UPDATES

ട്രെന്‍ഡിങ്ങ്

സംഗീത നാടക അക്കാദമിയില്‍ നിന്ന് കെപിഎസി ലളിതയെ പുറത്താക്കണമെന്ന് ദീപന്‍ ശിവരാമന്‍; അടൂര്‍ ഭാസിയെ ഓര്‍മ്മയുണ്ടോ എന്ന് ദീപ നിശാന്ത്

കെപിഎസി ലളിതയുടെ ജയില്‍ സന്ദര്‍ശനം ദിലീപിനെ അനുകൂലിച്ച് കൊണ്ടുള്ള പ്രസ്താവനയാണ്. ലളിതയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇനി അവര്‍ക്ക് ധാര്‍മ്മികമായി അര്‍ഹതയില്ലെന്നും ദീപന്‍ ശിവരാമന്‍ അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍, എഴുത്തുകാരി ദീപ നിശാന്ത് തുടങ്ങിയവരാണ് ലളിതയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ പുറത്താക്കണമെന്ന് ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടു.

ബലാത്സംഗ കേസില്‍ പ്രതിയായ ഒരാളെ ജയിലില്‍ പോയി കണ്ട് പിന്തുണ അറിയിച്ചത് വൃത്തികെട്ട നടപടിയായിപ്പോയി. ലളിതയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അക്കാദമി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇനി അവര്‍ക്ക് ധാര്‍മ്മികമായി അര്‍ഹതയില്ലെന്നും ദീപന്‍ ശിവരാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ നാടകസമൂഹം ലളിതയുടെ നിലപാടിനെ തള്ളിക്കളയണമെന്നും ദീപന്‍ ആവശ്യപ്പെട്ടു.

കെപിഎസി ലളിത ദിലീപിനെ ന്യായീകരിച്ച് ഒന്നും പറഞ്ഞില്ലെങ്കില്‍ പോലും അവരുടെ ജയില്‍ സന്ദര്‍ശനം തന്നെ ദിലീപിനെ അനുകൂലിച്ച് കൊണ്ടുള്ള പ്രസ്താവനയാണെന്ന് ദീപന്‍ ശിവരാമന്‍ അഴിമുഖത്തോട് പറഞ്ഞു. “കെപിഎസി ലളിത കേരളത്തിലെ സിനിമ, നാടക വേദികളില്‍ വളരെ ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരിയാണ്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന് പറഞ്ഞാല്‍ കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പിന്‍റെ നോമിനിയാണ് അവര്‍. ഞങ്ങളെപോലെയുള്ള നാടകപ്രവര്‍ത്തകരെയൊക്കെ അവര്‍ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തരമൊരു കേസില്‍ ഉള്‍പ്പെട്ടയാളെ അവര്‍ പിന്തുണക്കുക എന്ന് പറയുന്നത് കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

ദീപന്‍ ശിവരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

കെപിഎസി ലളിതയ്ക്ക് ദിലീപുമായി വ്യക്തിപരമായ ബന്ധമുണ്ടാകും. അതിനെയൊന്നും തള്ളിക്കളയുന്നില്ല. പക്ഷെ പൊതു അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് വ്യക്തിബന്ധങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഈ പറയുന്ന നടനുമായി സാംസ്കാരിക വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ട് എന്ന് കരുതുക. എന്ന് വച്ച് സാംസ്കാരിക മന്ത്രി ഇതുപോലെ അദ്ദേഹത്തെ ജയിലില്‍ പോയി കാണാന്‍ പാടില്ല. അവര്‍ക്ക് ദിലീപിന് ജാമ്യം കിട്ടിയതിന് ശേഷം പോയി കാണാം. അല്ലെങ്കില്‍ ഈ കേസില്‍ ഒരു തീരുമാനം ആവാന്‍ കാത്തിരിക്കാം. ഇത് ചെറിയൊരു കേസല്ല. ലൈംഗിക പീഡനം സംബന്ധിച്ച പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കലാകാരന്മാര്‍ക്ക് ബാധ്യതയുണ്ട്. ഇരയോടൊപ്പം നില്‍ക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. എന്‍റെ പോസ്റ്റിനെ അനുകൂലിക്കുന്നതായി നാടകമേഖലയിലെ പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടക് എന്നൊരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് നാടക് കൂട്ടായ്മയുമായി നേരിട്ട് ബന്ധമില്ല. അവര്‍ ഇക്കാര്യത്തില്‍ അവരുടെ അഭിപ്രായം പറയുമെന്നാണ് ഞാന്‍ കരുതുന്നത്. സമാന അഭിപ്രായമുള്ള നാടക സംവിധായകര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഒരു പക്ഷെ ഒരു പ്രസ്താവന ഇറക്കിയേക്കാം“- ദീപന്‍ വ്യക്തമാക്കി.

നടന്‍ അടൂര്‍ ഭാസിയില്‍ നിന്നുള്ള ദുരനുഭവം സംബന്ധിച്ച് കെപിഎസി ലളിത  മുമ്പ് പറഞ്ഞത് ഓര്‍മ്മിപ്പിച്ചാണ് ദീപ നിശാന്തിന്‍റെ പോസ്റ്റ്‌. ‘കഥ തുടരും’ എന്ന കെപിഎസി ലളിതയുടെ ആത്മകഥയില്‍ അടൂര്‍ ഭാസിയെക്കുറിച്ച് പറയുന്ന ഭാഗമാണ് ദീപ നിശാന്ത് ഉദ്ധരിക്കുന്നത്. സിനിമയിൽ എല്ലാ കാലത്തും സ്ത്രീകൾ അനുഭവിച്ചിരുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് സ്വന്തം അനുഭവത്തിലൂടെ കെപിഎസി ലളിത വിരൽ ചൂണ്ടുന്നതെന്നും സിനിമ എപ്പോഴും പുരുഷൻ്റെ കൈയിലായിരുന്നു എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തും വിധമായിരുന്നു അതിൻ്റെ രൂപകൽപ്പനയെന്നും ദീപ പറയുന്നു. കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെപിഎസി ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അയാൾക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എംഎൽഎമാരായ ഗണേഷ് കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെ തന്നെയാണെന്നും ദീപ നിശാന്ത് അഭിപ്രായപ്പെടുന്നു.

കെ.പി.എ.സി ലളിതയുടെ വ്യക്തി ബന്ധങ്ങളെയോ അവരുടെ വൈകാരിക പ്രകടനങ്ങളെയോ ചോദ്യം ചെയ്യാനുള്ള അധികാരം തനിനിക്കില്ലെന്നും അതിനല്ല ശ്രമിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയ ദീപ, ഒരു ജനതയെ സ്വാധീനിക്കും വിധം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി പക്ഷപാതപരമായി ഇടപെടുന്നത് കാണുമ്പോഴാണ് വിഷമമെന്നും മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. “ഇപ്പുറത്ത് ഒരു പെൺകുട്ടിയുണ്ട്. ഇതേ ഇൻഡസ്ട്രിയുടെ ഭാഗമാണ് അവളും. അവൾക്കായി ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപ് സിനിമാ മേഖലയിലുള്ളവർ ഒരു ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു എന്നതിനപ്പുറം ഒരു വൈകാരിക പിന്തുണയും നൽകിയതായി അറിവില്ല. [അന്വേഷിച്ച് ബോധ്യപ്പെട്ട കാര്യമാണ്]. നേരെ മറിച്ച് അവൾക്കൊപ്പം നിന്നവരെ അവഹേളിക്കുന്ന സമീപനമാണ് പലരിൽ നിന്നും ഉണ്ടായത്. അവൾ ഇൻ്റർവ്യൂവിൽ പ്രത്യക്ഷപ്പെട്ട് ആത്മാഭിമാനത്തോടെ സംസാരിക്കുന്നതും തൊഴിലെടുക്കുന്നതും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതുമെല്ലാം വലിയ കുറ്റകൃത്യമാണ് ചിലർക്ക്. നമ്മുടെ സോകോൾഡ് പീഡനക്കേസുകളിലെ പെൺകുട്ടിയുടെ ഭാവഹാവാദികളല്ല അവൾക്ക്. ഇരയായി മാളത്തിലൊളിക്കാതെ, സ്വന്തം പേരും മുഖവും മേൽവിലാസവും വെച്ച് നിയമപരമായി തനിക്കേറ്റ അപമാനത്തിനെതിരെ പ്രതികരിച്ച ഒരു പെൺകുട്ടിയുടെ മനോവീര്യം തകർക്കും വിധം പെരുമാറുമ്പോൾ ഒന്നോർത്താൽ മതി. അവളുടെ സ്ഥാനത്ത് നാളെ നമ്മളാരുമാകാം. അവൾ പരാജയപ്പെട്ടാൽ കുറേ പെൺകുട്ടികൾ പരാജയപ്പെടും. ഒരു പരാതി കൊടുക്കാൻ പോലും തയ്യാറാവാത്തവിധം മൗനത്തിൻ്റെ മറയിലൊളിക്കും. തൊഴിലിടത്തിൽ നിന്നു മടങ്ങുമ്പോൾ ആർക്കും തളളിത്തുറന്ന് കയറാവുന്നത്ര ഉറപ്പേ നമ്മുടെ അടച്ചിട്ട വാതിലുകൾക്കുള്ളൂ. ആർക്കും നമ്മുടെ നഗ്നത പകർത്തിയെടുക്കാം. അത് ആർക്കും കൈമാറി നമ്മെ ബ്ലാക് മെയിൽ ചെയ്യാം.. ഒരു പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച വിഷയം ചർച്ച ചെയ്യുമ്പോൾ അതിനെ ന്യൂനോക്തികൾ കൊണ്ട് തകർക്കരുത്”– അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍