UPDATES

സിനിമാ വാര്‍ത്തകള്‍

നടന്‍ ദിലീപ് ‘കിംഗ് ലയര്‍’ ആണെന്ന് പ്രോസിക്യൂഷന്‍

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും മൊബൈലുകള്‍ പതിവായി ഒരേ ടവറിന് കീഴില്‍ വരുന്നതെങ്ങനെയാണെന്നും പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വിചാരണ ഹൈക്കോടതിയില്‍ തുടരുന്നു. ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടെന്നും ദിലീപ് കിംഗ് ലയര്‍ ആണെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണ്.

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും മൊബൈലുകള്‍ പതിവായി ഒരേ ടവറിന് കീഴില്‍ വരുന്നതെങ്ങനെയാണെന്നും പ്രോസിക്യൂഷന്‍ ചോദിക്കുന്നു. രാവിലെ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പഴിചാരിയിരുന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചതാണ്. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണ്. പോലീസുകാര്‍ കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള ആരോപിക്കുന്നു.

പള്‍സര്‍ സുനി പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണ്. ഗൂഢാലോചനയെന്ന പോലീസിന്റെ വാദം തെറ്റാണെന്നും ദിലീപ് ഇന്നലെ വാദിച്ചിരുന്നു. സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ച് വന്നുവെന്നല്ലാതെ കണ്ടതിന് തെളിവില്ലെന്നും പിന്നെങ്ങനെ ഗൂഢാലോചന ആരോപിക്കുമെന്നുമാണ് മറ്റൊരു വാദം. സ്വന്തമായി കാരവാന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന വിധത്തില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്നതില്‍ യുക്തിയില്ല. പോലീസ് കണ്ടെടുത്ത ഒമ്പത് മൊബൈല്‍ ഫോണുകളില്‍ ഒന്നില്‍ നിന്നുപോലും ദിലീപിന് കോള്‍ പോയിട്ടില്ല. നാല് വര്‍ഷമായി ഗൂഢാലോചന നടക്കുന്നുവെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേയെന്നും പ്രതിഭാഗം ചോദിക്കുന്നു.

ക്വട്ടേഷനാണെന്നാണ് ആദ്യമൊഴിയില്‍ തന്നെ നടി പറഞ്ഞിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചിട്ടില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്ന് പോലും ചോദിച്ചിട്ടില്ല. നടിയുമായി ബന്ധമുള്ളവരാണ് കേസിലെ സാക്ഷികളെല്ലാവരും. മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ അന്വേഷണത്തില്‍ ഇടപെടാന്‍ അനുവദിക്കാത്തത് മറ്റാരെയോ രക്ഷിക്കാനാണെന്നും പ്രതിഭാഗം ആരോപിക്കുന്നു. കൂടാതെ അറസ്റ്റിന് പിന്നാലെ ദിലീപിന്റെ ഭൂമാഫിയ, ഹവാല ബന്ധങ്ങള്‍ ആരോപണമുയരുകയും അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുകയും ചെയ്തതാണ്. ഇത് വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നും പ്രതിഭാഗം ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍