UPDATES

രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ റിസോര്‍ട്ട് ഡിവൈഎഫ്ഐ തല്ലി തകര്‍ത്തു; പ്രതിഷേധം റവന്യു വകുപ്പിനെതിരേയും

റിസോര്‍ട്ടില്‍ അക്രമണം നടത്തുമ്പോള്‍ ഡിവൈഎഫ്ഐ പ്രത്യക്ഷമായി വിരല്‍ ചൂണ്ടുന്നത് സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിനു നേരെയാണ്.

ഏഷ്യാനെറ്റ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ നിരാമയ റിസോര്‍ട്ട് അടിച്ച തകര്‍ത്തത് സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിനുളള താക്കീതാണെന്ന സൂചനകളാണ് ലഭിക്കുന്നത്. കയ്യേറ്റമുണ്ടെന്നു കണ്ടെത്തിയ പ്രദേശത്തെ കെട്ടിടങ്ങളാണ് തങ്ങള്‍ തകര്‍ത്തതെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി റിസോര്‍ട്ടിന്റെ കയ്യേറ്റത്തിനെതിരേ റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐ ഇങ്ങനെയൊരു പ്രതിഷേധത്തിനു തയ്യാറായതെന്നും അവര്‍ പറയുന്നു. കോടതി നിര്‍ദേശം ഉണ്ടായിട്ടും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിന്റെ കയ്യേറ്റത്തിനെതിരേ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. നിരന്തരമായ ആവശ്യമുണ്ടായിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല. ഈയൊരു ഘട്ടത്തിലാണ് ഡിവൈഫ്ഐ ശക്തമായ പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്; ഡിവൈഎഫ്ഐ നേതാവ് മിഥുന്‍ അഴിമുഖത്തോടു പ്രതികരിച്ചു.

‘ഈ റിസോര്‍ട്ട് ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നു’; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയക്കെതിരെ നാട്ടുകാര്‍

നിരാമയ റിസോര്‍ട്ട് കയ്യേറി ഭൂമി അളന്ന് തിരിച്ചു പഞ്ചായത്തിനെ ഏല്‍പ്പിക്കണമെന്ന കോടതി നിര്‍ദേശം റവന്യു വിഭാഗം നടപ്പാക്കുന്നില്ലെന്നാരോപിച്ച് കുമരകം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഡിവൈഎഫ്ഐ ഇതേ ആവിശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച് ഈ കാര്യത്തില്‍ ഉടനടി നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കുകയും ചെയ്തു. റവന്യു വകുപ്പ് ഉടനടി ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് അഡീ. തഹസില്‍ദാര്‍ അഴിമുഖത്തോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

റിസോര്‍ട്ടുകാരുടെ സ്വന്തം കുമരകം; മൂന്നാറില്‍ എന്തു സംഭവിച്ചോ കുമരകം അതിന്റെ വാതില്‍ക്കലാണ്

നിരാമയ റിട്രീറ്റ് റിസോര്‍ട്ടിനെതിരേ ജനസമ്പര്‍ക്ക സമിതി കുമരകം ഫയല്‍ ചെയ്ത WP(C) 19013/2016 നമ്പര്‍ കേസ് പരിഗണിച്ച് കേരള ഹൈക്കോടതി കോട്ടയം തഹസില്‍ദാര്‍ക്ക് വേമ്പനാട് കായല്‍ കയ്യേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. കോടതി നിര്‍ദേശപ്രകാരം കോട്ടയം താലൂക്ക് സര്‍വേയര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരാമയ റിസോര്‍ട്ട് തോടു പുറമ്പോക്കും കായല്‍ പുറമ്പോക്കും കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. അനധികൃത കയ്യേറ്റം ഉടനടി ഒഴിപ്പിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ തഹസില്‍ദാര്‍ക്ക് കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 2016 നവംബര്‍ അഞ്ചിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കയ്യേറ്റ ഭൂമിയളന്നു തിരിച്ച് നല്‍കേണ്ട ചുമതല റവന്യു വകുപ്പിനാണെന്നും പഞ്ചായത്തിന്റെ അധികാരപരിധിയില്‍ പെടാത്ത കാര്യമാണിതെന്നുമാണ് കുമരകം ഗ്രാമപഞ്ചായത്ത് പറയുന്നത്. കോടതി നിര്‍ദേശം നല്‍കി ഒമ്പതുമാസത്തോളം കാലതാമസം വരുത്തുകയും അതു കഴിഞ്ഞ സര്‍വേയര്‍ പ്രസ്തുത കയ്യേറ്റങ്ങള്‍ വന്നുകണ്ടുപോയിട്ട് രണ്ടരമാസത്തോളമായിട്ടും ഇതുവരെ നടപടികളൊന്നും സ്വീകരിക്കാതെ റിസോര്‍ട്ട് ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നായിരുന്നു പഞ്ചായത്തിന്റെ ആക്ഷപം. ഇപ്പോള്‍ റിസോര്‍ട്ടില്‍ അക്രമണം നടത്തുമ്പോള്‍ ഡിവൈഎഫ്ഐയും പ്രത്യക്ഷമായി വിരല്‍ ചൂണ്ടുന്നത് സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിനു നേരെയാണെന്നാണ് വ്യക്തമാകുന്നത്.

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍