UPDATES

ട്രെന്‍ഡിങ്ങ്

അവള്‍ മാലാഖ തന്നെ; മഹത്വവല്‍ക്കരിക്കേണ്ടിടത്ത് അങ്ങനെ ചെയ്യുക തന്നെ വേണം: ദീപ നിശാന്ത്

തന്റെ അസാന്നിധ്യത്തെ പ്രിയപ്പെട്ടവര്‍ എങ്ങനെ മറികടക്കുമെന്ന വേവലാതി… അവര്‍ തനിച്ചാകരുതെന്ന കരുതല്‍… എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്..

നിപ വൈറസ് പനി ബാധിച്ചവരെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ വിയോഗം നഴ്സിംഗ് തൊഴിലാളികളുടെ തൊഴില്‍ സ്വഭാവത്തെ കുറിച്ചുള്ള വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ലിനിയുടെ മരണത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് പങ്കുണ്ടെന്ന വിമര്‍ശനം ശക്തമാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാത്തതാണ് മരണ കാരണം എന്നാണു പ്രധാന ആരോപണം. അതേ സമയം നഴ്സിംഗ് മറ്റേതു തൊഴില്‍ മേഖലയും പോലെ വേതനത്തിന് വേണ്ടി മാത്രം ഉള്ളതാണെന്നും സേവനത്തിനു പ്രസക്തി ഇല്ലെന്നു അഭിപ്രായം ഉള്ളവരും ഉണ്ട്. സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയില്‍ അധ്യാപികയും, എഴുത്തുകാരിയും ആയ ദീപ നിഷാന്ത് കുറിച്ചിട്ട വരികള്‍ ഇപ്രകാരം ആണ്.

‘മരിച്ചു കിടക്കുമ്പോള്‍ പോലും, ‘എനിക്കാരുണ്ട്?”, ”ഞങ്ങള്‍ക്കാരുണ്ട്?”, എന്ന നിലവിളികള്‍ മാത്രമേ മരണവീട്ടില്‍ നിന്നും കേട്ടിട്ടുള്ളൂ.. ഒറ്റക്കൊരാള്‍ ഈ ഭൂമിയില്‍ നിന്നും കടന്നു പോകുമ്പോള്‍, അയാള്‍ക്കാരുണ്ട്? എന്ന ആകുലതയൊന്നും നിലവിളികളില്‍ കാണാറില്ല… ലിനി വ്യത്യസ്തയാകുന്നതും അവിടെയാണ്. തന്റെ അസാന്നിധ്യത്തെ പ്രിയപ്പെട്ടവര്‍ എങ്ങനെ മറികടക്കുമെന്ന വേവലാതി… അവര്‍ തനിച്ചാകരുതെന്ന കരുതല്‍… എത്ര ഉജ്ജ്വലമായ മരണക്കുറിപ്പായിരുന്നു അത്.. മരണമടുത്തെത്തുമ്പോഴും, അത് തിരിച്ചറിയുമ്പോഴും ഇത്ര സമചിത്തതയോടെ അതിനെ നേരിടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല..

വേണ്ടത്ര മുന്‍കരുതലില്ലാത്തതു കൊണ്ടാണ് ലിനി മരണപ്പെട്ടത്, അതിനെ മഹത്വവത്കരിക്കേണ്ടതില്ല എന്നൊക്കെയുള്ള മഹദ് വചനങ്ങള്‍ കണ്ടു.. നേഴ്‌സിങ്ങ് വേതനമുള്ള തൊഴില്‍ മാത്രമാണ്, സേവനമല്ല എന്ന വാക്കുകളും കേട്ടു. ലിനിയുടെ മരണം മഹത്വവത്കരിക്കേണ്ട ഒന്നു തന്നെയാണ്. ലിനിയെപ്പോലുള്ളവരുടെ സേവനത്തെ ‘ വേതനത്തിനു വേണ്ടി മാത്രം ചെയ്യുന്ന തൊഴിലായി ‘അധിക്ഷേപിക്കരുത്. നേഴ്‌സിങ്ങിനെ ഒരു മോശം തൊഴിലായി കാണുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലിപ്പോഴുമുണ്ട്. നേഴ്‌സുമാരുടെ ‘കൊടും ക്രൂരതകളെപ്പറ്റി ‘ വീഡിയോ ഇറക്കിക്കളിക്കുന്നവരുണ്ട്. ഉറക്കം പോലുമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുമാരെയും ഡോക്ടര്‍മാരേയും ചേര്‍ത്ത് ഗോസിപ്പ് കഥകളിറക്കി ആനന്ദമൂര്‍ച്ഛയടയുന്ന വികൃതജന്മങ്ങളുണ്ട്… അവരെപ്പോലുള്ളവരൊക്കെ തിരിച്ചറിയണം.. ഈ തൊഴിലിന്റെ മഹത്വം.. അതിന് അവരെ അല്‍പ്പം മഹത്വവല്‍ക്കരിച്ചാലും തെറ്റില്ല!’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍