UPDATES

പ്രവീണ്‍ തൊഗാഡിയ ഭയക്കുന്ന വ്യാജ ഏറ്റുമുട്ടല്‍; മോദി-അമിത് ഷാ സംഘം പേടിക്കുന്ന തൊഗാഡിയ

ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട രഹസ്യ ചര്‍ച്ചകളും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമെല്ലാം തുറന്നുകാട്ടുന്ന പുസ്തകം രണ്ട് മാസത്തിനകം പുറത്തിറക്കാനാണ് തൊഗാഡിയ ശ്രമിക്കുന്നത്

നരേന്ദ്ര മോദിയെക്കാള്‍ വലിയ വര്‍ഗ്ഗീയവാദിയെന്നാണ് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2015ല്‍ കേരളത്തില്‍ എത്തി വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിട്ടപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും മലയാളികള്‍ ആ വര്‍ഗ്ഗീയ വാദത്തിന്റെ ചൂട് നേരിട്ട് അറിഞ്ഞതുമാണ്. ‘എസ്എന്‍ഡിപിയ്‌ക്കെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ നൂറ് കോടി ഹിന്ദുക്കള്‍ അവര്‍ക്കെതിരെ ശബ്ദിക്കണമെന്നായിരുന്നു തൊഗാഡിയ അന്ന് പറഞ്ഞത്. മിശ്ര വിവാഹത്തിനെതിരെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തൊഗാഡിയ നടത്തിയ പ്രസംഗത്തിലാണ് വര്‍ഗ്ഗീയ സംഘര്‍ഷത്തിനുള്ള ആഹ്വാനം നിറഞ്ഞു നിന്നത്. മിശ്രവിവാഹം ക്രിസ്ത്യന്‍ വിശ്വാസത്തിന് എതിരാണെന്നും ലവ് ജിഹാദും എസ്എന്‍ഡിപിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്നുമാണ് ബിഷപ്പ് പറഞ്ഞത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്ര മുഖമായ ആ തൊഗാഡിയയാണ് ഇന്ന് ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടായിരിക്കുന്നത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും ബിജെപി സര്‍ക്കാരുകള്‍ തന്നെ വേട്ടയാടുന്നുവെന്നും വ്യാജ ഏറ്റുമുട്ടലില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും തൊഗാഡിയ വെളിപ്പെടുത്തിയതോടെ സംഘപരിവാര്‍ കുടുംബത്തിലെ ഭിന്നത പുറത്തായിരിക്കുകയാണ്. മോദി ഭരണത്തില്‍ വിഎച്ച്പി നേതാക്കള്‍ പോലും സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തല്‍ ആര്‍എസ്എസിനെയും ആശങ്കയിലാക്കുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തൊഗാഡിയയും ബിജെപിയും തമ്മിലുള്ള ഭിന്നത ഏകദേശം വ്യക്തമായതാണ്. ഗുജറാത്തില്‍ ചില ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ തൊഗാഡിയ ശ്രമിച്ചുവെന്നതിന് തെളിവ് ആര്‍എസ്എസിന് കൈമാറിയത് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെയാണ്. തൊഗാഡിയയുടെ പൂര്‍ണമാകാറായ പുസ്തകം രാജ്യത്ത് രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്ന് ഐബി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്. ഹിന്ദുത്വ പാര്‍ട്ടിയെന്ന ബിജെപിയുടെ ലേബല്‍ തകര്‍ക്കുന്നതായിരിക്കും പുസ്തകമെന്നാണ് ഐബിയുടെ മുന്നറിയിപ്പ്. ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട രഹസ്യ ചര്‍ച്ചകളും ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമെല്ലാം തുറന്നുകാട്ടുന്ന പുസ്തകം രണ്ട് മാസത്തിനകം പുറത്തിറക്കാനാണ് തൊഗാഡിയ ശ്രമിക്കുന്നത്. ഇതു തടയുന്നതിനായി തൊഗാഡിയയെ ജയിലിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിഎച്ച്പി ആരോപിക്കുന്നു.

സംഘപരിവാറിന്റെ അച്ചടക്കത്തെക്കാള്‍ പ്രധാനം ഹിന്ദുത്വ അജണ്ടയാണെന്ന നിലപാടുള്ളയാളാണ് തൊഗാഡിയ. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക, ആയോധ്യയിലെ ശ്രീരാമക്ഷേത്രം പെട്ടെന്ന് നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിഎച്ച്പി മാര്‍ച്ചില്‍ പ്രക്ഷോഭം ആരംഭിക്കാനിരിക്കുകയാണ്. തൊഗാഡിയയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് ആര്‍എസ്എസ് ഉന്നത നേതൃത്വം നടത്തിയ അഭ്യര്‍ത്ഥന തൊഗാഡിയ നിരസിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ തൊഗാഡിയയെ ഏത് വിധേനയും നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

ആര്‍എസ്എസ് കാലത്ത് തൊഗാഡിയയ്ക്ക് പോലും രക്ഷയില്ല: പിണറായി വിജയന്‍

ഇതുകൂടാതെ ഗുജറത്താലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായി തൊഗാഡിയയ്ക്കുള്ള അടുത്ത ബന്ധവും നരേന്ദ്ര മോദിയെ ഇദ്ദേഹത്തിനെതിരാക്കിയിട്ടുണ്ട്. ബിജെപി വിരുദ്ധ നേതാവായി ഹാര്‍ദ്ദിക്കിനെ രംഗത്തിറക്കിയതില്‍ തൊഗാഡിയയ്ക്കുള്ള പങ്ക് മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുവരും ഇക്കാര്യം ആര്‍എസ്എസ് നേതൃത്വത്തോട് പരാതിയായും ഉന്നയിച്ചതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട ശക്തമായ വെല്ലുവിളിയ്ക്ക് കാരണം തൊഗാഡിയയുടെ അണിയറ നീക്കങ്ങളാണെന്നാണ് ഇരുവരുടെയും വിലയിരുത്തല്‍.

തൊഗാഡിയ എപ്പോഴും ഒരു ഭീരു: എന്‍ എസ് മാധവന്‍

ആര്‍എസ്എസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ ഒത്തുകളികള്‍ക്കെതിരെ ഇദ്ദേഹം പലപ്പോഴും വിമര്‍ശനം ഉന്നയിക്കാറുമുണ്ട്. കറകളഞ്ഞ ഹിന്ദുത്വവാദിയാണെങ്കിലും കൊലപ്പെടുത്താന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം അതിനാല്‍ തന്നെ അവഗണിക്കാന്‍ കഴിയില്ല. ജനസംഘത്തിന്റെ സ്ഥാപകനായ ദീന്‍ ദയാല്‍ ഉപാധ്യയയുടെ ദുരൂഹ മരണത്തിന് പിന്നില്‍ സംഘടനയിലെ ചില നേതാക്കള്‍ തന്നെയാണെന്ന് അദ്ദേഹത്തോടൊപ്പം സംഘടനയിലുണ്ടായിരുന്ന ബല്‍രാജ് മേധോക്ക് തന്റെ ജീവചരിത്രത്തില്‍ പറയുന്നു. ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷി, ഗുജറാത്തിലെ മന്ത്രിയായിരുന്ന ഹരേണ്‍ പാണ്ഡ്യ എന്നിവരും കൊല്ലപ്പെടുകയായിരുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും സംഘപരിവാറിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. കൂട്ടത്തിലുള്ളവരെയും കൊലപ്പെടുത്തുന്ന ചരിത്രം സംഘപരിവാറിനുള്ളതിനാല്‍ തന്നെ തൊഗാഡിയയുടെ ആരോപണങ്ങളെ നിസാരമായി തള്ളിക്കളയാനാകില്ല.

പ്രവീണ്‍ തൊഗാഡിയയുടെ അറസ്റ്റും കാണാതാകലും; ബിജെപി-വിഎച്പി പോരിന്റെ പൊട്ടിത്തെറിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍