UPDATES

ദേശീയം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ദളിത്-ആദിവാസി സംഘടനകള്‍, കോണ്‍ഗ്രസ് പ്രകടനപത്രിക പരിഷ്‌കരിക്കണമെന്നും ആവശ്യം

മോദി സര്‍ക്കാരിനെതിരെ രൂപപ്പെട്ടു വരുന്ന വിശാല ജനാധിപത്യ മുന്നേറ്റത്തിന്റ ഭാഗമായി രാഹുല്‍ ഗാന്ധി വിജയിക്കേണ്ടത് അനിവാര്യമാണെന്നാണ് ദളിത്-ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ആദിവാസി-ദളിത് സംഘടനകള്‍. ആദിവാസി ഗോത്രമഹാസഭ ഉള്‍പ്പെടെയുള്ള വിവിധ ദളിത്-ആദിവാസി സംഘടനകള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ആദിവാസി-ദളിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണെന്ന പരാതിയും സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പത്രിക പരിഷ്‌കരിക്കണമെന്നാണ് ആവശ്യം.

മോദി സര്‍ക്കാരിനെതിരേ രൂപപ്പെട്ടു വരുന്ന വിശാല ജനാധിപത്യ മുന്നേറ്റത്തിന്റ ഭാഗമായി രാഹുല്‍ ഗാന്ധി വിജയിക്കേണ്ടത് അനിവാര്യമാണെന്നാണ് ദളിത്-ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. രാഹുലിന്റെ വിജയത്തിനായി ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത്-ജനാധിപത്യ സംഘടനകളും രംഗത്തിറങ്ങുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കര്‍ഷക-ന്യൂനപക്ഷ- ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള തെക്കേ ഇന്ത്യന്‍ മണ്ഡലമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരു ദേശീയ നേതാവ് വയനാടിനെ പ്രതിനിധീകരിക്കുന്നത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെന്നാണ് സംഘടന ഭാരവാഹികള്‍ പറയുന്നത്.

അതേസമയം കോണ്‍ഗ്രസ് പ്രകടന പത്രിക നിരാശപ്പെടുത്തുന്നുവെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കോര്‍പ്പറേറ്റ് കൊള്ളയില്‍ നിന്നും സവര്‍ണ ഫാസിസത്തില്‍ നിന്നും പാര്‍ശ്വവത്കൃതരെ രക്ഷിക്കാനുള്ള മൗലികമായ പരിഹാരം പ്രകടന പത്രിക നിര്‍ദേശിക്കുന്നില്ലെന്നാണ് പരാതി.

ആദിവാസി വനാവകാശ നിയമം സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. ആദിവാസി വനാവകാശവും മുന്നോക്ക സമുദായക്കാര്‍ക്ക് സാമുദായിക സംവരണം നല്‍കി, ഭരണഘടണ ഉറപ്പു നല്‍കുന്ന സമത്വാവകാശം റദ്ദാക്കപ്പെട്ട വിഷയവും മുന്‍നിര്‍ത്തി ദേശീയ തലത്തില്‍ ആദിവാസി-ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആദിവാസി വനാവകാശം ഉറപ്പാക്കണമെന്ന ആവശ്യം സംഘടനകള്‍ കോണ്‍ഗ്രസിനു മുന്നില്‍ വയ്ക്കുന്നത്. കോര്‍പ്പറ്റേ് താത്പര്യം സംരക്ഷിക്കാനാണ് ആദിവാസി വനാവകാശ നിയമം മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നും ഇതുമൂലം 66 ലക്ഷം ആദിവാസികള്‍ കുടിയിറക്ക് ഭീഷണിയിലാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മുന്നോക്ക സമുദായത്തിന് സംവരണം നല്‍കാന്‍ ‘നിയമത്തിനു മുന്നില്‍ എല്ലാ പൊരന്മാര്‍ക്കും തുല്യത’ ഉറപ്പുവരുത്താനുള്ള സുപ്രധാന ഭരണഘടനവകുപ്പ് മോദി സര്‍ക്കാര്‍ ഭരണഘടന ഭേദഗതിയിലൂടെ റദ്ദാക്കിയെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഈ ഭരണഘടന അട്ടിമറിയെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന കുറ്റപ്പെടുത്തലും ആദിവാസി-ദളിത് സംഘടനകള്‍ നടത്തുന്നു. ഫാസിസത്തെ തടയാന്‍ കോണ്‍ഗ്രസ് മുന്‍നിലപാട് തിരുത്തണമെന്നും ഇന്ത്യയെ ഹിന്ദു ഫാസിസത്തിലേക്ക് നയിക്കുന്ന ഈ ഭരണഘടന ഭേദഗിതിയുടെ അപകടത്തെക്കുറിച്ച് പഠിക്കാന്‍ നിയമജ്ഞരുടെ ഒരു സമിതിക്ക് രൂപം കൊടുക്കാന്‍ കോണ്‍ഗ്രസും യുപിഎയും തയ്യാറാകണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

നീതി ആയോഗിലൂടെ പ്ലാനിംഗ് പ്രകിയ അട്ടിമറിച്ചതിനെ കുറിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യമെമ്പാടും ഭൂമിയില്‍ നിന്നും സാധാരണ മനുഷ്യരെ കുടിയിറക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് പ്രകടന പത്രിക നിശബ്ദമാണെന്നതാണ് മറ്റൊരു പരാതി.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടപെടാനും പ്രകടന പത്രിക പരിഷ്‌കരിക്കണമെന്നാവശ്യപ്പെടാനും ഏപ്രില്‍ 15-ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദളിത്-ബഹുജന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ എഐസിസിക്കും യുപിഎ നേതൃത്വത്തിനും കെപിസിസിക്കും ആദിവാസി-ദളിത്-സംഘടനകള്‍ സമര്‍പ്പിക്കുമെന്ന കാര്യവും ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, എജിഎംഎസ് സെക്രട്ടറി പി.ജി ജനാര്‍ദ്ദനന്‍, ആദിജനസഭയുടെ സി.ജെ തങ്കച്ചന്‍, ഡി.ഇ.പി.എ നേതാവ് ടി.ടി വിശ്വംഭരന്‍ എന്നിവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ജി ഗോമതിക്കും എറണാകുളത്ത് ചിഞ്ചു അശ്വതിക്കും ആയിരിക്കും ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍