UPDATES

സിനിമാ വാര്‍ത്തകള്‍

മതപരിവര്‍ത്തനത്തിന്റെ പേരിലെ സംഘപരിവാര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് സംവിധായകന്‍ അലി അക്ബര്‍

ക്രിസ്ത്യാനിയെ വിവാഹം ചെയ്ത താന്‍ ക്രിസ്തുമതമോ അവര്‍ ഇസ്ലാം മതമോ സ്വീകരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഇടക്കിടെ താന്‍ ധര്‍മ്മ സന്തതിയാണെന്നും അലി അക്ബര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്

മതപരിവര്‍ത്തനത്തിന്റെ പേരില്‍ സംഘപരിവാര്‍ സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച ആക്രമണങ്ങളെ കൊലവിളികളെയും ന്യായീകരിച്ച് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അലി അക്ബര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിച്ച് പരാജയപ്പെട്ടിട്ടുമുണ്ട്.

‘വിശുദ്ധ ഖുര്‍ആന്‍ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റില്‍ മലവിസര്‍ജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും, കൂലിക്ക് മതം മാറ്റാന്‍ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിര്‍ക്കുകയും ചെയ്യും’ എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിക്കുന്ന അലി അക്ബര്‍ ഭാര്യ ലൂസിയാമ്മ അലി അക്ബറിനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. ക്രിസ്ത്യാനിയെ വിവാഹം ചെയ്ത താന്‍ ക്രിസ്തുമതമോ അവര്‍ ഇസ്ലാം മതമോ സ്വീകരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഇടക്കിടെ താന്‍ ധര്‍മ്മ സന്തതിയാണെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

’30 വര്‍ഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള്‍ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ് അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാന്‍ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടില്‍ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്‌കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്, ചാച്ചനും അമ്മച്ചിയും ഇത്തയും ഉമ്മയുമുള്ള കുടുംബം, നാളെ എന്റെ ബന്ധുവായി ഒരു ഹൈന്ദവന്‍ കയറി വന്നാല്‍ അവനൊരു പൂജാ മുറി തയ്യാറാക്കുന്നതില്‍ എനിക്കെതിര്‍പ്പുമില്ല. ഈശ്വരന്‍ ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളില്‍ രൂപങ്ങളില്‍ വിളിച്ചോളൂ എന്നു പറഞ്ഞ ധര്‍മ്മ സന്തതിയാണ് ഞാന്‍, നിങ്ങള്‍ എന്റെ പരേതനായ അമ്മായി അപ്പനെ,അമ്മായി അമ്മയെപ്പോലെ അവരുടെ കുടുംബത്തെ പോലെ ദൈവ സ്‌നേഹമുള്ള ക്രിസ്ത്യാനികള്‍ ആവൂ, എന്റെ പരേതയായ ഉമ്മയെപ്പോലെ അല്ലാഹുവിനെ സ്‌നേഹിക്കുന്ന മുസ്ലിം ആകൂ, എന്റെ ഗുരുനാഥരെ പോലെ ധര്‍മ്മത്തില്‍ ചലിക്കുന്ന ഹിന്ദുവാകൂ… ഒരു തര്‍ക്കത്തിനും ഇട വരാത്തവിധം പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകൂ ഈ ധര്‍മ്മ ഭൂവില്‍ അതിനുള്ള ഇടമുണ്ട് ഓരോരുത്തരും അവനവന്‍ ആയിരുന്നാല്‍ മതി, അന്യന്റെ വിശ്വാസത്തില്‍ കോലിട്ടിളക്കാതിരുന്നാല്‍ മതി, മതത്തിന്റെ പേരില്‍ ഭരണത്തില്‍ കൈയിട്ട് വരാതിരുന്നാല്‍ മതി, എന്റേത് വലുതും നിന്റേതു ചെറുതും എന്നൊരു ധാരണയുണ്ടല്ലോ അതങ്ങു മാറ്റി വച്ചാല്‍ മതി,… രണ്ടു മതത്തെയും ഒന്നിനെയും ഹനിക്കാത്ത ഒരു സംസ്‌കാരത്തെയും ഞാനറിഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുമുണ്ട് തര്‍ക്കിച്ചിട്ടു മുണ്ട് ഇനിയും തര്‍ക്കിക്കുകയുമാവാം.. അല്ലാതെ വിശുദ്ധ ഖുര്‍ആന്‍ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റില്‍ മലവിസര്‍ജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും , കൂലിക്ക് മതം മാറ്റാന്‍ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിര്‍ക്കുകയും ചെയ്യും. എന്റെ സുഹൃദ് വലയത്തില്‍ നല്ല ക്രിസ്ത്യന്‍ പുരോഹിതരുണ്ട്, മുസ്ലിം പണ്ഡിതരുണ്ട്, സ്വാമി ചിതാനന്ദപുരിരാജയും,മാതാ അമൃതാനന്ദമയിയും, അതിലുപരി നല്ല നിരീശ്വര വാദികളുമുണ്ട്.ഇവരാരും തന്നെ അലിഅക്ബറിനെ അവരാക്കാന്‍ ശ്രമിച്ചിട്ടില്ല, അവരെ ഞാനാക്കാന്‍ ഞാനും ശ്രമിച്ചിട്ടില്ല. എല്ലാം ഉള്‍ക്കൊള്ളുന്ന നല്ല സുഗന്ധം പരക്കുന്ന ഒരിടമാക്കി ഈ ഭാരതത്തെ മാറ്റുക നാനാത്വത്തില്‍ ഏകത്വമെന്നത് നമുക്ക് മാത്രം അവകാശപെട്ടതാണ്.. ഭാരതം ഒരിക്കലും കൊന്നൊടുക്കുന്ന ഇസ്ലാമിക രാഷ്ട്രമാവരുത്, ദൈവരാജ്യവുമാകരുത്, എന്റെ വീടു പോലെ കൃസ്ത്യാനിയും, മുസല്‍മാനും, ഹൈന്ദവനും..പട്ടിയും പൂച്ചയും സകല പ്രകൃതിയും സഹോദര്യത്തോടെ വാഴുന്ന ഇടമാകണം.. ഒരു ധര്‍മ്മത്തിന്റെ കീഴില്‍ ഒരു കൊടിയുടെ കീഴില്‍ ഒരു നിയമത്തിന്റെ കീഴില്‍. ഇതൊക്കെ പറയുന്നതിന്റെ പേരില്‍ മൂര്‍ച്ച കൂട്ടപ്പെടുന്ന ആയുധങ്ങള്‍ക്ക് എന്റെ ചിന്തയെ മുറിക്കാനാവില്ല എന്നുത്തമ വിശ്വാസവമുണ്ട്. ആര്‍ക്കു മുറിവേറ്റാലും പ്രതികരിക്കയും ചെയ്യും’.

കൊടുങ്ങല്ലൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനെത്തിയ പെന്തകോസ്ത് പുരോഹിതരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൂടാതെ ഈ ആക്രമണത്തെ ന്യായീകരിച്ചും ഹിന്ദുക്കളുടെ വീട്ടില്‍ മതപ്രസംഗത്തിന് വരുന്ന പെന്തകോസ്തുകാരെ വെട്ടിനുറുക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീഡിയോയും ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെയിലാണ് മതപ്രചരണത്തിനെത്തിയവരെ മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ ന്യായീകരിച്ച് സംവിധായകനും രംഗത്തെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അലി അക്ബറിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അലി അക്ബറിന്റെ രാഷ്ട്രീയം തന്നെയാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. സംഘപരിവാറിന്റെ മൂടുതാങ്ങിയായ ആട്ടിന്‍തോലിട്ട ചെന്നായ അലി അക്ബറിന്റെ പുതിയ നമ്പറാണെന്നാണ് ഇതേക്കുറിച്ചുയരുന്ന വിമര്‍ശനം.

വരികള്‍ക്കിടയിലൂടെ അലി അക്ബര്‍ മതേതരത്വത്തിനിടയിലൂടെ ഒളിച്ചു കടത്തുന്ന ന്യായീകരണ രാഷ്ട്രീയം വായിച്ചെടുക്കാമെന്നാണ് അധ്യാപികയായ നസീറ സൈനബ മാങ്കുളത്ത് പറയുന്നത്. മതപരിവര്‍ത്തനം നടത്തിയെന്ന് പറഞ്ഞ് ഒരു പാസ്റ്ററെ ഹിന്ദുത്വവാദികള്‍ ആക്രമിച്ച സംഭവത്തില്‍ സോഷ്യല്‍ മീജിയയിലും പുറത്തും പ്രതിഷേധം നടക്കുമ്പോള്‍ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നത് മഹാപാപമാണെന്ന് വരുത്തി തീര്‍ത്ത് കപട സെക്കുലറിസം ഉണ്ടാക്കാന്‍ നോക്കുകയാണിയാളെന്നും നസീറ ചൂണ്ടിക്കാട്ടുന്നു. മുസ്ലിമും ക്രിസ്ത്യാനിയും ചേര്‍ന്നാല്‍ ഹിന്ദു ആകുമോയെന്നാണ് അവര്‍ ചോദിക്കുന്നത്.


അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

“ഹിന്ദു വീടുകളില്‍ ഓശാനക്ക് വന്നാല്‍ വെട്ടിക്കൂട്ടും”: പാസ്റ്റര്‍മാര്‍ക്ക് തൃശൂരിലെ സംഘപരിവാര്‍ ഭീകരന്റെ ഭീഷണി (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍