UPDATES

ട്രെന്‍ഡിങ്ങ്

കെവിന്‍റെ വീട്ടില്‍ വെച്ചു ധന്യാരാമനും ദളിത് പ്രവര്‍ത്തകരും സെല്‍ഫിയെടുത്തെന്നു ദേശാഭിമാനി; തുടങ്ങി സൈബര്‍സഖാക്കളും ഫോട്ടോഷോപ്പ് കലാപരിപാടി

നിയമപരമായി നേരിടുമെന്ന് ധന്യാരാമന്‍

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമനും സുഹൃത്തുക്കളും കെവിന്‍റെ സംസ്കാര സ്ഥലത്ത് നിന്ന് സെൽഫിയെടുത്തെന്ന നുണ പ്രചരണവുമായി ദേശാഭിമാനി. ചൊവ്വാഴ്ച കോട്ടയം കളക്ടറേറ്റിനു മുന്നിൽ നിന്നും എടുത്ത ഫോട്ടോ വെച്ചാണ് ദേശാഭിമാനി വാർത്ത നൽകിയത്. ഇത് തെറ്റിദ്ധരിപ്പിക്കാനായി കെട്ടിച്ചമച്ച വാർത്തയാണെന്ന് ഫോട്ടോയിലുള്ളവർ തെളിവ് സഹിതം പറയുന്നു.

‘ഞങ്ങളെ അപമാനിക്കാൻ മനപ്പൂർവ്വം വളച്ചൊടിച്ചുണ്ടാക്കിയ വാർത്തയാണിത്. ചേരികളിലും കോളനികളിലുമായി ഇന്നും ദുരിതമനുഭവിച്ച് കഴിയുന്ന ജനതയാണിത്. സന്തോഷിക്കാനുള്ള ഒരവസരങ്ങളും ഇല്ലാത്തവർ. അവർ അവരുടെ ഒരു പ്രതിനിധിയെ കാണുമ്പോൾ ഓടി വരും. ഫോട്ടോ എടുക്കും. പക്ഷേ ഒരു മരണ വീട്ടിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് അറിയാത്തവരല്ല ഞങ്ങൾ. കെവിന്‍റെ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച വഴി തിരിക്കാൻ നിർമിച്ച ഈ വാർത്ത അങ്ങേയറ്റം വംശീയം കൂടിയാണ്.’ ധന്യാ രാമൻ അഴിമുഖത്തോട് വ്യക്തമാക്കി.

ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ആക്ടിവിസ്റ്റ് ധന്യാരാമനൊപ്പം സി.എസ്.ഡി.എസ് നേതാക്കൾ ചിരിച്ചുകൊണ്ട് ഫോട്ടോ എടുത്തുന്നു എന്ന നിലക്കാണ് വാർത്ത. ആ സെൽഫിയും ഫോട്ടോയിലുള്ള മുഴുവൻ ആളുകളുടെ പേര് പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വേദനിക്കുന്ന മനസ്സുമായി എല്ലാവരും നിൽക്കുന്ന സ്ഥലത്ത് സെൽഫി എടുത്ത് രസിച്ച നേതാക്കളുടെ നടപടി സി.എസ്.ഡി.എസ് സംഘടനയിലെ അണികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതിൽ പറയുന്നു.

കോട്ടയം ഓൺലൈൻ മീഡിയ ദളിത് കൂട്ടായ്മ കോർഡിനേറ്റർ നവജീവൻ ഈ ആരോപണങ്ങളെയെല്ലാം തെളിവ് സഹിതം തള്ളിക്കളയുന്നുണ്ട്. “ആ ഫോട്ടോ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോട്ടയത്തെ പ്രതിഷേധ പരിപാടി കഴിഞ്ഞ് പോകുന്ന വഴിക്ക് ഒരു സുഹൃത്താണ് ഞങ്ങളുടെ ആ ഫോട്ടോ എടുത്തത്. അദ്ദേഹം തന്നെ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു. ജോമോൻ ടി.ജെ എന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ആ ഫോട്ടോ കെവിന്‍റെ ചിത്രം വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ആ ഫോട്ടോക്ക് പുറകിലുള്ള ഫ്ളക്സ് ശ്രദ്ധിച്ചാൽ അറിയാം അത് കളക്ടേറ്റിൻറെ മുന്നിൽ നിന്ന് എടുത്തതാണെന്ന്. ധന്യാ രാമനെ വ്യക്തിപരമായി അപമാനിക്കാൻ കൂടിയുള്ള നീക്കമാണിത്‌.”

ഈ നടപടി ദളിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമാണെന്ന് ആക്ടിവിസ്റ്റായ മൃദുലാദേവി പറയുന്നു. “കളക്ടറേറ്റിൻെ അവിടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടെന്നത് ഞാൻ തള്ളിക്കളയുന്നില്ല. പട്ടികജാതി വർഗ്ഗത്തിൽ പെട്ട ഒരു യുവാവ് നിഷ്ഠൂരമായി കൊല്ലപ്പെട്ട് കിടക്കുകയാണ്. ഞങ്ങളാരും അതിന്‍റെ നടുക്കത്തിൽ നിന്ന് മോചിതരായിട്ടില്ല. അങ്ങനെയുള്ളപ്പോൾ മരിച്ചയാളുടെ സംസ്കാര സ്ഥലത്ത് നിന്ന് സെൽഫിയെടുക്കാൻ പാകത്തിൽ തിരിച്ചറിവില്ലാത്ത അധമരാണ് പട്ടികജാതിക്കാർ എന്ന ഇടതുപക്ഷ ധാര്‍ഷ്ട്യമാണ് ഈ വാർത്ത.. ഒരു മികച്ച വായന സമൂഹത്തെയും പൗര സമുഹത്തെയും ആണ് ഫോട്ടോ കണ്ടാലോ കണ്ണാടി കണ്ടാലോ അന്തിച്ച് നിൽക്കുന്ന അപരിഷ്കൃതരായി ദേശാഭിമാനി അടയാളപ്പെടുത്തുന്നത്. നേരറിയാൻ നേരത്തെയറിയാൻ എന്ന അവരുടെ പരസ്യ വാചകം പോലും കപടമാകുകയാണിവിടെ. തികഞ്ഞ സ്ത്രീ വിരുദ്ധത കൂടിയാണിത്. ധന്യയുടെ ദളിത് സ്ത്രീ ശരീരത്തെയാണ് എടുത്ത് ഉപയോഗിക്കുന്നത്. ഒരു പത്ര മാധ്യമം ചെയ്യേണ്ട പണിയല്ല ഇത്‌. ഇടത് പക്ഷത്തിൻറെ നേതൃതൃ നിരയിലുള്ള ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യുമോ? ആ ഫോട്ടോയിലുള്ള നവജീവനും പല ഇടപെടലുകളുടെ പുറത്ത് ഭീഷണികൾ നേരിട്ടിട്ടുള്ളതാണ്‌. ദളിത് സമൂഹത്തിനടയിൽ സജീവമായി പ്രവർത്തിക്കുന്ന ആളാണ്. ഇവരെയൊക്കെ ലക്ഷ്യം വെച്ചിട്ടുള്ള നീക്കം കൂടിയാണിത്‌.”

ദേശാഭിമാനി വാർത്തയെ നിയമപരമായി നേരിടാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ധന്യാ രാമൻ പറഞ്ഞു. ഇന്ന് ഇത്തരത്തിൽ എഡിറ്റ് ചെയ്തവർ നാളെ ഇതിലും മോശമായി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഇടപെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍