UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ ദളിത് സ്ത്രീക്കും കുഞ്ഞിനുമെതിരെ ആള്‍ക്കൂട്ടത്തിന്റെ അക്രമം/വീഡിയോ

ജോലിയില്‍ നിന്നും പുറത്താക്കിയത് ചോദ്യം ചെയ്തതാണ് അക്രമിക്കാന്‍ കാരണം

ദളിതര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളോടുള്ള ശക്തമായ പ്രതിരോധമെന്ന നിലയ്ക്ക് വിശേഷിപ്പിക്കപ്പെടുന്ന ഉന പ്രക്ഷോഭം ഗുജറാത്തില്‍ അരങ്ങേറിയിട്ട് അധികം നാളായില്ല. പക്ഷേ ഇത്തരം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത്/അദിവാസി ജനങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നുണ്ടോ? ഈ വീഡിയോ ദൃശ്യം കണ്ടാല്‍ അങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തയില്ലെന്നു തോന്നിപ്പോകും.

ഗുജറാത്തിലെ ജുനാഗഡ് ജില്ലയില്‍ ഒരു ദളിത് സ്ത്രീയും അവരുടെ ആറുവയസുകാരനായ മകനും ആള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ജൂണ്‍ 8 ന് നടന്ന ഈ സംഭവം ഇപ്പോള്‍ ദേശീയശ്രദ്ധയാകര്‍ച്ചത് വീഡിയോ ഉന സമരനായകന്‍ ജിഗ്നേഷ് ട്വീറ്റ് ചെയ്തതോടെയാണ്. ഉന സംഭവം നടന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ ഒരു ദളിത് സ്ത്രീയും അവരുടെ കുട്ടിയും ഒരു പഴന്തുണിക്കെട്ടുപോലെ വലിച്ചെറിയപ്പെടുന്നു എന്ന കുറിച്ചാണ് ഈ വീഡിയോ മേവാനി ഷെയര്‍ ചെയ്തത്.

പ്രഭാബെന്‍ വാല എന്ന സ്ത്രീയും അവരുടെ കുട്ടിയുമാണ് ഈ വീഡിയോയില്‍ ആക്രമിക്കപ്പെടുന്നവരായി ഉള്ളത്. ഗാന്തിയ വില്ലേജിലെ ഒരു പ്രൈമറി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ജോലി കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍വഹിച്ചുപോരുകയാണ് പ്രഭാബെന്‍. ഇവരെ ഇപ്പോള്‍ ഈ ജോലിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കമാണ് അവര്‍ക്കെതിരേയുള്ള അതിക്രമത്തിലേക്ക് എത്തിയത്.
പ്രഭാബെന്നിനെ ജോലിയില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ആറുമാസമായി നടക്കുകയാണ്. ഇതിന്റെ പേരില്‍ പ്രഭയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാലുഭായ് തക്രാനിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. പ്രഭയെ കൊണ്ട് രജിസ്റ്ററില്‍ ഒപ്പിടാന്‍ തക്രാനി അനുവദിക്കുന്നില്ലായിരുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് തനിക്കെതിരേ ജാതീയമായ അതിക്രമങ്ങള്‍ നടത്തുന്നൂ എന്നു കാണിച്ച് തക്രാനിക്കെതിരെ പ്രഭ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും പ്രഭയുടെ പരാതിയിന്മേല്‍ ഉണ്ടായില്ല.

അവധിക്കുശേഷം ജൂണ്‍ ആറിന് സ്‌കൂള്‍ തുറന്നതോടെയാണു വീണ്ടും പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സ്‌കൂളില്‍ എത്തിയ പ്രഭയ്ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന മുറിയുടെ താക്കോല്‍ കൈമാാറാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. അവര്‍ ഇതിനെതിരേ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ക്ക് ഒരു പരാതി എഴുതി നല്‍കി. ജൂണ്‍ എട്ടിന് പ്രഭ വീണ്ടും സ്‌കൂളില്‍ എത്തിയ സമയത്ത് തക്രാനിയില്‍ നിന്നും പ്രഭയ്ക്കുനേരെ അസഭ്യകരമായ അധിക്ഷേപങ്ങള്‍ ഉണ്ടായി. പ്രഭയെ സ്‌കൂളില്‍ നിന്നും തളളി പുറത്താക്കാന്‍ തക്രാനി ശ്രമിച്ചു. അവരത് ചെറുത്തതോടെ ഗ്രാമവാസികളായ ചിലരുടെ സഹായം തക്രാനി തേടി. പ്രിന്‍സിപ്പല്‍ അവളെ സ്‌കൂളിനു പുറത്താക്കാന്‍ ശ്രമിച്ചു. പക്ഷേ എന്റെ ഭാര്യ അതിനെ ചെറുത്തു. ഇതോടെ തക്രാനി പുറത്തു നിന്നുള്ള ചിലരെ വിളിച്ചു. അവരെല്ലാം ചേര്‍ന്ന് എന്റെ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കുഞ്ഞിനെ വരെ വലിച്ചെറിഞ്ഞു; പ്രഭാബെന്നിന്റെ ഭര്‍ത്താവ് ഗിരിഷ്ഭായി scroll.in നോട് പറയുന്നു.
തനിക്കും കുഞ്ഞിനും നേരെ നടന്ന അതിക്രമത്തെ കുറിച്ച് പൊലീസില്‍ പ്രഭ പരാതി നല്‍കി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ തക്രാനിയുടെ പരാതിയില്‍ പ്രഭയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും വന്താലി താലൂക്ക് പൊലീസ് തയ്യാറായി. തക്രാനിയെ പരസ്യമായി പ്രഭ അപമാനിച്ചെന്നായിരുന്നു പരാതി. ഇത കാണിക്കുന്ന ഒരു വീഡിയോയും അയാള്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.

ഇതുംകൊണ്ട് തീര്‍ന്നില്ല. പ്രഭയ്‌ക്കെതിരേ പൊലീസ് കേസ് ഉണ്ടെന്നു കാണിച്ച് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ പ്രഭാബെന്‍ വാലയെ അവര്‍ ചെയ്തുപോന്നിരുന്ന ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേസ് മാത്രമല്ല, പ്രഭയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്നു ഓഫിസര്‍ പറയുന്നു, ഈ സംഭവം നടന്നതിന്റെ പിറ്റേദിവസം(ജൂണ്‍9) നാട്ടുകാര്‍ തടിച്ചുകൂടെ പ്രഭയെ ജോലിയില്‍ നിന്നും മാറ്റാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണി മുഴക്കിയതും ഒരു കാരണമാണെന്നാണു പറയുന്നത്.

ഈ സംഭവത്തിനെല്ലാം കാരണം ആറുമാസങ്ങള്‍ക്കു മുമ്പ് പുതിയ ഗ്രാമമുഖ്യന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണെന്നു ഗിരിഷ്ഭായ് പറയുന്നത്. അയാളുടെ മരുമകള്‍ എന്റെ ഭാര്യയുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. അവരെ എന്റ ഭാര്യയുടെ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഗ്രാമമുഖ്യന്‍ താത്പര്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചതെന്നും ഗിരിഷ്ഭായി scroll.in ഓട് പറഞ്ഞു.

എന്തായാലും ബുധനാഴ്ച ദളിത് അവകാശ പ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രഭബെന്‍ വാലയ്ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാലഭായി തക്രാനിക്കെതിരേ വന്താലി പൊലീസ് സ്റ്റേഷനില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍