UPDATES

ട്രെന്‍ഡിങ്ങ്

ദിലീപേട്ടാ ഞാന്‍ സുനിയാണ്.. കത്തും ഫോണ്‍ വിളികളും പോലീസിനെ സഹായിച്ചത് ഇങ്ങനെ

പള്‍സര്‍ സുനി ജയിലിന് പുറത്തിറങ്ങിയിരുന്നെങ്കില്‍ ഈ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു

ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷം അന്വേഷണം ആരംഭിച്ച പോലീസ് അധികം വൈകാതെ പള്‍സര്‍ സുനിയെയും കൂട്ടാളികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെ അതിന് അനുവദിക്കാതെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി അന്ന് വിവാദമായെങ്കിലും കോടതിയില്‍ ഹാജരായി സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആകുകയായിരുന്നെങ്കില്‍ കേസ് മറ്റൊരു വിധത്തിലാകുമായിരുന്നു. അതേസമയം കോടതിയില്‍ കീഴടങ്ങാനാവാതെ പോലീസ് കസ്റ്റഡിയിലായത് ഇയാള്‍ക്ക് രക്ഷപ്പെടാനോ കേസിനെ വഴിതിരിച്ചു വിടാനോ ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി.

സുനിയെ മുന്‍നിര്‍ത്തി കേസില്‍ ഗൂഢോലോചനയില്ലെന്ന് പ്രഖ്യാപിച്ച പോലീസിന്റെ തന്ത്രപരമായ മറ്റൊരു നീക്കമാണ് കേസില്‍ സുപ്രധാനമായ തെളിവുകള്‍ തങ്ങളുടെ കയ്യിലേക്കെത്തുന്നതിന് പോലീസിനെ സഹായിച്ചത്. പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വിശ്വസിപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ പോലീസിന് കഴിഞ്ഞു. സുനി ജയിലിന് പുറത്തുവരാതിരിക്കേണ്ടത് കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ നിര്‍ണായകമാണെന്ന് വിലയിരുത്തിയ അന്വേഷണസംഘം അറുപത് ദിവസം കഴിയും മുമ്പ് ആദ്യകുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ റിമാന്‍ഡ് പ്രതികള്‍ക്ക് സോപാധിക ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടഞ്ഞു.

ജയിലിനകത്ത് പരമാവധി നിസ്സഹായനാകുന്നതോടെ സുനി ക്വട്ടേഷന്‍ നല്‍കിയവരെ ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന നിഗമനത്തിലായിരുന്നു ഇത്. ഈ തന്ത്രം ഫലപ്രദമാകുകയും ചെയ്തു. ജയിലിലെ കോയിന്‍ ബൂത്തില്‍ നിന്നും സുനി ആദ്യ കോള്‍ ചെയ്തപ്പോള്‍ തന്നെ പോലീസ് പ്രതികളിലേക്കുള്ള യാത്രയും ആരംഭിച്ചുവെന്ന് വേണം പറയാന്‍. ദിലീപിന്റെ ഒരു പരിചയക്കാരന് പോയ ഈ കോളിന്റെ ലക്ഷ്യം ദിലീപ്, അപ്പുണ്ണി, നാദിഷ എന്നിവരുടെ ഫോണ്‍ നമ്പരുകളായിരുന്നു ഈ കോളിന്റെ ലക്ഷ്യം. ഇതോടെ ഇവര്‍ മൂന്ന് പേരും പോലീസിന്റെ നിരീക്ഷണത്തിലാകുകയും ചെയ്തു. പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കി പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിച്ചതായി തെറ്റിദ്ധരിച്ച ദിലീപും സംഘവും നേരത്തെ തീരുമാനിച്ചിരുന്ന അമേരിക്കന്‍ പ്രോഗ്രാമിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴാണ് ഈ ഫോണ്‍വിളികള്‍ പോലീസിന് ലഭിക്കുന്നത്. എന്നാല്‍ പോലീസിനുള്ളില്‍ തന്നെയുള്ള ചാരന്മാര്‍ ദിലീപിന് തുണയായെത്തി.

വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ മുഖം കാണിക്കാന്‍ സാധിച്ച ഒരു ഉദ്യോഗസ്ഥന്‍ പോലീസിന്റെ നീക്കങ്ങള്‍ ദിലീപിന് ചോര്‍ത്തുകയായിരുന്നു. സുനി ജയിലില്‍ നിന്നെഴുതിയ കത്തും വാട്‌സ്ആപ്പ് വഴി ദിലീപിന് ലഭിച്ചു. ദിലീപേട്ടാ ഞാന്‍ സുനിയാണ് എന്ന് തുടങ്ങുന്ന കത്തിലെ പല സൂചനകളും കേസില്‍ ദിലീപിനുള്ള പങ്കിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ നല്‍കുകയായിരുന്നു. ഈ കത്ത് ഉള്‍പ്പെടെയുള്ള 19 തെളിവുകളാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചത്. തനിക്ക് രക്ഷപ്പെടണമെന്നില്ലെന്നും പക്ഷെ തനിക്കൊപ്പം കുടുങ്ങിയ അഞ്ച് പേരെ രക്ഷിക്കണമെന്നുമാണ് കത്തില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

താന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിന് മുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നുവെന്നാണ് കത്തില്‍ ഇയാള്‍ പറയുന്നത്. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്ന് പറഞ്ഞുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തെയാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചു. കൂടാതെ താന്‍ നാദിര്‍ഷയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതായും ഇയാളുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ നേരിട്ട് വിളിക്കേണ്ടെന്ന് പറഞ്ഞിട്ടുള്ളതിനാലാണ് വിളിക്കാത്തതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ നാദിര്‍ഷയില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. കത്തിലെ നാദിര്‍ഷയെക്കുറിച്ചുള്ള പരാമര്‍ശവും കോയിന്‍ ബോക്‌സില്‍ നിന്നും വിളിച്ച കോളുകളില്‍ നാദിര്‍ഷയുടെ നമ്പര്‍ തിരക്കിയതും കേസിലെ നാദിര്‍ഷയുടെ ബന്ധം പോലീസിന് വ്യക്തമാക്കി കൊടുത്തു.

എന്നാല്‍ പള്‍സര്‍ സുനിയും കൂട്ടാളികളും തന്നെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയതാണ് ദിലീപ് കേസില്‍ കാണിച്ച മറ്റൊരു മണ്ടത്തരം. ഇതും പോലീസിന് ഇയാള്‍ക്കെതിരായ തെളിവുകളിലേക്കുള്ള ചൂണ്ടുപലകയായി. പരാതിയ്‌ക്കൊപ്പം സമര്‍പ്പിച്ച ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇയാളെ കുഴിയില്‍ ചാടിച്ചത്. മലയാളത്തിലെ ഒരു സൂപ്പര്‍ താരം, മുന്‍നിര നിര്‍മ്മാതാവ്, പ്രമുഖ നടി എന്നിവര്‍ കേസില്‍ ദിലീപിന്റെ പേര് പറയാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് ഈ ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ ദിലീപും നാദിര്‍ഷായും ചേര്‍ന്ന് കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ ശബ്ദരേഖയെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കേസില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ള പങ്ക് പോലീസിന് കൂടുതല്‍ വ്യക്തമായി. കുരുക്ക് മുറുക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമുണ്ടായിരുന്നില്ല പോലീസിന്.

അതോടെ ദിലീപും സുനിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയുടെ സാധ്യതകള്‍ പോലീസ് അന്വേഷിക്കാന്‍ ആരംഭിച്ചു. സുനിയെ കണ്ടിട്ട് പോലുമില്ലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടിത്തില്‍ പറഞ്ഞ ദിലീപിന് ഇയാളുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത് അങ്ങനെയാണ്. ഈ കണ്ടെത്തലും ദിലീപിന് കേസില്‍ ബന്ധമുണ്ടെന്ന ഉറപ്പിക്കാന്‍ പോലീസിനെ സഹായിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍