UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹിയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ല; മലയാളി യുവാവിന്റെ സാക്ഷിമൊഴി

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതോടെ പുരുഷന്മാരും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്ന് പറയുമ്പോഴും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മ എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഏറെ പ്രതിസന്ധിയിലുമാക്കാറുണ്ട്.

ഡല്‍ഹിയിലെ നിര്‍ഭയ കേസിന് ശേഷമാണ് രാജ്യതലസ്ഥാനത്തെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്. തലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് അന്ന് ആരോപണങ്ങള്‍ വന്നത്. എന്നാലിപ്പോള്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതോടെ പുരുഷന്മാരും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഡല്‍ഹിയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ജെഫിന്‍ ചാക്കോ എന്ന മലയാളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇത് തെളിയിക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30-ഓടെ ഡിഫന്‍സ് കോളനിയില്‍ നിന്നും ലാജ്പത് നഗര്‍ മെട്രോ സ്‌റ്റേഷനില്‍ രണ്ട് സുഹൃത്തുക്കളെ യാത്രയാക്കാന്‍ തിരിച്ചതാണ് ജെഫിന്‍. സ്റ്റേഷന് മുന്നില്‍ പിരിയുന്നതിന് മുമ്പ് പുറത്ത് നല്ല മഴയായിരുന്നതിനാല്‍ ഇവര്‍ കാറിനുള്ളിലിരുന്ന് അല്‍പ്പ നേരം സംസാരിച്ചു. ഈ സമയത്ത് ആരോ ഒരാള്‍ തന്റെ കാറിന്റെ വിന്‍ഡോ ഗ്ലാസില്‍ മുട്ടിയതായി ജെഫിന്‍ പറയുന്നു. അപരിചിതരോട് സംസാരിക്കുന്ന പതിവ് രീതിയില്‍ ശബ്ദം മാത്രം പരസ്പരം കേള്‍ക്കാനാകുന്ന വിധത്തില്‍ കാറിന്റെ ഗ്ലാസ് അല്‍പ്പം മാത്രം താഴ്ത്തി.

തുടര്‍ന്ന് ഷര്‍ട്ടിടാത്ത ഒരു ക്ലീന്‍ഷേവ് ചെയ്ത വ്യക്തി എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ഇവരോട് ചോദിച്ചു. താന്‍ അനധികൃത സ്ഥലത്ത് പാര്‍ക്ക് ചെയ്തതിനാല്‍ സിവില്‍ ഡ്രസിലെത്തിയ പോലീസുകാര്‍ ചോദ്യം ചെയ്യുകയാണെന്ന് കരുതി ജെഫിന്‍, സുഹൃത്തുക്കളെ വിടാന്‍ എത്തിയതാണെന്നും ഇപ്പോള്‍ പോകുമെന്നും അറിയിച്ചു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നും പുറത്തിറങ്ങാനുമാണ് അപരിചിതന്‍ ആവശ്യപ്പെട്ടത്.

‘ആ ഒരു സമയത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴും ഖേദിക്കുന്നു. ഞാന്‍ ഗ്ലാസ് പൂര്‍ണമായും താഴ്ത്തിയതും അയാള്‍ ഒരു കൈത്തോക്ക് എന്റെ നെഞ്ചിന് നേരെ ചൂണ്ടി. അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.’ ജെഫിന്‍ പറയുന്നു. അതോടെയാണ് താന്‍ വലിയ അപകടത്തിലായെന്നും ബന്ദിയായി കഴിഞ്ഞെന്നും ഇദ്ദേഹം മനസിലാക്കുന്നത്. തന്റെ കയ്യില്‍ പണമൊന്നുമില്ലെന്ന് ജെഫിന്‍ അറിയിച്ചതോടെ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ കാറിലുണ്ടോയെന്നായി അപരിചിതന്റെ നോട്ടം. ജെഫിന്റെ കഴുത്തിലെ സ്വര്‍ണമാല കണ്ടതോടെ അതിന്റെ അത് പരിശോധിച്ച അക്രമി സ്മാര്‍ട്ട് ആകാന്‍ ശ്രമിച്ചാല്‍ സെക്കന്‍ഡുകളില്‍ നീ മരിച്ചുവീഴുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തന്റെ വിവാഹ മാലയാണെന്ന് ജെഫിന്‍ പറഞ്ഞെങ്കിലും അതോടെ ക്രുദ്ധനായ അക്രമി അടുത്തു തന്നെ നിന്ന തന്റെ സഹായിയെയും വിളിച്ചുവരുത്തി. രണ്ട് പേരും തനിക്ക് നേരെ തോക്ക് ചൂണ്ടി നിലയുറപ്പിച്ചതോടെ തന്റെ മരണമടുത്തുവെന്ന് തോന്നിയതായി ജെഫിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

താന്‍ ഭയന്നെന്ന് മനസിലാക്കിയ അക്രമി മാല വലിച്ചെടുത്ത് വണ്ടി വേഗം ഓടിച്ച് പോകാന്‍ ആവശ്യപ്പെട്ടു. തിരിഞ്ഞ് പോലും നോക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആ സമയത്ത് രക്ഷപ്പെട്ടത് ഭാഗ്യമെന്ന് കരുതി താന്‍ അതിവേഗതയില്‍ വണ്ടിയോടിച്ച് പോകുകയും ചെയ്തു. അതിന് ശേഷം പോലീസ് സ്‌റ്റേഷനും എഫ്‌ഐആറും അതോ എഫ്‌ഐആര്‍ ഇല്ലായ്മയോ ഒക്കെയായി നടന്നു. കേസുമായി പിന്നാലെ നടന്ന് ബുദ്ധിമുട്ടിയതിനെക്കുറിച്ചൊന്നും ഫേസ്ബുക്കില്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജെഫിന്‍ വ്യക്തമാക്കുന്നു.

ഇതില്‍ നിന്നെല്ലാം എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരിക്കലും അപരിചിതര്‍ക്കായി കാറിന്റെ വിന്‍ഡോ പൂര്‍ണമായും താഴ്ത്തി കൊടുക്കരുത്. മഴ പോലെ, മറ്റുള്ളവര്‍ക്ക് നിങ്ങളെ കാണാന്‍ പോലും ആകാത്ത സാഹചര്യത്തില്‍ വാഹനം നിര്‍ത്തിയിടരുത്. മഴ, ആഘോഷം, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ ശ്രദ്ധാലുക്കളാകണം. ‘അതേ ഞാന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് ഡല്‍ഹി പുരുഷന്മാര്‍ക്കുപോലും സുരക്ഷിതമല്ല എന്നു തന്നെയാണ്’ എന്ന് പറഞ്ഞാണ് ജെഫിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകനും സുഹൃത്തും ചേര്‍ന്ന് യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉത്തരേന്ത്യയില്‍ പുരുന്മാര്‍ പോലും സുരക്ഷിതരല്ലെന്ന വ്യക്തമായ സന്ദേശവും ജെഫിന്റെ പോസ്റ്റില്‍ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍