ഡല്‍ഹി പുസ്തകമേളയില്‍ ആസൂത്രിതമായി തന്നെ ഇത്തവണ ആര്‍എസ്എസ് ഇടപെട്ടിരുന്നുവെന്നാണ് പറയുന്നത്
മുസ്ലിം, ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാനായി ഈ വര്‍ഷത്തെ ന്യൂഡല്‍ഹി പുസ്തക മേളയെ ഉപയോഗിച്ചെന്ന് ആര്‍എസ്എസ്. ലൗ ജിഹാദ് വിഷയമാക്കി ആര്‍.എസ്.എസ് തന്നെ ഇറക്കിയ പുസ്തകത്തിന്റെ അമ്പതിനായിരത്തിലധികം കോപ്പികള്‍ വിറ്റു പോയിരിക്കെയാണ് ഈ ആരോപണം. അത്ര തന്നെ ഓര്‍ഡറുകളും ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 6 ന് തുടങ്ങിയ പുസ്തക മേളയില്‍ ആസൂത്രിതമായി തന്നെ ആര്‍.എസ്സ്.എസ് ഇടപെട്ടിരുന്നു. വലത് സാംസ്‌കാരിക ദേശീയവാദത്തിന്റെ തലതൊട്ടപ്പന്‍മാരായ ഇവര്‍ 12 ‘ദേശീയവാദി’ പ്രസാധകരെയാണ് ഒരു കുടക്കീഴില്‍ അണിനിരത്തിയത്. ഇന്ത്യന്‍ ദേശീയതയെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഈ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ‘രാഷ്ട്രീയ സാഹിത്യ സംഗമം’ എന്നായിരുന്നു മേളയ്ക്കകത്തെ ഈ മേളയുടെ പേര്.
ഭോപ്പാലുകാരിയായ വന്ദന ഗാന്ധി എന്ന അദ്ധ്യാപിക എഴുതിയ ‘ഏക് മുഖൗത്ത ഐസാ ഭി’ (ഇത് പോലൊരു മുഖംമൂടി) എന്ന പുസ്തകമാണ് ഈ സംഗമത്തിന്റെ സ്റ്റാളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റ് പോയതെന്ന് ആര്‍.എസ്.എസ് അവകാശപ്പെടുന്നു. ലൗ ജിഹാദാണ് ഈ പുസ്തകത്തിന്റെ വിഷയം. മുസ്ലിം പുരുഷന്‍മാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചും വിവാഹം കഴിച്ചും മതം മാറ്റുന്നുണ്ടെന്ന ആര്‍.എസ്.എസ് ആരോപണമാണ് ലൗ ജിഹാദ്. ഭോപ്പാലില്‍ നിന്ന് തന്നെയുള്ള അര്‍ച്ചന പ്രകാശ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകന്‍. പ്രമുഖ ആര്‍.എസ്.എസ് നേതാവായ നന്ദ്കുമാര്‍ ആയിരുന്നു ഇതിന്റെ പ്രകാശനം നിര്‍വഹിച്ചത്.
പക്ഷേ ആര്‍.എസ്.എസ് ആകുലതപ്പെടുന്നത് ”മേളയക്കകത്ത് പരസ്യമായി വിതരണം ചെയ്ത’ ‘ലക്ഷ’ക്കണക്കിന് ഖുറാന്റെയും ബൈബിളിന്റെയും പുറകിലുള്ള വരുമാന സ്രോതസിനെ കുറിച്ചാണ്.
”പുസ്തക മേളക്കകത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഇരുപതോളം സ്റ്റാളുകള്‍ വഴി ലക്ഷക്കണക്കിന് ഖുറാനും ബൈബിളുമാണ് സൗജന്യമായി വിതരണം ചെയ്തിരുന്നത്. ഞങ്ങള്‍ ഒരു പുസ്തകത്തില്‍ നിന്നും ലാഭം എടുക്കുന്നില്ല. അവയുടെ യഥാര്‍ത്ഥ വിലക്കാണ് വിറ്റ് പോരുന്നത്. എന്റെ ചോദ്യം ഇതാണ്, ഈ മതഗ്രന്ഥങ്ങളൊക്കെ സൗജന്യമായി വിതരണം ചെയ്യാനുള്ള പണം എവിടെ നിന്നാണ്? ആരാണ് ഇവരുടെ സാമ്പത്തിക സ്രോതസ്? എണ്ണൂറ് പേജുള്ള ഖുറാനാണ് പ്രിന്റ് ചെയ്ത് ഒറ്റ പൈസ ഈടാക്കാതെ നല്‍കുന്നത്.” ആര്‍.എസ്.എസ് ഡല്‍ഹി പ്രചാര്‍ പ്രമുഖ് രാജീവ് തുലി ആരോപിച്ചു.
”പ്രദര്‍ശിപ്പിക്കേണ്ട പുസ്തകങ്ങളുടെ ആധിക്യം മൂലം മേള നടക്കുന്ന പ്രഗതി മൈതാനില്‍ പത്ത് സ്റ്റാളുകള്‍ വാടകക്ക് എടുക്കേണ്ടി വന്നു. ആര്‍.എസ്സ്.എസ്സ് നെ അടുത്തറിയാനും അതിനെ കുറിച്ച് വായിക്കാനും താത്പര്യമുള്ള ആളുകളുടെ, പ്രത്യേകിച്ചും യുവജനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തെലുങ്ക്, മലയാളം, ഒറിയ തുടങ്ങി പല ഭാഷകളില്‍ നിന്നായുള്ള ഇത്തരം പുസ്തകങ്ങള്‍ ഒരു പാട് തിരച്ചിലൊഴിവാക്കി ഒറ്റ കുടക്കീഴില്‍ നിന്ന് വാങ്ങാനുള്ള സൗകര്യം ഉണ്ടാക്കിയിരുന്നു” തുലി കൂട്ടിച്ചേര്‍ത്തു.