UPDATES

ട്രെന്‍ഡിങ്ങ്

കരുണാകരന്റെ കണ്ണിറുക്കിച്ചിരിയും നായനാരുടെ പൊട്ടിച്ചിരിയും; ഡിജിപി ശ്രീലേഖയുടെ അനുഭവങ്ങള്‍

അമ്പരപ്പോടെയാണ് കരുണാകരനെ നോക്കിയതെങ്കില്‍ പേടിയോടെയാണ് നായനാരുടെ മുന്നില്‍ നിന്നത്

മുന്‍ മുഖ്യമന്ത്രിമാരും കേരളം കണ്ടതില്‍വച്ച് ഏറ്റവും മികച്ച രാഷ്ട്രീയക്കാരുമായ കെ കരുണാകരനെയും ഇ കെ നായനാരെയും കുറിച്ച് രണ്ടോര്‍മകള്‍ പങ്കുവയ്ക്കുന്നുണ്ട് ഡിജിപി ശ്രീലേഖ ഐപിഎസ്. വനിതയിലെ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം പറയുന്നത്. കരുണാകരനുമായി ബന്ധപ്പെട്ട ഓര്‍മ ഇങ്ങനെയാണ്.

വിജിലന്‍സില്‍ ജോലി ചെയ്യുമ്പോഴാണ് കരുണാകരന്‍ സാറിനെ ചോദ്യം ചെയ്യുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച പരാതിയില്‍. അന്നത്തെ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു അത്. നൂറ്റി ഇരുപതിലേറെ ചോദ്യങ്ങള്‍ തയ്യാറാക്കി. എറണാകുളം റസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഓരോ ചോദ്യത്തിനും സാവധാനം, വിശദമായി, കൃത്യമായി ഉത്തരങ്ങള്‍. ഇടയ്ക്ക് അദ്ദേഹം കരിക്കിന്‍ വെള്ളം കുടിച്ചു. മരുന്നുകള്‍ കഴിച്ചു.ഉച്ചയൂണു കഴിഞ്ഞപ്പോള്‍ ചോദിച്ചുസ ഞാന്‍ കുറത്ത് ഉറങ്ങിക്കോട്ടെയന്ന്. ഒരു മണിക്കൂറോളം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ കുളിച്ച് റെഡിയായി വന്നു. വീണ്ടും ചോദ്യങ്ങള്‍. ഒരു ഘട്ടമായപ്പോള്‍ ബാക്കി ഉത്തരങ്ങള്‍ എഴുതി തരാമെന്നു പറഞ്ഞ് തെളിഞ്ഞ ചിരിയോടെ അദ്ദേഹം എഴുന്നേറ്റു.

വാതില്‍ തുറന്നു പുറത്തിറങ്ങും മുന്‍പേ അദ്ദേഹം ഒരു നിമിഷം നിന്നു. എന്നെ നോക്കി പതിവുമട്ടില്‍ കണ്ണിറുക്കി പുഞ്ചിരിച്ചു. പിന്നെ ചീകി വച്ചിരുന്ന മുടി ഒന്ന് അലങ്കോലമാക്കി, കണ്ണൊന്നു തിരുമി. ഉടുപ്പിലൊന്നു ചുളിവു വീഴ്ത്തി, നേരെ വാതില്‍ തുറന്നു പത്രക്കാരുടെ മുന്നില്‍ ചെന്നു പറഞ്ഞു.’ ഇടതുപക്ഷ സര്‍ക്കാരിന്റെ ക്രൂരമായ നടപടികളുടെ തുടര്‍ച്ചയാണ് ഇന്നിവിടെ കാണുന്നത്…’ ഈ ചോദ്യം ചെയ്യലിലൊന്നും തളിരില്ല എന്ന മട്ടിലൊരു പ്രസ്താവന. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ അമ്പരപ്പു തോന്നി.

അടുത്തതായി നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഒരു അനുഭവമാണ് ശ്രീലേഖ പങ്കുവയ്ക്കുന്നത്. പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ ഒരു വനിത വക്കീലുമായി പ്രശ്‌നമുണ്ടായി. പെണ്‍കുട്ടി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പയ്യന്മാരെ അറസ്റ്റ് ചെയ്തു. ആ കേസ് കൊലപാതകമാക്കി രജിസ്റ്റര്‍ ചെയ്യാന്‍ വക്കീല്‍ നിര്‍ബന്ധിച്ചു. പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ല. അവരുമായി സംസാരിക്കുന്ന സമയത്താണ് കലക്ടറുടെ ഫോണ്‍ വന്നത്. ഞാന്‍ ഫോണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍’ ഇതിനു പരിഹാരം ഉണ്ടാക്കിയിട്ടു മതി ഫോണ്‍ ചെയ്യല്‍’ എന്നു പറഞ്ഞ് ആ സ്ത്രീ എന്റെ കൈയില്‍ കയറി പിടിച്ചു. ക്ഷമ കെട്ട് ഒറ്റ അടിവച്ചു കൊടുത്തു.

നായനാര്‍ സാറാണ് അപ്പോള്‍ മുഖ്യമന്ത്രി. കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം പത്തനംതിട്ടയില്‍ എത്തി. അടിപ്രശ്‌നത്തിന്റെ പേരില്‍ എനിക്കെതിരേ നടപടിയെടുക്കും എന്നു പേടിച്ചിരുന്നു. കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. ‘ ഓളെ അടിച്ചോ…?’ ‘ അടിച്ചു പോയി സാര്‍’ ഞാന്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം ഒരു വാക്കേ പറഞ്ഞുള്ളൂ.’ മിടുക്കി.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍