UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധിയോടുളള കടുത്ത ആരാധന: ദിനേഷ് ശര്‍മ്മ നഗ്നപാദനായി യാത്ര തുടരുകയാണ്

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണണമെന്നാണ് ദിനേഷിന്റെ ഏറ്റവും വലിയ അഭിലാഷം

ഇന്ത്യയുടെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും സാന്നിധ്യമാകുന്ന ആ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആരാധകനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. തലമൊട്ടയടിച്ച്, ദേഹം മുഴുവന്‍ ത്രിവര്‍ണചായം പൂശി ഇന്ത്യയുടെ മത്സരങ്ങള്‍ക്കെത്തുന്ന ആ ആരാധകന്‍ ടിവി ചാനലുകളുടെയും നോട്ടപ്പുള്ളിയാണ്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അത്തരത്തിലുള്ള ഒരു ഭക്തനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഹരിയാനയിലെ ജിന്ദില്‍ നിന്നുള്ള ദിനേഷ് ശര്‍മ്മയാണ് രാഹുല്‍ ഗാന്ധിയുടെ ഈ കടുത്ത ഭക്തന്‍. 2011 മുതല്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും നഗ്നപാദനായി എത്തി തന്റെ കൂറ് പ്രഖ്യാപിക്കുകയാണ് ഈ 23കാരന്‍.

എപ്പോഴും നഗ്നപാദനായി സഞ്ചരിക്കുന്ന ദിനേഷ് ശര്‍മ്മ, രാഹുല്‍ ഗാന്ധിയുടെ റാലികളില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത കുര്‍ത്തയാണ് ധരിക്കുക. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി, ആലേഖനം ചെയ്ത ത്രിവര്‍ണനിറത്തിലുള്ള കുപ്പായമാണത്. രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ കൊടി വീശിക്കൊണ്ട് നടന്നു നീങ്ങുന്ന ദിനേഷ് ശര്‍മ്മയുടെ ചിത്രം ഇപ്പോള്‍ രാജ്യത്തെമ്പാടും പരിചിതമാണ്. രാഹുല്‍ ഗാന്ധി തനിക്ക് ദൈവത്തെ പോലെയാണെന്നും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറുന്നത് കാണുകയാണ് തന്റെ ജീവിതാഭിലാഷമെന്നും ദപ്രിന്റ്.ഇന്നിനോട് ശര്‍മ്മ പറഞ്ഞു.

രാഹുല്‍ ഗാന്ധിയോടുള്ള തന്റെ കൂറ് വ്യക്തമാക്കാനാണ് ഇദ്ദേഹം നഗ്നപാദനായി നടക്കുന്നതത്രെ. മഹേഷിന്റേത് പോലെയുള്ള ഒരു പ്രതിജ്ഞയും അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം മാത്രമേ ഇദ്ദേഹം ചെരുപ്പ് ധരിക്കൂ എന്നാണ് ആ പ്രതിജ്ഞ. കുറച്ചുകാലം കൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ സുരക്ഷസേനയുടെയും ശ്രദ്ധ നേടിയെടുക്കാന്‍ ശര്‍മ്മയ്ക്ക് സാധിച്ചു. എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി തന്നോടൊപ്പം സഞ്ചരിക്കുന്നതെന്ന് രാഹുല്‍ പലപ്പോഴും ചോദിക്കാറുണ്ടെന്ന് ദിനേഷ് ശര്‍മ്മ പറയുന്നു. എല്ലാം അങ്ങേയ്ക്ക് വേണ്ടിയാണ് എന്ന മറുപടിയാണത്രെ ശര്‍മ്മയ്ക്കുള്ളത്.

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ കാക്രോഡ് ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് ദിനേഷ് ശര്‍മ്മ വരുന്നത്. നാല് കുട്ടികളില്‍ ഏറ്റവും മൂത്ത ആളാണ് അദ്ദേഹം. 2011ല്‍ ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണാന്‍ ശര്‍മ്മ തീരുമാനിച്ചത്. തന്റെ കുടുംബം എപ്പോഴും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നതായി ദിനേഷ് ശര്‍മ്മ പറയുന്നു. ഗാന്ധി കുടുംബം ഈ രാജ്യത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങളെ കുറിച്ച് തന്റെ പിതാവ് എപ്പോഴും പറയാറുണ്ടെന്നും അതാണ് തന്നില്‍ രാഹുല്‍ ഗാന്ധിയോടുള്ള ആരാധനയായി വളര്‍ന്നതെന്നും ശര്‍മ്മ പറയുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകാനാണ് പിതാവ് ആവശ്യപ്പെട്ടത്. അതനനുസരിച്ച് ഹിസാറിലെ സിആര്‍ ലോ കോളേജില്‍ നിന്നും പഞ്ചവത്സര നിയമബിരുദം നേടിയിട്ടുണ്ട് ശര്‍മ്മ. ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ എവിടെ പോയാലും അവിടെയൊക്കെ ശര്‍മ്മയുടെ സാന്നിധ്യവും ഉണ്ടാകുന്നു.

കുടുംബത്തില്‍ നിന്നുള്ള പണമാണ് താന്‍ യാത്രയ്ക്കായി ചിലവഴിക്കുന്നതെന്ന് ശര്‍മ്മ പറയുന്നു. ട്രെയ്‌നില്‍ യാത്ര ചെയ്യുകയും ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുകയാണ് പതിവ്. ചില സ്ഥലങ്ങളില്‍ മുന്‍ പരിചയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമായി മാറിമാറി സഞ്ചരിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ശര്‍മ്മ. ഏതായാലും ഹിമാചലിലെ ജനവിധി പെട്ടിയിലായതോടെ ഇനി രാഹുല്‍ ഗാന്ധിയെ പോലെ ദിനേഷ് ശര്‍മ്മയ്ക്കും ഗുജറാത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍