UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കും

ഡിജിപിയുടെ നിയമോപദേശം പോലീസിന് കൈമാറി

സീറോ മലബാര്‍ സഭ ഭൂമി ഇടപാട് ആരോപണത്തില്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിയമോപദേശം. ഡിജിപിയുടെ നിയമോപദേശം പോലീസിന് കൈമാറി.ഇന്ന് തന്നെ കേസ് എടുക്കുമെന്നാണ് സൂചന.

മാര്‍ച്ച് ആറാം തിയ്യതി കര്‍ദിനാളിനെതിരെ ഹൈക്കോടതി ശക്തമായ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കര്‍ദ്ദിനാളിനും ഇടനിലക്കാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇത് സംബന്ധിച്ച് ശക്തമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനായാണ് കര്‍ദിനാള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി പറഞ്ഞു. തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്നും സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാണ് പരമാധികാരമെന്നുമുള്ള കര്‍ദിനാളിന്റെ വാദങ്ങളാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്.

ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും കേസെടുക്കാന്‍ വൈകുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട് എന്നു ആരോപണം ഉയര്‍ന്നിരുന്നു. കര്‍ദിനാളിനെതിരെ കേസ് എടുക്കണം എന്ന ആവശ്യവുമായി വി എസ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍