UPDATES

പുതിയ ‘ചാണക്യ’ന് മുന്‍പില്‍ അമിത് ഷായ്ക്കിത് രണ്ടാം തോല്‍വി; കര്‍ണ്ണാടക ഇനി ഡി കെ റിപ്പബ്ലിക്

അമിത് ഷായ്ക്ക് മേല്‍ ബിജെപിയ്ക്കുള്ള ആത്മവിശ്വാസമാണ് ഇപ്പോള്‍ ശിവകുമാര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്

എംഎല്‍എമാരെ റാഞ്ചിയാല്‍ തിരിച്ചു റാഞ്ചാന്‍ ഞങ്ങള്‍ക്കുമറിയാമെന്ന് ഡി കെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ തന്നെ പലരും നെറ്റിചുളിച്ചു. അമിത് ഷായിലൂടെ ബിജെപി പയറ്റുന്ന ഈ തന്ത്രം മൃദുസമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിന് സാധിക്കുമോയെന്നതായിരുന്നു പലരുടെയും സംശയം. എന്നാല്‍ ബിജെപിയുടെ അക്ഷയഖനിയായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്‍ക്കെതിരായ കോണ്‍ഗ്രസിന്റെ തുരുപ്പ് ചീട്ടാണ് ഡികെ എന്ന് അറിയാവുന്നവര്‍ക്ക്‌ ആ വാക്കുകളില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. തിരിച്ചു റാഞ്ചുന്നതിനേക്കാള്‍ ഡികെ ശ്രദ്ധിച്ചതാകട്ടെ സ്വന്തം പാളയത്തില്‍ നിന്നും കൊഴിഞ്ഞു പോക്കുണ്ടാകാതിരിക്കാനാണ്. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും പല എംഎല്‍എമാരെയും വിലയ്‌ക്കെടുക്കാനും ഭീഷണിപ്പെടുത്തി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനും ബിജെപി മെനഞ്ഞ പല തന്ത്രങ്ങളെയും നിഷ്പ്രഭമാക്കിയത് ഡികെയുടെ തന്ത്രങ്ങളായിരുന്നു. ഇന്നലെ കര്‍ണാടക നിയമസഭയില്‍ ബിജെപി കരഞ്ഞപ്പോള്‍ കോണ്‍ഗ്രസും ജനതാദളും ചിരിച്ചത് ഈ തന്ത്രങ്ങളുടെ ഫലമായാണ്. കര്‍ണാടകയില്‍ ആ തന്ത്രങ്ങള്‍ക്ക് വിജയം കണ്ടതോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചാണക്യന്‍ എന്ന വിശേഷണം ഡികെ ശിവകുമാറിന്റെ പേരിന് താഴെ അടിവരയിടുകയാണ്.

കര്‍ണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഈ നേതാവിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ഒപ്പം സഹോദരന്‍ ഡി കെ സുരേഷും ഉണ്ടായിരുന്നു. സ്വന്തം മണ്ഡലമായ കനക്പുരയില്‍ നിയമങ്ങളെല്ലാം ലംഘിച്ച് ശിവകുമാറിന്റെ രാജവാഴ്ചയാണെന്നാണ് പൊതുസംസാരം. അത് കനകപുര റിപ്പബ്ലിക്കാണെന്ന് കളിയാക്കിയത് മറ്റാരുമല്ല, ഇപ്പോള്‍ ഡികെയുടെ തന്ത്രങ്ങളില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന കുമാരസ്വാമിയാണ്. മസില്‍ പവറും മണി പവറിനുമൊപ്പം തന്ത്രങ്ങളും ഇദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പ്രാധാനികളിലൊരാളായി നിലനിര്‍ത്തുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യത്തെവിടെ കോണ്‍ഗ്രസ് പ്രതിസന്ധി നേരിട്ടാലും ഹൈക്കമാന്‍ഡിന്റെ വിളിയെത്തുന്നത് കര്‍ണാടകയിലേക്കാണെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതോടെ ശിവകുമാറിന്റെ തന്ത്രങ്ങളും ദേശീയ ശ്രദ്ധയിലേക്ക് വരികയായിരുന്നു. മുമ്പ് ഗുജറാത്തില്‍ രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രത്യക്ഷത്തില്‍ അമിത് ഷായും അഹമ്മദ് പട്ടേലും തമ്മിലുള്ള ഏറ്റുമുട്ടലായാണ് ചിത്രീകരിക്കപ്പെട്ടതെങ്കിലും അവിടെയും അമിത് ഷാ നേരിടേണ്ടി വന്നത് ശിവകുമാറിനെയാണ്. ശിവകുമാറിന്റെ തന്ത്രങ്ങളാണ് അന്ന് 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ എത്തിച്ചത്. ഇതിന്റെ ഫലമായി അന്നും അമിത് ഷായുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ ചാണക്യനെന്ന് പേരെടുത്ത അമിത് ഷാ ശിവകുമാറുമായി ഏറ്റുമുട്ടിയ രണ്ട് ഘട്ടത്തിലും പരാജയപ്പെട്ടുവെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശിവകുമാറിന് ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലെ പ്രാധാന്യമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. 2002ല്‍ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴേവീണേക്കുമെന്ന സാഹചര്യമുണ്ടായപ്പോള്‍ മുംബൈയില്‍ നിന്ന് എം.എല്‍.എമാരെ ബംഗലൂരുവിലെത്തിച്ചതും സംരക്ഷിച്ചതും ശിവകുമാറായിരുന്നു.

ഫലപ്രഖ്യാപനത്തിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ അധികാരത്തിലെത്താന്‍ ബിജെപി ഏതറ്റംവരെ പോകാനും തയ്യാറായേക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തുടക്കം മുതല്‍ തന്നെ ഈ രാഷ്ട്രീയയുദ്ധത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടു നിന്നത്. ദേവഗൗഡയുമായും കുമാരസ്വാമിയുമായുമുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നുകൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കളം നിറഞ്ഞു കളിച്ചത് ശിവകുമാറായിരുന്നു. ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് രാജ്ഭവനിലേക്ക് പോകുമ്പോള്‍തന്നെ വിജയിച്ച മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്നു. മുള്‍ബാഗില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ആയ എച്ച് നാഗേഷിനെ മറ്റാരെക്കാളും മുമ്പ് സമീപിച്ചതും കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതും ശിവകുമാറാണ്.

എം.എല്‍.എമാര്‍ മറുപാളയത്തില്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അവരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നതിനും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുന്നതിനും നേതൃത്വം നല്‍കിയത് ഡികെയാണ്. ‘ഇതേ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ മുന്‍പും കൈകാര്യം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിലാസ്‌റാവു ദേശ്മുഖ് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലും അത് കൈകാര്യം ചെയ്തത് ഞാനായിരുന്നു. ഗുജറാത്തിലും സമാനമായ സാഹചര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്റെ നേതാക്കന്മാര്‍ കൂടെയുണ്ട്. ദൈവം കൂടെയുണ്ട്. നീതിയും കൂടെയുണ്ട്’ ശിവകുമാര്‍ പറയുന്നു. എംഎല്‍എമാരെ കേരളത്തിലെത്തിക്കാനായിരുന്നു തങ്ങളുടെ ആദ്യ നീക്കമെങ്കിലും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി നിഷേധിച്ച് ബിജെപി ഈ നീക്കത്തെ തടഞ്ഞുവെന്നും ശിവകുമാര്‍ വെളിപ്പെടുത്തുന്നു.

സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചപ്പോഴും ചാണക്യതന്ത്രം മെനഞ്ഞ് വിജയമുറപ്പിച്ചത് ശിവകുമാറായിരുന്നു. ആകെയുണ്ടായിരുന്ന 57 എംഎല്‍എമാരില്‍ ആറു പേര്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കുകയും ഇവരില്‍ മൂന്നുപേര്‍ ബിജെപിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ അപകടം ഒഴിവാക്കാന്‍ എംഎല്‍എമാരെ അഹമ്മദാബാദില്‍നിന്നു വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഇതിന് പ്രതികാരം ചെയ്തത്.

‘രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം. എല്ലാ തരത്തിലുള്ള പ്രതികാരപ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കണം. തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവും പലരും പലതും പറഞ്ഞിട്ടുണ്ട്, പക്ഷേ എന്തും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. അവരെന്നെ ജയിലിലടച്ചേക്കാം. അതില്‍കൂടുതല്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയും?’ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ശിവകുമാറിനെ ലക്ഷ്യമിടുന്നതായി സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. നേരത്തേ, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ ഉറ്റ അനുയായി ആയിരുന്ന ഡി കെ ഒരു കാലത്ത് മുഖ്യമന്ത്രിസ്ഥാന മോഹം ഉള്ളില്‍ കൊണ്ടുനടന്നിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാകാതെ വന്നപ്പോള്‍ ബിജെപിയ്ക്ക് മുമ്പില്‍ ഉയര്‍ന്ന ചോദ്യം എങ്ങനെ നമ്പര്‍ തികയ്ക്കുമെന്നതായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് ടൈംസ് നൗവിന്റെ വാര്‍ത്താ അവതാരകനോട് പറഞ്ഞത് ഞങ്ങള്‍ക്കൊപ്പം അമിത് ഷാ ഉണ്ടെന്നായിരുന്നു. അമിത് ഷായ്ക്ക് മേല്‍ ബിജെപിയ്ക്കുള്ള ആ ആത്മവിശ്വാസമാണ് ഇപ്പോള്‍ ശിവകുമാര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്. ആ നീക്കങ്ങള്‍ വിജയിച്ചപ്പോള്‍ അത് ഒരു പുതിയ രാഷ്ട്രീയ ചാണക്യന്റെ ഉദയമായി. 2019ല്‍ ബിജെപിയെ ഒരിക്കല്‍ കൂടി നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ മുന്‍നിരയില്‍ തന്നെ ശിവകുമാര്‍ ഉണ്ടാകും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍