സിനിമകളെയും കഥാപാത്രങ്ങളെയും ഇത്രമേല്‍ സ്‌നേഹിച്ച ഒരു മനുഷ്യന്റെ വേര്‍പാട് സിനിമ പ്രേമികളെ നൊമ്പരപ്പെടുത്താതിരിക്കുന്നതെങ്ങനെ!
സുഡാനിയിലെ ആ രംഗം പോലെ, തിരിഞ്ഞൊന്നു നോക്കാന്‍ നില്‍ക്കാതെ കൈവിശി യാത്ര പറഞ്ഞു പോയി, അബ്ദുള്ളാക്കയും. സിനിമയിലെക്കാള്‍ നൊമ്പരപ്പെടുത്തുന്നു, ജീവിതത്തിലെ ആ യാത്ര പറച്ചില്‍. എണ്ണിപ്പറയാന്‍ ഏറെയില്ലെങ്കിലും കണ്ടാല്‍ മറക്കാത്ത കഥാപാത്രങ്ങളിലൂടെ തന്നെയെന്നുമെന്നും ഓര്‍മിക്കാന്‍ വേണ്ടുന്ന പ്രകടനങ്ങള്‍, നാടകത്തിലും സിനിമയിലും ചെയ്തുവച്ചിട്ടാണ് കെ ടി സി അബ്ദുള്ള യാത്രയായിരിക്കുന്നത്.
‘സിനിമക്കപ്പുറമുള്ള വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പു വരെ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. ആരോഗ്യത്തോടെ ഇരിക്കണേ എന്നതായിരുന്നു പ്രാര്‍ത്ഥന. സൗബിന്റെ ഉപ്പയായി ആര് അഭിനയിക്കണം എന്നതു സംബന്ധിച്ച് എനിക്കോ നിര്‍മാതാക്കള്‍ക്കോ സംശയമുണ്ടായിരുന്നില്ല. ആദ്യം തന്നെ അദ്ദേഹത്തെ ആണ് തീരുമാനിച്ചത്. സുഡാനിയുടെ ക്ലാപ്പ് അടിക്കുന്നതും അദ്ദേഹമാണ്. അതുകൊണ്ടുതന്നെ ആ സിനിമ വിജയിക്കണമെന്ന് ഇക്കാക്ക് വലിയ ആഗ്രഹമായിരുന്നു. താന്‍ തുടങ്ങിവെച്ച കാര്യം മോശമായിപ്പോകരുതെന്ന് പറയുമായിരുന്നു’ കെടിസി അബ്ദുള്ളയെ അനുസ്മരിച്ചുകൊണ്ട് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയുടെ ഈ വാക്കുകളില്‍ നിന്നു മനസിലാക്കാം അബ്ദുള്ള എത്രമേല്‍ കലയെ സ്‌നേഹിച്ചിരുന്നുവെന്ന്. അതെത്ര ആത്മാര്‍ത്ഥമായിട്ടുള്ളതായിരുന്നുവെന്നും.
നാടകങ്ങളിലൂടെ അഭിനയരംഗത്തു വന്ന കെ.ടി.സി. അബ്ദുള്ള ചുരുക്കം സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളവെങ്കിലും എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ചില സിനിമകള്‍ പോലെ തന്നെ കഥാപാത്രങ്ങളും തിയറ്റര്‍ വിട്ടാലും കൂടെ ഇറങ്ങിപ്പോരും. പിന്നെയും കുറേനാള്‍ ഉള്ളിലങ്ങനെ കുത്തിനോവിക്കും. സുഡാനി ഫ്രം നൈജീരിയയിലെ ഉപ്പയുടെ നിസഹായത മുതല്‍ അറബിക്കഥയിലെ ‘ഇങ്ങള് കമ്മ്യുണിസ്റ്റ്‌റ് ആണോ’ എന്ന് ചോദിക്കുന്ന നിഷ്‌കളങ്കനായ പ്രവാസി വരെ അബ്ദുല്ലയുടെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ്.
1959ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (കെ.ടി.സി.)യില്‍ ചേര്‍ന്നതിന് ശേഷമാണ് കെ.ടി.സി. അബ്ദുള്ളയായത്. 1959ലാണ് അബ്ദുള്ള കെ.ടി.സി. യില്‍ ജോലിയില്‍ പ്രവേശിച്ചത്. കെപി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവരുടെ കൂടെ അമച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അബ്ദുള്ള ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. നാല്പത്തിയഞ്ചില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം അറബിക്കഥ, നോട്ട്ബുക്ക്, യെസ് യുവര്‍ ഓണര്‍, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. കാണാക്കിനാവിലെ അധ്യാപകന്‍, കാറ്റത്തെ കിളിക്കൂടിലെ റിക്ഷാക്കാരന്‍, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവര്‍ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയില ഗള്‍ഫുകാരന്‍, സുഡാനി ഫ്രം നൈജീരിയയിലെ ഉപ്പ തുടങ്ങിയവ എന്നും ഓര്‍മ്മിക്കപ്പെടുന്ന വേഷങ്ങളാണ്.
‘ഭൂതകാലത്തിന്റെ ചുരുക്കെഴുത്തിലെവിടെയോ ഈ മനുഷ്യനെ കണ്ടിട്ടുണ്ട്. നോവിനാലടിതെറ്റി ഉലയുമ്പോഴും അനുകമ്പയുടെ ആള്‍രൂപമായി. അവഗണനയാല്‍ ഉടല്‍ കനത്ത് ഇറങ്ങി പോയിട്ടും വീണ്ടും വീണ്ടും തിരികെ വരുന്ന മനുഷ്യന്റെ നിസ്സഹായതയായി; കവി ശരീഫ് ചെരണ്ടത്തൂര്‍ കെ ടി സി അബ്ദുള്ളയെ ഓര്‍ത്ത് എഴുതിയ വരികള്‍ ആണിത്. ഒരര്‍ത്ഥത്തില്‍ കെ ടി സി അബ്ദുള്ള ചെയ്ത ഓരോ വേഷവും യഥാര്‍ത്ഥ ജീവിതത്തില്‍ നാം പലപ്പോഴായി കണ്ടു മുട്ടിയ പല മനുഷ്യരുടെയും നേര്‍ ചിത്രം ആണ്. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ട്ടിക്കുന്ന ശൂന്യതയുടെ പ്രധാന കാരണവും അത് തന്നെ ആയിരിക്കും.
സംവിധായകന്‍ ഷാനു സമദിന്റെ ‘മുഹബ്ബത്തിന്‍ കുഞ്ഞബ്ദുല്ല’ എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് മരണം. അസുഖം ഭേദമായ ഉടന്‍ ചിത്രം പൂര്‍ത്തിയാക്കണം എന്ന കാര്യം രോഗക്കിടക്കയില്‍വെച്ചും അദ്ദേഹം ഇടക്കിടെ പറയുമായിരുന്നുവെന്നു നടന്‍ മാമുക്കോയ പറയുന്നു. സിനിമകളെയും കഥാപാത്രങ്ങളെയും ഇത്രമേല്‍ സ്‌നേഹിച്ച ഒരു മനുഷ്യന്റെ വേര്‍പാട് സിനിമ പ്രേമികളെ നൊമ്പരപ്പെടുത്താതിരിക്കുന്നതെങ്ങനെ!