UPDATES

സിനിമ

സ്വയം ഞെട്ടുമെങ്കിലും ഭൂതകാലത്തെക്കുറിച്ച് ഒന്നാലോചിക്കുക; അഴിക്കുള്ളിലെ സമയം അതിനുപയോഗിക്കണം ദിലീപ്

ചിലരുടെ കണ്ണീരിന്റെ വിലയാണ് ജയില്‍ കുപ്പായത്തിലെ ഒരു നമ്പറായി എഴുതപ്പെട്ടപോയ ഈ ജീവിതം

കെ എ ആന്റണി

കെ എ ആന്റണി

നല്ലൊരു ചിത്രകാരന്‍ അല്ലെങ്കില്‍ ഒരു നല്ല പള്ളി പാട്ടുകാരന്‍ അതുമല്ലെങ്കില്‍ ഒരു നല്ല പാതിരി. ഇതില്‍ ഏതെങ്കിലും ഒന്നാവേണ്ടതായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഈ മൂന്നുവഴികളും തിരസ്‌കരിച്ചു ആദ്യം കൂലിപട്ടാളക്കാരനും തുടര്‍ന്ന് ഏകാധിപതിയും വംശഹത്യ വീരനും ഒക്കെ ആയി മാറാന്‍ എന്തിനു ഹിറ്റ്‌ലര്‍ തയ്യാറായി എന്നത് സംബന്ധിച്ച് ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ഇതില്‍ ഭൂരിഭാഗവും അമേരിക്കന്‍ ചാര സങ്കടനയായ സിഐഎ വക കൂലി എഴുത്താണെന്നത് മറ്റൊരു കാര്യം.

ഹിറ്റലറെ ഇപ്പോള്‍ സ്മരിക്കാന്‍ കാര്യം മിമിക്രിയില്‍ തുടങ്ങി അഭിനയത്തില്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ച ദിലീപ് എന്ന മെഗാ സ്റ്റാറിന്റെ ആര്‍ത്തി പൂണ്ട ജൈത്ര യാത്രക്കൊടുവില്‍ സംഭവിച്ച വന്‍ വീഴ്ചയെക്കുറിച്ചോര്‍ത്തിട്ടാണ്. ഉയരങ്ങളില്‍ നിന്നും വീഴുമ്പോള്‍ വീഴചയുടെ ആഘാതവും ആകാതവും കൂടും. അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയുമെന്ന് പഴമക്കാര്‍ പറഞ്ഞത് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഉദിച്ചുയര്‍ന്ന ഒരു കൊച്ചു താരം കുടുംബ സദസ്സുകള്‍ക്കു പിന്നീട് പ്രിയങ്കരനായി മാറിയെങ്കില്‍ അതവരുടെ ബ്ലാങ്ക് ചെക്കായി കണ്ടു ഇത്രയേറെ അഹങ്കാരം വേണ്ടിയിരുന്നോ എന്ന് അഴിക്കുള്ളില്‍ കിടക്കുന്ന ഇടവേളയിലെങ്കിലും നന്നായൊന്നു ആലോചിക്കുക; ഒപ്പം അര്‍ദ്ധരാത്രിക്കും കുടപിടിക്കുന്ന അല്‍പ്പത്തരങ്ങളെക്കുറിച്ചും തനിക്കാക്കി വെടക്കാക്കുന്ന കയ്യിരിപ്പിനെക്കുറിച്ചും.

"</p

ആവേശം പൂണ്ടു കയ്യടിച്ചവര്‍ കൂവി വിളിക്കുകയും പുട്ടു കടയും ടാക്കീസുമൊക്കെ കയ്യേറാന്‍ നില്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു പാപ്പി അപ്പച്ചാ സിനിമപോലെ അത്ര ലളിതമല്ല ജീവിത യാഥാര്‍ഥ്യമെന്ന്. ഒരു ദേശീയ അവാര്‍ഡ് ലക്ഷ്യമിട്ടു താങ്കള്‍ നടത്തിയ ആദ്യ സംരഭം വൃഥാവിലായതു എന്തുകൊണ്ടെന്ന് ഈ ഘട്ടത്തില്‍ ചിന്തിക്കുന്നതും നന്നായിരിക്കും. കഥാവശേഷന്റെ കഥ അവിടെ നില്‍ക്കട്ടെ. റിയല്‍ എസ്‌റ്റേറ്റും പുട്ടു കച്ചവടവും സിനിമ കോംപ്ലെക്‌സും പ്രൊഡക്ഷന്‍ കമ്പനിയുമൊക്കെ വാര്‍ധക്യ കാലം മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ എന്ന് കരുതി മാപ്പാക്കിയാല്‍ പോലും തെളിഞ്ഞു കത്തുന്ന കുശുമ്പും കുന്നായിമ്മയുമൊക്കെ ഇക്കഴഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടയില്‍ ഒഴുക്കി എന്ന് പറയുന്ന കണ്ണീരില്‍ കഴുകി കളയാന്‍ പറ്റുന്നതല്ലെന്നു കൂടി ഓര്‍ക്കുന്നത് നന്നാവും. ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടി മാത്രമല്ലല്ലോ, ആദ്യ ഭാര്യയും പുതിയ ഭാര്യയും ഒക്കെ ഒഴുക്കിയ കണ്ണീരിന്റെ വിലകൂടിയാണ് ഇന്നിപ്പോള്‍ ജയിലില്‍ അണിയാന്‍ കിട്ടിയ കുപ്പായത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നമ്പറും എന്നുകൂടി ആലോചിച്ചു കൂടുതല്‍ അഭ്യാസങ്ങള്‍ക്കു മുതിരാതെ ഇനിയെങ്കിലും ഒരു നല്ല മനുഷ്യനാവാന്‍ ശ്രമിക്കുക.

താങ്കള്‍ നിരപരാധിയാണെന്ന് രാംകുമാര്‍ വക്കീല്‍ പറയുന്നതുകേട്ടു. അദ്ദേഹം ഒരു നല്ല വക്കീലാണ്. എന്ന് കരുതി കെട്ടിച്ചമച്ച കേസ് എന്ന വാദം കോടതിയില്‍ നിലനില്‍ക്കണമെന്നില്ലല്ലോ. ഇനിയിപ്പോള്‍ ഗ്രേഡ് കൂടിയ വക്കീലന്മാര്‍ വരും വാദിക്കും. ഒരു പക്ഷെ താങ്കള്‍ തന്നെ സിഐഡി മൂസ വേഷം കോടതിയിലും അവതരിപ്പിച്ചുകൂടായ്കയില്ല. അപ്പോഴും സ്വന്തമായി തിരക്കഥ എഴുതിയ ട്വന്റി ട്വന്റി പോലെ ആര്‍ക്കും എളുപ്പത്തില്‍ ഊരിപ്പോരാന്‍ പറ്റുന്ന വിധത്തിലായിരിക്കില്ല പോലീസിന്റെ തിരക്കഥയെന്നും അറിഞ്ഞു വെക്കുന്നതും നന്നാവും. ഒരു പക്ഷെ ആളൂര്‍ വക്കീലിനെങ്കിലും അതുകൊണ്ടു ചില്ലറ ഉപകാരം ഉണ്ടായിക്കൂടാതെയില്ലല്ലോ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍