UPDATES

ഗൗരി ലങ്കേഷിനും കല്‍ബുര്‍ഗിയുടെ വിധിയോ? സിദ്ധരാമയ്യ എന്താണ് മിണ്ടാത്തത്?

വെടിയുണ്ടകളടക്കമുളള തെളിവുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം നടത്തിയപ്പോള്‍ കല്‍ബുര്‍ഗ്ഗി, പന്‍സാരെ തുടങ്ങിയ പുരോഗമനവാദികളുടെ കൊലപാതകവും ഗൗരി ലങ്കേഷിനെ വധിച്ച രീതിയും സമാനമാണെന്ന് കണ്ടെത്തിയിരുന്നു

മാധ്യമപ്രവര്‍ത്തകയും പുരോഗമനവാദിയുമായ ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഏതാണ്ട് രണ്ട് മാസമാകുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ബംഗ്ലൂരുവിലെ രാജരാജേശ്വരി നഗറിലെ സ്വന്തം വീട്ടുപടിക്കല്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരിയുടെ കൊലപാതകത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഇരമ്പി. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം ആരംഭിച്ചു. 65 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം തെളിവുകള്‍ ശേഖരിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരുടെ രേഖാ ചിത്രം പുറത്തുവിടുകയും ചെയ്തു. എന്നിട്ടും മൂക്കിനു താഴെ വിലസുന്ന ഘാതകരെ പിടികൂടാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നു.

വെടിയുണ്ടകളടക്കമുളള തെളിവുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം നടത്തിയപ്പോള്‍ കല്‍ബുര്‍ഗ്ഗി, പന്‍സാരെ തുടങ്ങിയ പുരോഗമനവാദികളുടെ കൊലപാതകവും ഗൗരി ലങ്കേഷിനെ വധിച്ച രീതിയും സമാനമാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നു കൊലപാതകങ്ങളിലും ഉപയോഗിച്ച പിസ്റ്റള്‍, വെടിയുണ്ടകള്‍, കൊലപാതകം നടത്തിയ രീതി എന്നിവയില്‍ സാദൃശ്യമുണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ സംഘം വെളിപ്പെടുത്തിയിരുന്നു. പിന്നീട് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഗോവ കേന്ദ്രമായ പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുസംഘടന ‘സനാതന്‍ സന്‍സ്ത’ ക്കു പങ്കുണ്ടെന്ന നിഗമനത്തിലെത്തിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത്രയും വലിയ അന്വേഷണ സംഘം വലവിരിച്ച് അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാനാവുന്നില്ലെന്നത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാകുകയാണ്. അതിനിടയിലാണ്, 65 അംഗ പ്രത്യേക അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ച് പല വഴിക്ക് തിരിഞ്ഞതായ വാര്‍ത്തകള്‍ വരുന്നത്.

പ്രതികളെ കുറിച്ച് വ്യക്തത ലഭിക്കാത്തത് കാരണം പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ നേരത്തെ ചെയ്തുകൊണ്ടിരുന്ന ജോലികളിലേക്ക് തിരികെപ്പോയെന്നാണ് കര്‍ണ്ണാടകയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. കര്‍ണ്ണാടക ഇന്റലിജന്‍സ് ഐജി ബികെ സിങിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണം ആരംഭിച്ചത്. മിടുക്കിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘങ്ങളായി തരംതിരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഒന്നര മാസം തീവ്രമായ അന്വേഷണം നടത്തിയെങ്കിലും പിന്നീട് സംഘത്തിലെ പലരും പഴയ ജോലികളിലേക്ക് തിരികെ പോയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കൃത്യം നടത്തിയവരെ കുറിച്ച് പ്രത്യേക സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ നേരത്തെ അന്വേഷിച്ചുകൊണ്ടിരുന്ന കേസുകള്‍ ഏറ്റെടുക്കാന്‍ തിരികെ പോയതെന്നും പോലിസിലെ ഉന്നതര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഗുജറാത്ത് അല്ല, കര്‍ണ്ണാടകയാണ് ഇന്ത്യക്കു മാതൃകയെന്ന് ഘോഷിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാറിന് ഗൗരി വധകേസില്‍ മുമ്പുണ്ടായിരുന്ന താല്‍പ്പര്യം ഇപ്പോഴില്ലെന്നാണ്‌ സമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. കേസ് അന്വേഷണം വഴിമുട്ടുന്നത് മാധ്യമ പ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും അമ്പരപ്പിക്കുന്നുണ്ടെന്നാണ് ബംഗ്ലൂരുവില്‍ നിന്നും ലഭിക്കുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍