UPDATES

സിനിമ

“എന്തു പ്രശ്നമുണ്ടായാലും ഫാന്‍സിനെ ഇറക്കുന്ന പ്രവണത മുന്‍പും കണ്ടിട്ടുണ്ടല്ലോ”: ദീദി ദാമോദരന്‍

പൊതുവേ സ്ത്രീകളുടെ ശബ്ദവും ഉറച്ച നിലപാടുകളുമുയരുമ്പോള്‍ നമ്മള്‍ പൊതു സമൂഹം എന്നുവിളിക്കുന്ന ഈ ആണധികാര വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന പ്രശ്നം അവിടെയുണ്ടായിരുന്നു

ശ്രീഷ്മ

ശ്രീഷ്മ

മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുണ്ടാവില്ലെന്ന് കരുതാനാവില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബില്‍ നടന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ പ്രകോപനപരമായ ചോദ്യങ്ങളുന്നയിക്കുകയും ആക്രമണ മനോഭാവത്തോടെ പെരുമാറുകയും ചെയ്ത ചില മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് പ്രത്യേക താല്‍പര്യങ്ങളോടെ സമ്മേളനത്തിലെത്തുന്നവരെക്കുറിച്ചുള്ള ദീദിയുടെ പരാമര്‍ശം. ‘മറ്റുദ്ദേശങ്ങളോടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ മാപ്പെ’ന്നും ദീദി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

‘പൊതുവേ സ്ത്രീകളുടെ ശബ്ദവും ഉറച്ച നിലപാടുകളുമുയരുമ്പോള്‍ നമ്മള്‍ പൊതു സമൂഹം എന്നുവിളിക്കുന്ന ഈ ആണധികാര വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന പ്രശ്നം അവിടെയുണ്ടായിരുന്നു. അതിനു പുറമേ, ചില പ്രത്യേക താല്‍പര്യങ്ങളോടെ വന്നിരുന്നിട്ട്, ഈ സ്ത്രീകളെ എങ്ങിനെ തകര്‍ക്കാം എന്ന വിചാരത്തോടെയിരിക്കുന്ന കുറച്ചാളുകളും ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയതും, ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. ഇതെല്ലാം നേരിടാന്‍ തയ്യാറായിത്തന്നെയാണല്ലോ നമ്മളും എത്തുന്നത്. ഇത്തരക്കാരുടെ പെരുമാറ്റത്തില്‍ ദുഃഖവും ബുദ്ധിമുട്ടും ഉണ്ടന്നല്ലാതെ അത്ഭുതം ഒട്ടുമില്ല.

കൃത്യമായി ഐഡിന്റിഫൈ ചെയ്യാന്‍ സാധിക്കുന്ന ഒരു കൂട്ടമാണ് ഇത്തരത്തില്‍ ആക്രമിച്ച് ചോദ്യം ചോദിച്ചത്. എനിക്കറിയാവുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്തിനാണ് അവരതു ചെയ്യുന്നതെന്നും എനിക്കറിയാവുന്നതാണ്. ഏതെല്ലാം ആളുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നതെന്ന് പിന്നീട് പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തതാണ്. ഫാന്‍സ് അസോസിയേഷന്‍ പത്രക്കാരുടെയിടയില്‍ ഉണ്ടാകാന്‍ പാടില്ല എന്നൊന്നും പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ. എന്തു പ്രശ്നമുണ്ടായാലും ഫാന്‍സിനെ ഇറക്കുന്ന പ്രവണത മുന്‍പും കണ്ടിട്ടുണ്ടല്ലോ.’ മാധ്യമപ്രവര്‍ത്തകരുടെ നിലപാടിനെക്കുറിച്ച് ദീദി പറയുന്നു.

ചാര്‍ജ്ഷീറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു കേസില്‍, കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന തരത്തില്‍ പെരുമാറുന്ന എ.എം.എം.എ, ആക്രമണത്തെ അതിജീവിച്ച നടിക്കനുകൂലമായി തീരുമാനങ്ങളെടുക്കാന്‍ ഒരു കാലത്തും തയ്യാറായിരുന്നില്ലെന്നും ദീദി ചൂണ്ടിക്കാണിക്കുന്നു. കുറ്റാരോപിതനൊപ്പം നില്‍ക്കുകയും, അത്തരമൊരു സ്പേസിനകത്ത് തുടരാന്‍ സാധിക്കാതെ അതിജീവിച്ച നടിയടക്കമുള്ളവര്‍ പുറത്തുപോകേണ്ടിവന്ന സാഹചര്യമൊരുക്കുകയുമാണ് എ.എം.എം.എ ചെയ്തിട്ടുള്ളത് – ദീദി വ്യക്തമാക്കുന്നു. എ.എം.എം.എ നേതൃത്വം കുറ്റാരോപിതനായ നടനൊപ്പം തന്നെയാണെന്നാണോ മനസ്സിലാക്കേണ്ടത് എന്ന ചോദ്യത്തിന് അതില്‍ എന്തെങ്കിലും സംശയമുണ്ടോയെന്നായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം. ‘അദ്ദേഹം അകത്തും പെണ്‍കുട്ടി പുറത്തും നില്‍ക്കുന്ന ഒരു സംഘടനയല്ലേ അത്. നമ്മളായിട്ട് പറയണ്ട കാര്യമില്ലല്ലോ. നേതൃത്വം ആര്‍ക്കൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.’

നടനെതിരായി നടപടിയെടുക്കുന്ന വിഷയത്തില്‍ സംഘടന കാണിച്ചിട്ടുള്ള ഇരട്ടത്താപ്പ് തന്നെ ഇക്കാര്യത്തില്‍ വ്യക്തമാണ്. നിലവില്‍ നടനെതിരെ നടപടിയെടുക്കാന്‍ ജനറല്‍ ബോഡി ചേര്‍ന്ന് തീരുമാനിക്കണമെന്നു ശഠിക്കുന്ന സംഘടന പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് തിലകനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത് എക്സിക്യുട്ടീവ് കമ്മറ്റിയുടെ പ്രത്യേക മീറ്റിംഗിലായിരുന്നു. ‘സംഘടന ആളുകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എക്സിക്യൂട്ടിവ് കമ്മറ്റിയില്‍ നിന്നും ഒരാളെ പുറത്താക്കിയാല്‍ അത് റിവോക് ചെയ്യണമെങ്കില്‍, ഒരു ഡിസിപ്ലിനറി കമ്മറ്റിയെ വയ്ക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ ബൈലോയില്‍ പറഞ്ഞിരിക്കുന്നത്. ഈ ഡിസിപ്ലിനറി കമ്മറ്റിയുടെ നിരീക്ഷണത്തില്‍ പുറത്താക്കപ്പെട്ട വ്യക്തി നിരപരാധിയാണെന്നു തെളിഞ്ഞാല്‍, അദ്ദേഹത്തെ തിരിച്ചെടുക്കേണ്ട തീരുമാനവും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അധികാരപരിധിയില്‍ത്തന്നെ വരുന്നതാണ്. ഇത് ഒരു തരത്തിലും ജനറല്‍ കൗണ്‍സിലിലേക്ക് പോകുന്നേയില്ല.’

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു സാഹചര്യം കൊണ്ടുവരാനായി ഈ ബൈലോകളില്‍ നിയമോപദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവും ഡബ്ല്യു.സി.സി മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിനോടനുബന്ധമായി, ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷന്‍ നിലവില്‍ കൃത്യമായിത്തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും ദീദി സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിന്റെ സ്വന്തം മൊല്ല ഒമര്‍മാര്‍

‘ഹേമ കമ്മീഷന്‍ ഒരു പഠന കമ്മറ്റിയാണ്. വിഷയം പഠിച്ച് അതില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനാകും എന്ന് കണ്ടെത്തലാണ് അവരുടെ ദൗത്യം. അവര്‍ എന്‍ക്വയറി നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ എല്ലാവരെയും ബന്ധപ്പെടുന്നുണ്ട്. എല്ലാവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്. ആളുകളുടെ പേരടക്കം വ്യക്തമാക്കിക്കൊണ്ടാണ് കമ്മറ്റിക്കു മുന്നില്‍ എല്ലാവരും അനുഭവിച്ച അതിക്രമങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ നേച്ചറുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുവരില്ലെന്ന ഉറപ്പുള്ളതു കാരണം എല്ലാവരും തുറന്നു സംസാരിക്കുന്നുമുണ്ട്.’

ഓരോരുത്തരുടെയും ഒഴിവനുസരിച്ച് ഗ്രൂപ്പുകളായി കമ്മീഷനോടു സംസാരിക്കാനെത്തുന്നുണ്ടെന്നും, ഈ വിവരശേഖരണം ഇപ്പോഴും തുടരുകയാണെന്നും ദീദി പറയുന്നു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ടാണ് മുന്നോട്ടു പോകാത്തതെന്ന വേവലാതി നേരത്തേ എല്ലാവര്‍ക്കുമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. കമ്മീഷന്‍ വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.

താരരാജാക്കന്മാരെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇത്ര കൃത്യമായ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഡബ്ല്യു.സി.സിയിലെ സ്ത്രീകള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബോധ്യമുണ്ട്. അത് ശബ്ദിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള പൊതുബോധത്തിന്റെ ഭാഗമാണ്. ഈ പത്രസമ്മേളനം കാരണം മാത്രം ഇതുവരെ ഉണ്ടായതില്‍ക്കൂടുതല്‍ ദുരനുഭവങ്ങളുണ്ടാകാന്‍ പോകുന്നില്ലെന്നും ദീദി കൂട്ടിച്ചേര്‍ത്തു.

#MeToo: ആരോപണങ്ങൾ നിഷേധിച്ച് എംജെ അക്ബർ: തെരഞ്ഞെടുപ്പിനു മുമ്പ് കൊടുങ്കാറ്റ് അഴിച്ചുവിടുന്നെന്ന് പ്രത്യാരോപണം; നിയമനടപടിയെടുക്കും

പുടിന്റെ ‘ഇരുമ്പുമറ’യില്‍ തുള വീഴ്ത്തുന്ന സൈബീരിയയിലെ കമ്മ്യൂണിസ്റ്റ് പോരാളി

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍