൂടി ഗംഭീര്‍ ചെയ്തു. “സൊഹ്‌റ, ആ കണ്ണീര് താഴെ വീഴാന്‍ അനുവദിക്കരുത്, അതിന്റെ വേദനയുടെ ഭാരം ഈ ഭൂമിക്ക് പോലും താങ്ങാന്‍ കഴിയുമോ എന്നറിയില്ല. രക്തസാക്ഷിയായ നിന്റെ പിതാവ് എ.എസ്.ഐ അബ്ദുള്‍ റഷീദിന് സല്യൂട്ട്” എന്നായിരുന്നു അത്.

ഇതിന് സൊഹ്‌റ മറുപടി ഇങ്ങനെയായിരുന്നു.  “നന്ദി ഗൗതം സര്‍, നിങ്ങളുടെ മനുഷ്യത്വപരമായ നടപടിയില്‍ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്. എനിക്കൊരു ഡോക്ടര്‍ ആകണം” എന്നായിരുന്നു അത്.

ഇതിനു ഗംഭീര്‍ അപ്പോള്‍ തന്നെ മറുപടിയും നല്‍കി. “എന്നോട് നന്ദി പറയരുത്. നീയെന്റെ മക്കള്‍ ആസീനെയും അനൈസയേയും പോലെയാണ്. നിനക്ക് ഡോക്ടര്‍ ആകണമെന്നറിഞ്ഞു. ചിറകുകള്‍ വിരിച്ച് നിന്റെ സ്വപ്നത്തെ തേടി പോവുക. ഞങ്ങള്‍ അവിടെയുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് അബ്ദുള്‍ റഷീദിനെ ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗില്‍ വച്ച് തീവ്രവാദികള്‍ വെടിവച്ചു കൊന്നത്.

ഗൌതം ഗംഭീര്‍ ഫൌണ്ടേഷന്‍ അടുത്ത കാലത്തായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അതോടൊപ്പം സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ഗംഭീര്‍ വിവാദങ്ങളും ക്ഷണിച്ചുവരുത്താറുണ്ട്. മനുഷ്യകവചമായി കാശ്മീരി യുവാവിനെ വാഹനത്തില്‍ കെട്ടിവച്ച സൈന്യത്തിന്റെ നടപടിയെ പിന്തുണച്ചു കൊണ്ട് നേരത്തെ ഗംഭീര്‍ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍