UPDATES

ട്രെന്‍ഡിങ്ങ്

പുട്ട് കട ഉദ്ഘാടനം ചെയ്യാന്‍ ദിലീപിന് വിദേശത്തു പോകാം; ഹൈക്കോടതിയുടെ അനുമതി

നാല് ദിവസത്തേക്ക് വിദേശത്തേക്ക് പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റസ്‌റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ദിലീപിന്റെ അപേക്ഷ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. നാല് ദിവസത്തേക്ക് വിദേശത്തേക്ക് പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ജാമ്യാപേക്ഷയില്‍ ഇളവുനല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന വാദം ഉയര്‍ത്തിയായിരുന്നു പ്രോസിക്യൂഷന്‍ എതിര്‍ത്തത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

ഹര്‍ജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് ദുബായില്‍ പോകാനായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. മുന്നൂറിലേറെ സാക്ഷിമൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും ഉള്‍പ്പെടെയാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് വിവരം. അന്തിമ കുറ്റപത്രത്തില്‍ 11 പേരാണ് പ്രതികള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെങ്കിലും ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന് നിയമോപദേശം ലഭിച്ചതോടെ നീക്കം ഉപേക്ഷിച്ചു. വിശദമായ കൂടിയാലോചനയ്ക്ക് ശേഷം ദിലീപിനെ എട്ടാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അക്രമത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കേസിലെ ഒന്നാം പ്രതി. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിയ്ക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തുന്ന എല്ലാ വകുപ്പുകളും ദിലീപിനെതിരെയും ചുമത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍