UPDATES

ട്രെന്‍ഡിങ്ങ്

ചെങ്ങന്നൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കൂടുതല്‍ രക്ഷാപ്രവര്‍ത്തക സംഘം ബോട്ടുകളും മറ്റ് വാഹനങ്ങളുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെങ്കിലും ശക്തമായ മഴയും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും ഇതിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മൃതദേഹങ്ങള്‍ പലയിടത്തും ഒഴുകി നടക്കുന്ന റിപ്പോര്‍ട്ടുകളും ചെങ്ങന്നൂരില്‍ നിന്ന് ലഭിക്കുന്നു. ചെങ്ങന്നൂരില്‍ ഇടനാട്, പാണ്ടനാട്, മംഗലം, നാക്കട, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായി അനുഭവിക്കുന്നത്. ഇവിടങ്ങളില്‍ ഇനിയും ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

പമ്പ നദിയില്‍ അടിയൊഴുക്ക് ശക്തമായതോടെ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തക സംഘത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. ചെറു റോഡുകളും കൈവഴികളും മാത്രമാണ് പലയിടത്തേക്കും എത്തിപ്പെടാനുള്ള വഴി. എന്നാല്‍ ഇതുവഴി ബോട്ടുകള്‍ ചെന്നെത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. സ്പീഡ് ബോട്ടുകളോ, ചെറുവള്ളങ്ങളോ എത്തിയാല്‍ മാത്രമേ ഇവിടങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയൂ. പാണ്ടനാട് പഞ്ചായത്തില്‍ കുടുങ്ങിക്കിടന്ന മുന്നൂറോളം പേരം ഇതിനകം രക്ഷിക്കാനായതായാണ് വിവരം. എന്നാല്‍ ഇനിയും ഇരുന്നൂറിലധികം ആളുകള്‍ ഇവിടെ മാത്രം കുടുങ്ങിക്കിടക്കുന്നുണ്ട്. ഏറ്റവും രൂക്ഷമായ സാഹചര്യമുള്ളത് ഇടനാട് പഞ്ചായത്തിലാണ്. പമ്പയുടെ ഒഴുക്ക് ശക്തമായത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്ന് ഇടനാടാണ്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തനം കാര്യമായ തോതില്‍ എത്തിക്കാനായിട്ടില്ലെന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. പമ്പയുടെ ഇരുകരകളിലുമുള്ളവര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന വിവരമാണ് ഇടനാട്ടില്‍ നിന്ന് ലഭിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ചെങ്ങന്നൂരില്‍ മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന വിവരമാണ് ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തക സംഘം എത്തിയ പാണ്ടനാട്ടെ ഒരു വീട്ടില്‍ രണ്ട് സ്ത്രീകളേയും ഒരു പുരുഷനേയും വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപം നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ഓതറ പുതുക്കുളത്തിന് സമീപം വെള്ളക്കെട്ടില്‍ ഒരു മൃതദേഹം ഒഴുകിയെത്തി. തിരുവല്ല ബസ് സ്റ്റാന്‍ഡിലേക്ക് ഒരാളുടെ മൃതദേഹം ഒഴുകിയെത്തി. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്താന്‍ വൈകുന്ന ഓരോ നിമിഷവും വിലപിടിച്ചതാണെന്ന് രണ്ട് ദിവസമായി ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്ന മന്ത്രി പി.തിലോത്തമന്‍ പറയുന്നു.

ഇന്ന് ദൗത്യസംഘങ്ങള്‍ രക്ഷിച്ച പലരും അവശനിലയിലായിരുന്നു. ഇതേ അവസ്ഥയില്‍ ആയിരങ്ങളാണ് ഇനിയും ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളില്‍ തുടരുന്നത്. ഇപ്പോഴും ഫോണ്‍ ബന്ധം നിലക്കാത്തവര്‍ ഒരു തുള്ളി വെള്ളത്തിനും ഒരു കഷ്ണം ബ്രഡ്ഡിനും വേണ്ടി യാചിക്കുന്ന അവസ്ഥാണ്. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടെ നിരവധി പേര്‍ മരണാസന്ന നിലയിലാണെന്ന സന്ദേശങ്ങളും ലഭിച്ചുകൊണ്ടേയിരിക്കുന്നു. കൂടുതല്‍ സേനയെ ഇറക്കി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ വലിയ ദുരന്തം ചെങ്ങന്നൂരില്‍ കാത്തിരിക്കുന്നതായി പി.സി.വിഷ്ണുനാഥ് പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍