UPDATES

ട്രെന്‍ഡിങ്ങ്

‘ഒറ്റ റേപ്പ്‌ വച്ചു തന്നാലുണ്ടല്ലോ’ സമൂഹത്തിന്റെ ജനപ്രിയ നായകന്മാര്‍

സാമാന്തര സാമ്രാജ്യത്തിലെ ഡോണായി സ്വന്തം വിധി തീർപ്പാക്കി ജീവിക്കാൻ ജനാധിപത്യ സംവിധാനത്തിൽ വകുപ്പില്ല

അപര്‍ണ്ണ

അപര്‍ണ്ണ

വിചാരണകളുടെ, വ്യാഖ്യാനങ്ങളുടെ, പ്രശ്നവത്കരണങ്ങളുടെ ദിവസങ്ങളിലൂടെയാണ് മലയാള സിനിമാ വ്യവസായം കടന്നു പോകുന്നത്. ജനപ്രിയ സൂപ്പർ സ്റ്റാർ എന്ന് വലിയ അതിശയോക്തികളില്ലാതെ വിളിക്കാമായിരുന്ന ദിലീപാണ് ഒരു സഹപ്രവർത്തകയ്ക്കു നേരെ നടന്ന ലൈംഗികാതിക്രമ കേസിലെ ഗൂഢാലോചനയടക്കമുള്ള ക്രൈമുകളിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ട് വിചാരണ നേരിടാൻ പോകുന്നത്. അയാളെ കൂവിവിളിക്കുകയും രാഷ്ട്രീയ വിചാരണത്തടവുകാർക്കു പോലും ലഭിക്കാത്ത വലിയ ന്യായീകരണങ്ങളുമായി പൂജിക്കുകയും ചെയ്ത ആൾക്കൂട്ടം സ്വന്തം ദൗത്യങ്ങൾ ഭീകരമായിത്തന്നെ നടപ്പാക്കുന്നുണ്ട്.

ക്രൈം, അറസ്റ്റ്, നീതി, നിയമം എന്നൊക്കെയുള്ള സംജ്ഞകളിൽ ഇടപെടുന്നതിൽ ഔചിത്യമില്ല. ഉറപ്പുള്ള മൊഴിയുമായി ഒരുവൾ തനിക്കു നേരിട്ട ലൈംഗികാതിക്രമണത്തെപ്പറ്റി പറയുമ്പോൾ സംഭവിക്കുന്ന അനിവാര്യതയാണ് പിന്നീടുണ്ടാവുന്ന തുടർച്ചകൾ. എത്തി നോക്കാൻ പാകത്തിൽ കുറെ വീഡിയോ ക്ലിപ്പുകൾ ഇറങ്ങിയാൽ വ്യക്തിപരമോ സാമ്പത്തികമോ ആയ പക നിർവഹിച്ചു എന്നും ആ ക്ലിപ്പിലെ പലതരം വയലൻസ് പുറത്താരെങ്കിലും കണ്ടാൽ തീരുന്നതേയുള്ളൂ മാനം എന്നൊക്കെയുള്ളത് മൗഢ്യമാണെന്ന് പൊലീസ് ഭാഷ്യത്തിൽ ‘കുറ്റകൃത്യം’ നടത്തിയവർക്കും കുറച്ചൊക്കെ പൊതുസമൂഹത്തിനും മനസിലായിട്ടുണ്ടാവും. കൽപ്പിച്ചു തന്ന മാനാഭിമാനത്തിനും ശരി തെറ്റുകൾക്കും മേലെയാണ് ആത്മാഭിമാനം. ആ ആത്മാഭിമാനമാണ് ഏറ്റവും വലിയ ശരിയും. നമ്മളിവിടെയിരുന്ന് ഇത്തരം സദാചാരം പ്രസംഗിക്കുന്ന സമയം കൊണ്ട് തനിക്കു പരാതിയുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് നിന്ന ഒരുവളുണ്ടാവുന്നു.

പേടിപ്പെടുത്തുന്നത് അറസ്റ്റിലായ സൂപ്പർ താരത്തിന് കിട്ടുന്ന പിന്തുണകളുടെ വിചിത്ര യുക്തിയാണ്. നിങ്ങളൊരാളെ പിന്തുണക്കുന്നത്, അയാളുടെ ശരികളിൽ വിശ്വസിക്കുന്നത് നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. തീർച്ചയായും കോടതി കുറ്റക്കാരനെന്നു വിളിക്കും വരെ ഒരു വ്യക്തി കുറ്റാരോപിതൻ മാത്രമാണ്. നിരവധി രാഷ്ട്രീയത്തടവുകാരുള്ള ഒരു നാട്ടിൽ, മുടിയും താടിയും വളർത്തിയാൽ അറസ്റ്റ് ചെയ്യുന്ന ഒരു നാട്ടിൽ അത്തരം ബോധ്യങ്ങൾക്ക് ഒരിക്കലും സ്ഥാനമില്ലാതാവുന്നില്ല. പക്ഷെ ഇനി അഥവാ ക്രൈം ചെയ്താലും അതൊരു നായകന്റെ സ്വഭാവിക പ്രതികാരമെന്നുറച്ചു വിശ്വസിക്കുന്നവരുണ്ട്. അവളെ മാത്രം അങ്ങനെ ചെയ്യണമെങ്കിൽ അവളെന്തോ കാര്യമായ തെറ്റു ചെയ്തിട്ടുണ്ടാവും എന്നവർ വളരെ പരസ്യമായി പറയുന്നു.

ദിലീപിന്റെ ഒരു സിനിമയുണ്ട്, മിസ്റ്റർ മരുമകൻ. ബലാല്‍ഭോഗത്തിനു പകരം വില്ലന്റെ വേണ്ടപ്പെട്ടവളെ ബലാല്‍ഭോഗം ചെയ്ത് പ്രതികാരം നിർവഹിക്കാൻ ശ്രമിക്കുന്നതാണ് അതിന്റെ പ്രധാന കഥ. അഹങ്കാരികളായ മൂന്നു സ്ത്രീകളെ പാഠം പഠിപ്പിക്കുന്ന മറ്റൊരു ഉപകഥയുമുണ്ട് ആ സിനിമക്ക്. അതിലെ സ്ത്രീ വിരുദ്ധതയും മനുഷ്യ വിരുദ്ധതയുമൊക്കെ എവിടെയൊക്കെയോ ചർച്ചയായി. ആ ചർച്ചകളെ ഒക്കെ ‘കൊച്ചമ്മ തമാശകൾ’ ആയിക്കണ്ട ആൾക്കൂട്ടത്തിന് ആ സിനിമയോട് വലിയ എതിർപ്പുണ്ടായില്ല. ‘ഒറ്റ റേപ്പ് വച്ച് തന്നാലുണ്ടല്ലോ’ എന്നാണയാൾ മീശമാധവനിലും നെടുവീർപ്പിടുന്നത്. സിനിമയിലെപ്പോഴും പ്രതികാരമാർഗമായി റേപ്പിനെ കണ്ട് കയ്യടിക്കുന്നവർ, റേപ്പ് ജോക്കിന് ഊറിച്ചിരിക്കുന്നവർ ഒക്കെ പറയുന്ന ന്യായം ഇത് സിനിമയല്ലേ എന്നാണ്. അല്ല, സിനിമയല്ല; അതൊരു മനോഭാവമാണ്. അയാൾ ‘പണി’ കൊടുത്ത് വലുതാക്കുന്ന സാമ്രാജ്യത്തെ നോക്കി ആദരിക്കുന്നവരാണ് ആ നിലയ്ക്ക് വലിയ കുറ്റവാളികൾ. ഞങ്ങളുടെ താരം അങ്ങനെ ചെയ്യില്ല എന്നല്ല, ചെയ്താലും അതയാളുടെ ഹീറോയിസമാണ് എന്നു വിശ്വസിക്കുന്നവരുടെ മനോനില വിചിത്രമാണ്. സാമാന്തര സാമ്രാജ്യത്തിലെ ഡോണായി സ്വന്തം വിധി തീർപ്പാക്കി ജീവിക്കാൻ ജനാധിപത്യ സംവിധാനത്തിൽ വകുപ്പില്ല.

റേപ്പ് എന്ന കുറ്റകൃത്യം ഒരു ശരീരത്തിന് നേരെ നടക്കുന്ന കടന്നാക്രമണമാണ്. ഒരാളെ തല്ലി കൊല്ലും പോലെയും ക്രൂരമായി മറ്റു പല വിധത്തിൽ ആക്രമിക്കും പോലെയും ഉള്ള വയലൻസ് ആണത്. ഈ പ്രാഥമിക പാഠത്തിന്റെ സാമാന്യ മര്യാദ ഇല്ലാതെയാണ് നമ്മളെപ്പോഴും റേപ്പ് സർവൈവറെ കാണുന്നത്. നമ്മളിപ്പോഴും അവർ വേദനിക്കുന്ന ക്ലിപ്പുകളിൽ നോക്കി ശരീരത്തിന്റെ അളവെടുക്കാൻ കാത്തിരിക്കുകയാണ്. വെറുതെയല്ല അവനിങ്ങനെ ചെയ്തേ എന്നസൂയപ്പെടാൻ കാത്തിരിക്കുകയാണ്. ഹോ, ആ കാറിലുണ്ടായിരുന്നവരുടെ, അവളെ കെട്ടുന്നവന്റെ ഭാഗ്യം എന്ന് നെടുവീർപ്പിടാൻ കാത്തിരിക്കുകയാണ്. ആ ഭാഗ്യങ്ങളുടെ ആസൂത്രകൻ എന്ന നിലയിലാണ് നടനെ കൂവുന്നതും അയാളുടെ സ്ഥാപനങ്ങൾ അടിച്ചു തകർക്കുന്നതും. അവർ അതിജീവിച്ചവരെ കണ്ടാലും കൂവി വിളിക്കും. സൂര്യനെല്ലി കേസിലെ അതിജീവിച്ച സ്ത്രീയെ കണ്ടാലും ഇവർ കൂവി വിളിക്കും. ഒരിടത്ത് ചൂഷണമുണ്ടെന്നുറച്ചു പറഞ്ഞ നടിയും അവർക്കു കൂട്ടു വന്ന സഹപ്രവർത്തകരും പ്രതീക്ഷയുടെ തണലു തരുമ്പോഴും ഇപ്പുറത്തിരുന്ന് ഈ കൂട്ടം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, നാം ഒരു തോറ്റ ജനതയാണെന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍