UPDATES

ട്രെന്‍ഡിങ്ങ്

പൊതുസ്ഥലത്ത് വച്ച് സൈനികനെ അടിച്ച സ്ത്രീ മാപ്പുപറഞ്ഞു

ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനെയാണ് വിവാഹം ചെയ്തതെന്നും 2008ല്‍ വിവാഹമോചിതയായെന്നും ഇവര്‍ പോലീസിനെ അറിയിച്ചു

ഡെല്‍ഹിയിലെ രാജോക്രി ഫ്‌ളൈ ഓവറിന് സമീപം പൊതുജനമധ്യത്തില്‍ വച്ച് സൈനികനെ അടിച്ച സ്ത്രീ മാപ്പ് പറഞ്ഞു. യൂണിഫോമിലുള്ള സൈനികനെ പൊതുസ്ഥലത്ത് വച്ച് മര്‍ദ്ദിച്ചതിന്റെ പേരില്‍ സ്ത്രീക്കെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ന്നത്. ഗുഡ്ഗാവ് സ്വദേശിയും 44കാരിയുമായ സമൃതി കല്‍റ ആണ് അറസ്റ്റിലായതിന് പിന്നാലെ മാപ്പ് പറഞ്ഞത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീരിച്ചതിന് പിന്നാലെ വൈറല്‍ ആയിരുന്നു. പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സെപ്തംബര്‍ 11ന് ഏകദേശം 1.30ഓടെയാണ് സംഭവമുണ്ടായത്. ദേശീയ സുരക്ഷ സേനയിലെ അംഗങ്ങള്‍ മനേസറിലെ സൈനിക ക്യാമ്പില്‍ നിന്നും നിസാമുദ്ദീന്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകുകയായിരുന്നു. രാജോക്രി ഫ്‌ളൈഓവറിന് സമീപത്ത് വച്ച് ഇവരെ മറികടന്ന യുവതി സൈനിക വാഹനത്തിന് മുന്നില്‍ കയറി സിഗ്‌സാഗ് ആകൃതിയില്‍ വണ്ടിയോടിക്കുകയും കടത്തി വിടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.

തിരക്കിട്ട് പോകുകയായിരുന്ന തങ്ങള്‍ തുടര്‍ച്ചയായി ഹോണ്‍ അടിച്ചപ്പോള്‍ സൈനികവാഹനത്തിന് മുന്നില്‍ പെട്ടെന്ന് കാര്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ തങ്ങള്‍ക്കും ട്രക്ക് നിര്‍ത്തേണ്ടി വന്നു. സൈനിക വാഹനത്തിന്റെ ഡ്രൈവര്‍ സ്മൃതിക്ക് അടുക്കലെത്തി വിശദീകരണം ചോദിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ കോളറിന് പിടിക്കുകയും അടിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ സാക്ഷി പറഞ്ഞിരിക്കുന്ന ഒരു സൈനികന്‍ പറയുന്നു. അവര്‍ സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഡ്രൈവര്‍ തിരികെ ട്രക്കിലേക്ക് മടങ്ങിയതോടെ ഇവര്‍ ട്രക്കിന്റെ വാതിലുകളില്‍ തന്റെ മുഷ്ടി ഉപയോഗിച്ച് തുടര്‍ച്ചയായി ഇടിച്ചു. ഈ സമയത്തെല്ലാം സൈനികര്‍ക്ക് നേരെ ആക്രോശിക്കുകയായിരുന്നു ഇവര്‍. ഇതുവഴി പോയ മറ്റൊരു യാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചത്. സ്ത്രീ ദേഷ്യത്തോടെ പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടും സൈനികര്‍ ശാന്തരായാണ് നിലകൊണ്ടത്. സ്ത്രീ കാറിലേക്ക് മടങ്ങുമ്പോള്‍ വീഡിയോ പകര്‍ത്തിയ വ്യക്തിയെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം.

ഗുഡ്ഗാവിലെ ഇവരുടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡിസിപി ചിന്‍മോയ് ബിസ്വാല്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരനെ ഡ്യൂട്ടിയ്ക്കിടെ മര്‍ദ്ദിച്ചതിനും അവരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഹോം സയന്‍സില്‍ ബിരുദധാരിയായ താന്‍ ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനെയാണ് വിവാഹം ചെയ്തതെന്നും 2008ല്‍ വിവാഹമോചിതയായെന്നും ഇവര്‍ പോലീസിനെ അറിയിച്ചു.

ഇവര്‍ ഇപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ഇവര്‍ മറ്റൊരു കാറിനെ മറികടക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ സൈനിക വാഹനം മൂലം അത് സാധിക്കാതെ വന്നതോടെ നിയന്ത്രണം നഷ്ടമാകുകയാണെന്നും പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍