UPDATES

ട്രെന്‍ഡിങ്ങ്

ദേര സച്ച സൗദ പരിസരത്ത് അസ്ഥികൂടങ്ങള്‍: അനുയായികളുടെ സംഭാവനകളെന്ന് മുഖപത്രം

അനുയായികളില്‍ നിന്നും എതിര്‍പ്പുണ്ടാകുമ്പോള്‍ കൊലപ്പെടുത്തുന്നതാണ് റാം റഹിമിന്റെ രീതിയെന്നും ഇവരെ ദേര പരിസരത്ത് തന്നെ കുഴിച്ചിടുമെന്നുമാണ് ആരോപണമുള്ളത്

ദേര സച്ച സൗദയുടെ ഹരിയാന സിര്‍സയിലെ പ്രധാന കേന്ദ്രത്തില്‍ നിന്നും അസ്ഥികൂടങ്ങള്‍ ലഭിച്ചെന്ന വാര്‍ത്ത സൗദയുടെ മുഖപത്രമായ സച്ച് കഹൂന്‍ അറിയിച്ചു. പോലീസും സുരക്ഷ ഉദ്യോഗസ്ഥരും പരിസരത്ത് നടത്തിയ റെയ്ഡിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മണിക്കൂറുകള്‍ക്ക് ശേഷമാണ് ദേരയുടെ ഔദ്യോഗിക സമ്മതം പുറത്തുവരുന്നത്.

അതേസമയം ഈ മൃതദേഹങ്ങള്‍ ദേര തലവന്‍ ഗുര്‍മീത് റാം റഹിം ആവശ്യപ്പെട്ടതനുസരിച്ച് അനുയായികള്‍ സംഭാവന നല്‍കിയതാണെന്നാണ് ദേരയുടെ ദിനപ്പത്രം ന്യായീകരിക്കുന്നത്. മൃതദേഹങ്ങള്‍ നദിയില്‍ നിക്ഷേപിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും അതിനാല്‍ മരിക്കുന്ന ദേര അനുയായികളുടെ മൃതദേഹങ്ങള്‍ 700 ഏക്കറുള്ള ദേര പരിസരത്ത് സംസ്‌കരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും സച്ച് കഹൂന്‍ വിശദീകരിക്കുന്നു. ദേര പരിസരത്ത് സംസ്‌കരിച്ച ഈ മൃതദേഹങ്ങള്‍ക്ക് മുകളില്‍ മരങ്ങള്‍ നട്ടിരുന്നുവെന്നും പത്രം അവകാശപ്പെടുന്നു.

അതേസമയം അനുയായികളില്‍ നിന്നും എതിര്‍പ്പുണ്ടാകുമ്പോള്‍ കൊലപ്പെടുത്തുന്നതാണ് റാം റഹിമിന്റെ രീതിയെന്നും ഇവരെ ദേര പരിസരത്ത് തന്നെ കുഴിച്ചിടുമെന്നുമാണ് ആരോപണമുള്ളത്. ഇന്ന് ഈ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് കനത്ത സുരക്ഷയോടെയാണ് സുരക്ഷ ഏജന്‍സികളും ജില്ലാ അധികൃതരും ദേരയില്‍ റെയ്ഡ് നടത്തിയത്. ഹരിയാന ഹൈക്കോടതി നിയോഗിച്ച കമ്മിഷണര്‍ എകെഎസ് പവാറിന്റെ മേല്‍നോട്ടത്തിലായിരുന്നു റെയ്ഡ്. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും പാരാ മിലിട്ടറി സൈന്യവും ഹരിയാന പോലീസും റെയ്ഡില്‍ പങ്കെടുത്തു. ബോംബ് നിര്‍വീര്യമാക്കുന്ന സ്‌ക്വാഡും കമാന്‍ഡോസും ഡോഗ് സ്‌ക്വാഡും പൂട്ടുപൊളിക്കല്‍ വിദഗ്ധരും അടക്കം വന്‍ സംഘമാണ് ഇവരെ സഹായിക്കാനുണ്ടായിരുന്നത്.

സിര്‍സയിലെ ആസ്ഥാനത്ത് നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള എല്ലാ റോഡുകളും അടച്ച ശേഷമായിരുന്നു റെയ്ഡ്. 1999ല്‍ തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിനാണ് റാം റഹിം ശിക്ഷിക്കപ്പെട്ടത്. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞമാസം 25നാണ് വിധി പ്രഖ്യാപിച്ചത്. 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ റോത്തകിലെ സുനൈരയിലുള്ള ജില്ല ജയിലിലാണ്. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് പഞ്ച്കുളയിലും സിര്‍സയിലും നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലും പഞ്ചാബിലെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സിര്‍സയുടെ ദേര സച്ച സൗദയുടെ ആസ്ഥാനം രണ്ട് ക്യാമ്പസുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 600 ഏക്കറും 100 ഏക്കറുമുള്ള ക്യാമ്പസുകളാണ് ഇത്. ഇവിടെയാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിന് ദേര പൂര്‍ണമായും തയ്യാറെടുത്തിരുന്നെന്ന് ചെയര്‍പേഴ്‌സണ്‍ വിപാസന അറിയിച്ചു. തങ്ങള്‍ക്കൊന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ദേര പരിസരം എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്നുമാണ് വിപാസന പറയുന്നത്. റെയ്ഡും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി ഹരിയാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു.

ദേരയിലെ 117 ചര്‍ച്ച ഹാളുകളിലാണ് ശുചീരകരണ പ്രവര്‍ത്തനം നടത്തിയത്. അനുയായികള്‍ പ്രാര്‍ത്ഥിക്കാനിരിക്കുന്ന സ്ഥലങ്ങളാണ് ഇത്. റാം റഹിം കുറ്റക്കാരനാണെന്ന കോടതി വിധിയ്ക്ക് പിന്നാലെ ദേരയില്‍ നടത്തിയ റെയ്ഡുകളില്‍ ചില നിയമവിരുദ്ധ വസ്തുക്കള്‍ പിടിച്ചെടുത്തതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍