UPDATES

ട്രെന്‍ഡിങ്ങ്

ജാമ്യം ആഘോഷിക്കുന്നവരോട്; ദിലീപിനെ വെറുതെവിട്ടതല്ല

പ്രോസിക്യൂഷന്റെ പരാജയമല്ല; നിയമത്തിന്റെ സ്വാഭാവിക നടപടി മാത്രം

85 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ദിലീപ് പുറത്തിറങ്ങുമ്പോള്‍ അത് നിയമത്തിന്റെ സ്വാഭാവിക നടപടിയായി മാത്രം കാണുക. പ്രോസിക്യൂഷനോ അന്വേഷണസംഘത്തിനോ നേരിടേണ്ടി വന്ന പരാജയമോ ദിലീപിന്റെ വിജയമോ അല്ല. നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ഈ യാഥാര്‍ത്ഥ്യങ്ങളാണ് ഇപ്പോള്‍ നടക്കുന്ന വികാരപ്രകടനങ്ങള്‍ക്കെല്ലാം അപ്പുറം കാണേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം നടത്തിയെന്നു കാണിച്ചാണ് പൊലീസ് ജൂലൈ 10 നു ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. സംശയങ്ങള്‍ നടനുനേരെ ഉയരുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും കിട്ടിയ തെളിവുകളും മൊഴികളും വച്ച് നടനെ ദീര്‍ഘനേരം ചോദ്യം ചെയ്യുകയും ചെയ്തശേഷമാണ്, നടന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തെളിവുകള്‍ എതിരാണെന്നുമുള്ള ബോധ്യത്തില്‍ അറസ്റ്റ് നടക്കുന്നത്.

ജാമ്യം കിട്ടുന്നത് അഞ്ചാമത്തെ ശ്രമത്തില്‍
അറസ്റ്റിലായതിനു പിന്നാലെ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനായി അപേക്ഷിച്ചുവെങ്കിലും നിരാകരിക്കപ്പെട്ടു. തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചു. രണ്ടു തവണയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. മൂന്നാമത്തെ തവണ ഹൈക്കോടതിയെ സമീപിക്കുന്നതിനു മുമ്പായി ഒരിക്കല്‍ കൂടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതും കഴിഞ്ഞാണ് മൂന്നാമത്തെ തവണയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഇത്തവണ ജാമ്യഹര്‍ജി നല്‍കുമ്പോള്‍ ദിലീപിന്റെ ജയില്‍വാസം 70 ദിവസത്തിനുമേല്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് സ്വാഭാവിക ജാമ്യമാണ് ദിലീപ് തേടിയിരുന്നത്. തനിക്കെതിരേയുള്ളത് നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്നതുമാത്രമാണെന്നും പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും അതിനാല്‍ ഇനിയും ജാമ്യം നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നത്. മജിസ്‌ട്രേറ്റ് കോടതി തള്ളിയെങ്കിലും ഇപ്പോള്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത് ഈ വാദമാണെന്നു പറയാം.

ജാമ്യം നിഷേധിക്കുന്നതെങ്ങനെ?
ഹൈക്കോടതി ഇപ്പോള്‍ പരിഗണിച്ച ഹര്‍ജിയില്‍ പ്രോസിക്യൂഷനു മുന്നില്‍ ഉയര്‍ത്തിയ ചോദ്യം ഇതു തന്നെയായിരുന്നു. കേസ് അന്വേഷണം പൂര്‍ത്തിയാകുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം ഒരുങ്ങുന്നു. ഒക്ടോബര്‍ ആറിനു കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പ്രതിയെ ജയിലില്‍ തന്നെ കിടത്തണമെന്നുണ്ടോ എന്ന ചോദ്യം പ്രോസിക്യൂഷനു നേരെ ഉയര്‍ന്നിരിക്കാം. ആദ്യ തവണ നടന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നു പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. കോടതിയത് അംഗീകരിച്ചു. റേപ്പ് സ്റ്റേറ്റിനെതിരായി നടത്തുന്ന കുറ്റമാണ്. സ്വാഭാവികമായും പൊലീസിന്റെ ആവശ്യം കോടതിക്ക് അംഗീകരിക്കേണ്ടി വരും. പിന്നീടുളള ജാമ്യാപേക്ഷകളിലും അന്വേഷണം പുരോഗമിക്കുകയാണ്, സ്വാധീനശക്തിയുള്ള നടന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. ഈ ഘട്ടങ്ങളിലെല്ലാം അന്വേഷണ പുരോഗതിയും ലഭ്യമായ തെളിവുകളും കോടതിയെ ബോധിപ്പിക്കാനും പ്രോസിക്യൂഷനു സാധിച്ചിരുന്നു. ഇവയംഗീകരിച്ച് അന്വേഷണത്തിനു തടസമുണ്ടാകാതിരിക്കാന്‍ കുറ്റാരോപിതനെ പുറത്തുവിടാതിരിക്കാന്‍ കോടതിക്കു തീരുമാനിക്കാം.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നാണ് അനുമാനിക്കേണ്ടത്. ഇനി നടന്റെ ഭാഗത്തു നിന്നും പ്രതികൂലമായ നീക്കങ്ങള്‍ നടക്കില്ലെന്നു തന്നെ കണക്കുകൂട്ടാം. അതുകൊണ്ട് തന്നെ ജാമ്യം നിഷേധിക്കുന്നതില്‍ കാര്യമില്ല. അത്തൊരുമൊരു തീരുമാനത്തില്‍ നിന്നും കോടതിയെ പിന്തിരിപ്പിക്കാന്‍ തക്ക വാദങ്ങളൊന്നും തന്നെ നിരത്താന്‍ പ്രോസിക്യൂഷന് കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് നിയമം അതിന്റെ സ്വാഭാവിക നടപടിയെന്ന നിലയില്‍ നടന് ജാമ്യം കൊടുത്തിരിക്കുന്നത്. അകാരണമായി ഒരു കുറ്റാരോപിതനെ തടവറയില്‍ തളച്ചിടുന്നൂവെന്ന കളങ്കം കൂടി ഒഴിവാക്കിയിരിക്കുകയാണ് കോടതിയെന്നും ചില നിയമവിഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രോസിക്യൂഷന് തിരിച്ചടിയല്ല
ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ നേരിട്ട തിരിച്ചടിയാണെന്നുള്ള വ്യാഖ്യാനം ശരിയല്ല. പ്രതിക്ക് ജാമ്യം നല്‍കരുതെന്നു തന്നെയാണ് ഇത്തവണയും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അത് സ്വാഭാവികമാണ്. കോടതി അതു നിരാകരിച്ചത് പക്ഷേ പ്രോസിക്യൂഷന്റെ പരാജയമാണെന്നു പറയാന്‍ കഴിയില്ല. അന്വേഷണസംഘത്തിന് അവര്‍ ആഗ്രഹിച്ച സമയം ലഭിക്കുകയും അന്വേഷണത്തിന്റെ നിര്‍ണായക സമയങ്ങളില്‍ ദിലീപിനെ പുറത്തിറക്കാതിരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആവശ്യമായ തെളിവുകളും മൊഴികളും ശേഖരിച്ചു കഴിഞ്ഞെന്നാണ് അന്വേഷണസംഘം പറയുന്നത്. ഒക്ടോബര്‍ ആറിന് കുറ്റപത്രം സമര്‍പ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇനിയതിന്‍മേല്‍ സൂക്ഷമപരിശോധനകള്‍ നടത്തി പിഴവുകളും പഴുതകളും അടയ്ക്കുകയെന്ന ജോലിയാണ്. ഈ ഘട്ടത്തില്‍ ദിലീപ് പുറത്തിറങ്ങുന്നത് അന്വേഷണസംഘത്തിന് തിരിച്ചടിയാകില്ല.

വിചാരണ വരെ സാധാരണ ജീവിതം
ദിലീപിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു പറയാന്‍ കഴിയില്ലെന്നാണ് നിയമവിഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് ജാമ്യം നല്‍കി കൊണ്ടു പറയുന്ന ഉപധികള്‍മാത്രമാണ് ദിലീപിന്റെ കാര്യത്തിലും ഉള്ളത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുക, രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുക, അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകുക, സാക്ഷികളെ സ്വാധിനിക്കാതിരിക്കുക, കേസുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്താതിരിക്കുക എന്നിവയാണ് ജാമ്യ ഉപാധികളായി പറഞ്ഞിരിക്കുന്നത്.

കേസില്‍ വിചാരണ പൂര്‍ത്തിയായി ദിലീപ് കുറ്റവാളിയാണെന്നു കോടതി കണ്ടെത്തിയാല്‍ മാത്രമാണ് ദിലീപ് ഇനി ജയിലിലേക്ക് പോകേണ്ടി വരിക. വിചാരണ നടപടികള്‍ നടന് പുറത്തു നിന്നു നേരിടാം. അതേപോലെ വിചാരണ തുടങ്ങുന്നതുവരെ നടന് സാധാരണജീവിതം നയിക്കാം. തന്റെ തൊഴിലായ സിനിമ അഭിനയത്തിനും വിലക്കില്ല. ജില്ല വിട്ടുപോകരുതെന്ന നിര്‍ദേശം ഇല്ലാത്തതിനാല്‍ സിനിമ അഭിനയത്തിനു തടസമുണ്ടാകില്ല. വിദേശ യാത്രകള്‍ക്ക് മാത്രമാണ് വിലക്ക്.

കൂടുതല്‍ ശ്രദ്ധിക്കണം
ജാമ്യത്തില്‍ പുറത്തിറങ്ങുമ്പോഴും വിചാരണ പൂര്‍ത്തിയാകുംവരെ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു നടന്‍ എന്നാണ് പൊലീസ് വൃത്തങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. നടന്റെ ഓരോ നീക്കങ്ങളും അന്വേഷണസംഘം നിരീക്ഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടവരെയോ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന് നടന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. അതിനാല്‍ തന്നെ ഏറെ ശ്രദ്ധിച്ചു മാത്രമായിരിക്കും ഇനി നടന്റെ ദിവസങ്ങള്‍.

കുറ്റപത്രം
നടന് ജാമ്യം കിട്ടിയ സ്ഥിതിക്ക് ഒക്ടോബര്‍ ആറിനു തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തയ്യാറാകും. ഈ കുറ്റപത്രത്തില്‍ ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തുള്ള ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് വിവരം. മാനഭംഗമടക്കമുള്ള കുറ്റങ്ങള്‍ നടനെതിരേ ചുമത്തും. പ്രധാനപ്രതി പള്‍സര്‍ സുനിയും സംഘവും ചെയ്ത കുറ്റങ്ങളിലെല്ലാം ദിലീപിനും തുല്യ പങ്കുണ്ടെന്നായിരിക്കും കുറ്റപത്രത്തില്‍ പറയുക. അതിലേറെ പ്രധാനപ്പെട്ട ചോദ്യം കുറ്റപത്രത്തില്‍ ഇപ്പോള്‍ അറസ്റ്റിലാവാത്ത ആരെങ്കിലും ഉള്‍പ്പെടുമോ എന്നാണ്. സംവിധായകന്‍ നാദിര്‍ഷായുടെ കാര്യമാണ് ഇത്തരത്തില്‍ സംശയിക്കുന്നത്. പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നൊരാളെ അറസ്റ്റ് ചെയ്യണമെന്നത് മാന്‍ഡേറ്ററിയല്ലാത്തതിനാല്‍ കുറ്റപത്രത്തില്‍ നാദിര്‍ഷായുടെ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്തായലും ആരാധകര്‍ ഇപ്പോള്‍ നടത്തുന്ന ആഘോഷം വൈകാരിക പ്രകടനം മാത്രമാണെന്നും ജാമ്യം കേസില്‍ നിന്നുള്ള വിടുതലായി കാണേണ്ടതില്ലെന്നുമാണ് നിയമവൃത്തങ്ങളില്‍ ഉള്ളവര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍