UPDATES

ട്രെന്‍ഡിങ്ങ്

ഭാവനയ്ക്ക് ആളുമാറി പൊങ്കാല: പിന്നില്‍ സിപിഎമ്മായി വേഷം മാറിയ സംഘപരിവാറുകാര്‍

പബ്ലിക് പോസ്റ്റുകളിലും മറ്റും ഇടതുവിരുദ്ധതയും സംഘപരിവാര്‍ ചായ്‌വും പ്രകടിപ്പിച്ചിട്ടുള്ള പല ഐ.ഡികളും പിണറായി വിജയന്റെയും ചെഗുവേരയുടെയും ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയിട്ടാണ് ബി.ജെ.പി പ്രവേശനത്തെ കുറിച്ച് വിമര്‍ശനമിടുന്നത്

പൊങ്കാലയിടാന്‍ പോകുമ്പോള്‍ ആളു മാറിപ്പോകുന്നത് മലയാളികള്‍ക്ക് ഇത് ആദ്യമായൊന്നുമല്ല. ഇത്തവണ ചീത്തവിളി കേള്‍ക്കുന്നത് നടി ഭാവനക്കാണ്. പക്ഷേ ആളു മാറിയിട്ടൊന്നുമല്ല. ആളു മാറിയത് പോലെ ഒരു അഭിനയം. സംഘപരിവാറിനെതിരെ ട്രോളുകളുടെ പെരുമഴയായ ഈ സമയത്ത് തിരിച്ചൊരു പണി കൊടുക്കാന്‍ ഇറങ്ങിയതാകണം ഫേസ്ബുക്കിലെ സംഘപരിവാറുകാര്‍. ഇടത് അനുകൂലികള്‍ ആളുമാറി ചലച്ചിത്ര താരം ഭാവനയെ ചീത്ത പറയുന്നു എന്ന രീതിയില്‍ വേഷം മാറി കമന്റിടുന്ന സംഘപരിവാറുകാരെ ഉടനടി തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൊടുക്കുകയും ചെയ്തു.

നടി ഭാവനയുടെ ഫേസ്ബുക്ക് പേജിലിപ്പോള്‍ ആകെ കണ്‍ഫ്യൂഷനാണ്. കന്നട നടി ഭാവന രാമണ്ണ ബി.ജെ.പി യിലേക്ക് ചേര്‍ന്നതിനാണ് മലയാളതാരത്തിന്റെ ഫോട്ടോകള്‍ക്ക് കീഴില്‍ ‘വ്യാജ’ ചീത്തവിളി നടക്കുന്ന്. ഇടത് പക്ഷക്കാരും മുസ്ലിം മതവിശ്വാസികളും ഭാവനയുടെ രാഷ്ട്രീയ മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന മട്ടിലാണ് കമന്റുകള്‍ പലതും. എന്നാല്‍ ഇത്തരം കമന്റുകള്‍ യഥാര്‍ത്ഥ പ്രൊഫൈലുകളില്‍ നിന്നല്ല വരുന്നത് താനും. സി.പി.എം നേതാക്കളുടെയും ചെഗുവേരയുടെയും ഒക്കെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയ ഐഡികളില്‍ നിന്നാണ് ഭൂരിഭാഗം തെറിവിളിയും. ഈ പ്രൊഫൈലുകളില്‍ കയറി നോക്കിയാല്‍ മുന്‍കാല പോസ്റ്റുകള്‍ പലതും സംഘപരിവാറിനും ബി.ജെ.പിക്കും അനുകൂലമാണ്.

ബി.ജെ.പിയില്‍ ചേര്‍ന്നതിനാല്‍ ഭാവനയുടെ സിനിമ ബഹിഷ്‌കരിക്കണം, സിനിമ റിലീസ് ചെയ്യിക്കില്ല എന്നൊക്കെ ഇടതുപക്ഷത്തുള്ളവര്‍ പറയുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവക്ക് പിന്നില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന് വേണ്ടി നില്‍ക്കുന്ന ഐഡികളാണെന്നത് കമന്റുകളുടെയും പ്രൊഫൈലിന്റെയും സ്വഭാവം മനസിലായതോടെ ആളുകള്‍ പറയാന്‍ തുടങ്ങി. ഇതൊന്നും അറിയാതെ ഈ ഭാവനയല്ല മറ്റേ ഭാവനയെന്നും അന്തംകമ്മികളുടെ അസഹിഷ്ണുത എന്നുമൊക്കെ പ്രതികരിക്കുന്നവരുമുണ്ട്.

ഭാവനയുടെ പേജില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാറുകാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലരും കളിയാക്കലിന്റെ ഭാഷയില്‍ കമന്റ് ചെയ്യുന്നുമുണ്ട്. മുമ്പ് ഇട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധ പോസ്റ്റുകള്‍ ഓണ്‍ലി മീ ആക്കുക, പ്രധാന ഗ്രൂപ്പുകളില്‍ ഇട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുക, പ്രൊഫൈലില്‍ സഖാവിന്റെ പ്രിയസഖി എന്നോ മറ്റോ തിരുകിക്കയറ്റുക. എന്നിങ്ങനെ പോകുന്നു അവ.

പബ്ലിക് പോസ്റ്റുകളിലും മറ്റും ഇടതുവിരുദ്ധതയും സംഘപരിവാര്‍ ചായ്‌വും പ്രകടിപ്പിച്ചിട്ടുള്ള പല ഐ.ഡികളും പിണറായി വിജയന്റെയും ചെഗുവേരയുടെയും ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയിട്ടാണ് ബി.ജെ.പി പ്രവേശനത്തെ കുറിച്ച് വിമര്‍ശനമിടുന്നത്. ഈ വിമര്‍ശനമിടുന്ന ഐഡികളെ കളിയാക്കാനും ചീത്ത വിളിക്കാനുമായി ‘ഒറിജിനല്‍’ സംഘപരിവാര്‍ ഐഡികളുമുണ്ട്. എന്നാല്‍ ഇത് രണ്ടും ഒരേ രാഷ്ട്രീയ ധാരയിലുള്ളവരാണെന്ന് എളുപ്പം മനസ്സിലാകുന്ന തരം അഭിപ്രായങ്ങളാണ് ഈ രണ്ട് കൂട്ടരുടേയും പ്രൊഫൈലുകളില്‍ ഉള്ളത്.

ആര്‍.എസ്സ്.എസ്സ് നേതാവ് ലസിത പാലക്കല്‍ ഉള്‍പ്പെടെ ഇടതുപക്ഷക്കാര്‍ ആളു മാറി പൊങ്കാല ഇടുകയാണെന്ന് പരിഹസിച്ച് ഭാവനയുടെ ഫോട്ടോക്ക് താഴെ കമന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഓരോ കമന്റിനു താഴെയും ഈ ‘വ്യാജ പൊങ്കാലയുടെ’ കള്ളത്തരം പൊളിച്ചടുക്കാനും ഒരുപാട് ആളുകള്‍ വരുന്നുണ്ട്. ഭാവനയുടെ ഒഫീഷ്യല്‍ പേജ് ആണോ ഇത് എന്ന കാര്യത്തില്‍ സ്ഥിതീകരണമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍