UPDATES

ട്രെന്‍ഡിങ്ങ്

‘ഇനി പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് കേരള പോലീസിനെയും അറിയിക്കണോ?’ ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പേരില്‍ കറന്റ് ബുക്സില്‍ റെയ്ഡ്, ചോദ്യം ചെയ്യല്‍

എഴുത്തുകാരനും പ്രസാധകരും തമ്മിലുള്ള കരാറിന്റെയും ആശയവിനിമയങ്ങളുടെയും മുഴുവന്‍ രേഖകളും സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കറന്റ് ബുക്‌സിന് നോട്ടീസ് നല്‍കിയിരുന്നു

സസ്‌പെന്‍ഷനിലിരിക്കുന്ന മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ (സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍) യുടെ പേരില്‍ സര്‍ക്കാര്‍ പ്രസാധകരെ വേട്ടയാടുകയാണെന്ന് ആരോപണം. ചട്ടലംഘനം ആരോപിച്ച് ജേക്കബ് തോമസിനെതിരെ കേസെടുത്തതിന് പിന്നാലെ പുസ്തകത്തിന്റെ പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സിന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് ഒരാഴ്ച മുമ്പ് റെയ്ഡ് നടത്തി. 2017 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേരിലായിരുന്നു ഈ റെയ്ഡ്. ഇതിനെതിരെ ശക്തമായ എതിര്‍പ്പും ഉയരുന്നുണ്ട്. ആശയങ്ങളും വിചാരങ്ങളും നിര്‍ഭയമായി പ്രകാശിപ്പിക്കപ്പെടാനുള്ള അന്തരീക്ഷം ഈ മേഖലയില്‍ ഉണ്ടായേ തീരൂവെന്ന് ഇന്നലെ തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എഴുത്തുകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു.

ഈമാസം 15-ന് എഴുത്തുകാരനും പ്രസാധകരും തമ്മിലുള്ള കരാറിന്റെയും ആശയവിനിമയങ്ങളുടെയും മുഴുവന്‍ രേഖകളും സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കറന്റ് ബുക്‌സിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് കറന്റ് ബുക്‌സിന്റെ ഓഫീസിലെത്തി പുസ്തകത്തിലെ മാറ്റര്‍ കംപോസ് ചെയ്തവരുടെയും പ്രൂഫ് വായിച്ചവരുടെയും എഡിറ്ററുടെയും സ്റ്റേറ്റ്‌മെന്റുകള്‍ എടുക്കുകയും ഓഫീസിലെ കംപ്യൂട്ടര്‍ പരിശോധിക്കുകയും ചെയ്തു. അതിന് ശേഷമാണ് ആശയവിനിമയ രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഈ രേഖകള്‍ കൂടാതെ എഴുത്തുകാരനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് പതിപ്പുകളിലായി 45,000-ലേറെ കോപ്പികള്‍ വിറ്റ് പോയ പുസ്തകത്തിന്റെ പേരിലാണ് പ്രസാധകര്‍ക്ക് നേരെ ഇത്തരം പ്രതികാര നടപടിയെന്നതും ശ്രദ്ധേയമാണ്.

“നാല് മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡാണ് തൃശൂര്‍ കറന്റ് ബുക്‌സിന്റെ ഓഫീസില്‍ നടന്നത്. സര്‍ക്കാരും ഉദ്യോഗസ്ഥനും തമ്മിലുള്ള സാങ്കേതിക പ്രശ്‌നത്തിനിടയിലേക്കാണ് പ്രസാധകരെ വലിച്ചിഴയ്ക്കുന്നത്. ഒരു പുസ്തകത്തിനുള്ള മാറ്റര്‍ ലഭിക്കുമ്പോള്‍ അത് ആത്മകഥയോ നോവലോ കഥയോ എന്തുതന്നെയായാലും അതില്‍ ചട്ടലംഘനമുണ്ടോയെന്ന് ഞങ്ങള്‍ എങ്ങനെ പരിശോധിക്കു”മെന്ന് തൃശൂര്‍ കറന്റ് ബുക്‌സിന്റെ പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ ജോണി ചോദിക്കുന്നു. ചട്ടലംഘനം തിരിച്ചറിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സാധിക്കൂ. പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ചുമതല പുസ്തകം പ്രസിദ്ധീകരിക്കുകയെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “എഴുത്തുകാരന്റെ ആശയപ്രകാശനവും പൗരാവകാശ പ്രശ്‌നവും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം ഇതില്‍ വരുന്നുണ്ട്. എഴുത്തുകാരനുമായി പ്രസിദ്ധീകരണ സ്ഥാപനം കരാറുണ്ടാക്കുന്നത് ഒരു ധാരണപ്പുറത്താണ്. ചിലപ്പോള്‍ പണം കൊടുത്തെന്ന് വരാം, ചിലപ്പോള്‍ കൊടുത്തില്ലെന്നും വരാം. അയാള്‍ പരാതിപ്പെട്ടാല്‍ മാത്രമാണ് പ്രസിദ്ധീകരണ സ്ഥാപനം നിയമനടപടികളെ നേരിടാന്‍ ബാധ്യസ്ഥരാകുന്നുള്ളൂ”വെന്നും ജോണി അഴിമുഖത്തോട് പറഞ്ഞു.

“വര്‍ഗ്ഗീയ കലാപത്തിനോ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനോ കാരണമാകുന്ന ഉള്ളടക്കമുണ്ടെങ്കില്‍ പ്രസാധകര്‍ ഇത്തരത്തില്‍ നിയമനടപടി നേരിടേണ്ടി വരും. എന്നാല്‍ എഴുത്തുകാരന്‍ നടത്തിയ സര്‍വീസ് ചട്ടലംഘനത്തിന്റെ പേരില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തുന്നത് ഇതാദ്യമായാണ്. കേരളത്തിലെ വലിയൊരുപക്ഷം എഴുത്തുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടല്ല ഈ പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചത്. സര്‍വീസ് ചട്ടലംഘനമെന്ന കീറാമുട്ടി പ്രയോഗിക്കുമ്പോള്‍ അത് ഈ എഴുത്തുകാരെയും ബാധിക്കും. ഇതൊരു തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുക. ഭാവിയില്‍ ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ പോലീസില്‍ അറിയിക്കണമെന്നും അനുമതി വാങ്ങണമെന്നുമുള്ള അവസ്ഥ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക് വന്നുചേരുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.

ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിന്റെ തുടക്കമായാണ് ഇതിനെ കണക്കാക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രസക്തമായ രേഖകള്‍ക്ക് പിന്നാലെ മാത്രമേ പോകാവൂയെന്നും അപ്രസക്തമായ രേഖകള്‍ക്ക് പിന്നാലെ പോകരുതെന്നുമാണ് കോടതി ആവശ്യപ്പെടുന്നത്. അപ്രസക്തമായ രേഖകള്‍ക്ക് പിന്നാലെ പോകുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ സമയം നഷ്ടപ്പെടുത്തുമെന്നതാണ് ഇതിന് കാരണം. തൃശൂര്‍ കറന്റ് ബുക്‌സ് ജേക്കബ് തോമസിനെതിരായ കേസിലെ പ്രതിയല്ല. പ്രസിദ്ധീകൃതമായ പുസ്തകത്തില്‍ നിന്നാണ് ചട്ടലംഘനം കണ്ടെത്താന്‍ സാധിക്കുക. അല്ലാതെ കയ്യെഴുത്ത്പ്രതിയില്‍ നിന്നല്ല ചട്ടലംഘനം കണ്ടെത്തേണ്ടത്. എന്നിട്ടും ഇവിടെ റെയ്ഡ് നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥരുടെ സമയം നഷ്ടമാക്കല്‍ മാത്രമാണ്.

പുസ്തകം വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നിവര്‍ക്ക് ഈ പുസ്തകം ലഭ്യമായിരുന്നു. പുസ്തക പ്രകാശനം ഏറ്റിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം പിന്മാറുകയും ചെയ്തതാണ്. പുസ്തകം പ്രകാശനം ചെയ്ത വിവരവും മുഖ്യമന്ത്രിയ്ക്കും മറ്റും അറിയാവുന്നതാണ്. എന്നിട്ടും പുസ്തക പ്രസാധകര്‍ക്കെതിരെ ഇപ്പോള്‍ നടത്തുന്ന പോലീസ് നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സര്‍ക്കാരിന്റെ കൈകടത്തലാണെന്ന് പറയേണ്ടി വരുമെ”ന്നും കെ ജെ ജോണി പറഞ്ഞു.

read more:ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കറന്റ് ബുക്‌സിനെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു: സാറാ ജോസഫ്‌

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍