UPDATES

ട്രെന്‍ഡിങ്ങ്

ത്രിപുര മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് എപ്പോളാണ് സിപിഎം പിബി അംഗമായത്? ഈ സംശയം എംബി രാജേഷിനോടാണ്

ദശരഥ് ദേബ് ഒരിക്കലും പൊളിറ്റ് ബ്യൂറോയില്‍ അംഗമായിട്ടില്ല. തൃപുരയില്‍ നിന്ന് നൃപന്‍ ചക്രബര്‍ത്തിയും മണിക് സര്‍ക്കാരും മാത്രമാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായിട്ടുള്ളത്.

….”ഇനി പോളിറ്റ്ബ്യൂറോയിലെ ദളിതരില്ലാത്ത സങ്കടത്തെക്കുറിച്ച്. ദശരഥ് ദേബ് സിപിഎം പിബി അംഗം മാത്രമായിരുന്നില്ല, ത്രിപുര മുഖ്യമന്ത്രി കൂടിയായിരുന്നു. ഇതറിയാന്‍ മിനിമം പത്ര വായനയെങ്കിലും ശീലമാക്കണം”. – എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പോലും ഉണ്ടായിട്ടില്ല എന്നുള്ള ആരോപണത്തിന് ഫേസ്്ബുക്ക് പോസ്റ്റില്‍ മറുപടി പറയവേ ആണ് രാജേഷ് ഇക്കാര്യം പറയുന്നത്. എന്നാല്‍ പിന്നീട് ഈ ‘പിബി തെറ്റ്’ തിരുത്തി “ഇന്ത്യയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി ത്രിപുരയിലെ സി.പി.എം നേതാവ് ദശരഥ് ദേബ് ആയിരുന്നു. ഇതറിയാൻ മിനിമം പത്ര വായന മതിയാകും” എന്നാക്കി മാറ്റിയിട്ടുണ്ട്. പൊതുവെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി യുക്തിസഹമായി ചര്‍ച്ചകളില്‍ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന നേതാക്കളിലൊരാളാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് എംപിയുമായ എംബി രാജേഷ്. എന്നാല്‍ ഇത്തവണ ഫേസ്ബുക്ക് പോസ്റ്റില്‍ വസ്തുതാവിരുദ്ധമായ ഒരു കാര്യമാണ് രാജേഷ് പറയുന്നത്. കാരണം ദശരഥ് ദേബ് ഒരിക്കലും സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അംഗമായിട്ടില്ല എന്നത് തന്നെ. തൃപുരയില്‍ നിന്ന് നൃപന്‍ ചക്രബര്‍ത്തിയും മണിക് സര്‍ക്കാരും മാത്രമാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായിട്ടുള്ളത്.

1993 മുതല്‍ 98 വരെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ്, ത്രിപുരയില്‍ ഗോത്രവര്‍ഗ (പട്ടികവര്‍ഗം) വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയായിട്ടുള്ള ഒരേയൊരു വ്യക്തിയാണ്. 1940കളില്‍ നാട്ടുരാജ്യമായ ത്രിപുരയില്‍ സായുധ പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു ദശരഥ് ദേബ്. 1950ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ദശരഥ് ദേബ് ഒരു വര്‍ഷത്തിനകം കേന്ദ്ര കമ്മിറ്റി അംഗമായി. നാല് തവണ ലോക്‌സഭാംഗമായിരുന്നു (1952,57,62,71 വര്‍ഷങ്ങളില്‍). 1951-52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒളിവിലിരിക്കെയാണ് വലിയ ഭൂരിപക്ഷത്തില്‍ ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചത്. എംപിയായപ്പോഴും അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നു. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎമ്മിന്ടെ രൂപീകരണത്തിലേക്കു നയിച്ച 32 പേരില്‍ ഒരാളുമാണ് ദശരഥ് ദേബ്. 64 മുതല്‍ 98 വരെ കേന്ദ്ര കമ്മിറ്റി അംഗം.
.
1978ല്‍ നൃപന്‍ ചക്രബര്‍ത്തിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ത്രിപുരയിലെ ആദ്യ ഇടതുമുന്നണി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയും 1983ലെ രണ്ടാം നൃപന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് എന്നീ നിലയിലെല്ലാം ദശരഥ് ദേബ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് വഴിയോ അല്ലാതെയോ ദശരഥ് ദേബ് പിബിയില്‍ എത്തിയിട്ടില്ല എന്നതാണ് വസ്തുത. 1995ലെ ഛണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസിലും കേന്ദ്ര കമ്മിറ്റി അംഗമായാണ് ദശരഥ് ദേബ് തിരഞ്ഞെടുക്കപ്പെട്ടത്. 1998ലെ കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസില്‍ അനാരോഗ്യം മൂലം ദശരഥ് ദേബ് പങ്കെടുത്തിരുന്നില്ല. അനാരോഗ്യം മൂലമാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതും. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ദശരഥ് ദേബ് കത്തും നല്‍കിയിരുന്നു. 1998 ഒക്ടോബര്‍ 16നാണ് അദ്ദേഹം അന്തരിക്കുന്നത്.

1997ല്‍ ദളിത് സമുദായത്തില്‍ നിന്നുള്ള കെആര്‍ നാരായണന്‍ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ ഇടതുപക്ഷം എതിര്‍ത്തു എന്ന് ഒ രാജഗോപാലും ബിജെപി, സംഘപരിവാര്‍ അനുകൂലികളും പ്രചരിപ്പിക്കുന്നത് നുണയാണെന്ന കാര്യം ചരിത്രം അറിയാവുന്നവര്‍ക്ക് ബോദ്ധ്യമുണ്ട്. പക്ഷെ സംഘപരിവാറിന്റെ നുണ പ്രചരണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ഇടതുപക്ഷ നേതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് എംബി രാജേഷ് ആണെങ്കിലും, അതല്ല അദ്ദേഹത്തിന് വേണ്ടി മറ്റാരെങ്കിലുമാണ് പേജ് കൈകാര്യം ചെയ്യുന്നതെങ്കിലും ഇത്തരം വസ്തുതകള്‍ ശ്രദ്ധിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍