UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയിലെത്തുന്ന ആക്ടിവിസ്റ്റുകളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല: കടകംപള്ളി സുരേന്ദ്രന്‍

മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം കൂടി പോലീസ് മനസിലാക്കണമായിരുന്നുവെന്നും ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. അത് ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. എന്നാല്‍ ഇന്ന് ശബരിമലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് രണ്ട് ആക്ടിവിസ്റ്റുകളാണ്.

അവരില്‍ ഒരാള്‍ ജേണലിസ്റ്റാണെന്ന് പറയുന്നു. അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല. അതിനാല്‍ തന്നെ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നും കടകംപള്ളി വ്യക്തമാക്കി. സംഘര്‍ഷമുണ്ടാക്കാതെ മടങ്ങാനും കടകംപള്ളി പോലീസിന് നിര്‍ദ്ദേശം നല്‍കി. അവിശ്വാസികളെ ശബരിമല കയറാന്‍ സംരക്ഷണം നല്‍കിയ പോലീസ് നടപടിയില്‍ ദേവസ്വം മന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം കൂടി പോലീസ് മനസിലാക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എല്ലാവരുടെയും വികാരം മാനിക്കുമെന്നാണ് ഐജി ശ്രീജിത്ത് സമരക്കാരോട് പറഞ്ഞത്. യുവതിമാരോടും ഉന്നത ഉദ്യോഗസ്ഥരോടും കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നാണ് ശ്രീജിത്ത് വ്യക്തമാക്കിയത്. ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത ജക്കാനയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് മലകയറാനെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ആക്ടിവിസ്റ്റ് കൂടിയായ രഹ്ന. താന്‍ ശബരിമല കയറാന്‍ തയ്യാറെടുക്കുകയാണെന്ന് ഇവര്‍ നേരത്തെ തന്നെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തുകയും ഇവരുടെ ചിത്രം വിവാദമാകുകയും ചെയ്തതാണ്.

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് കനത്ത സുരക്ഷ നല്‍കിയിരുന്നു. പോലീസിന്റെ സുരക്ഷ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് കവിതയെ മലകയറ്റിയത്. ഇരുമുടിക്കെട്ടുമായാണ് രഹ്ന മല കയറാനെത്തിയത്. വലിയ നടപ്പന്തല്‍ വരെയെത്തിയപ്പോഴാണ് സമരക്കാര്‍ ഇവരെ തടഞ്ഞത്.

ശബരിമല LIVE: യുവതികളുടെ പ്രവേശനം നടന്നേക്കില്ല; ആക്ടിവിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി

മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ വച്ച് ഇവരെ സൂക്ഷിക്കുകയെന്ന് സന്ദേശം: സംഘപരിവാര്‍ പേജുകളിലെ നുണപ്രചരണങ്ങള്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍