UPDATES

സിനിമ

നോട്ട് നിരോധനത്തിനെ വിമര്‍ശിക്കുന്ന ‘ഒരു ചായക്കടക്കാരന്റെ മൻ കി ബാത്തി’ന്റെ പ്രദര്‍ശനം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞതായി ആരോപണം; ചെറിയ പ്രതികരണങ്ങൾ പോലും ഭയപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന് സംവിധായകന്‍

കേരള ക്ലബ്ബിൽ പ്രദർശനം മുടങ്ങിയെങ്കിലും സിനിമ ഡൽഹിയിലെ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്ന് ക്ളോൺ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ഭരണകൂട നടപടികൾക്കെതിരെ ഉയരുന്ന ചെറിയ ശബ്ദങ്ങളെ പോലും ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയിൽ ഡൽഹിയിൽ പ്രദർശനം മുടങ്ങിയ ‘ഒരു ചായക്കടക്കാരന്റെ മൻ കി ബാത്‌’ സംവിധായകൻ സനു കുമ്മിൾ. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഈ ചിത്രം. കൊൽക്കത്ത പീപിൾസ് ഫിലിം ഫെസ്റ്റിവെല്ലിലും, തെലങ്കാനയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കേരള സർക്കാറിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഐ.ഡി.എസ്.എഫ്.കെ യിൽ ജൂറി ഏറ്റവും മികച്ചതെന്ന് കണ്ടെത്തുകയും, സാംസ്കാരിക വകുപ്പ് കാഷ് അവാർഡ് ഉൾപ്പെടെ നൽകി ആദരിക്കുകയും ചെയ്ത ഒരു ഡോക്യുമെന്ററിയുമാണ് ‘ ഒരു ചായക്കടക്കാരന്റെ മൻ കി ബാത്‌ ‘.

എന്നാൽ, സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളിൽ ഈ പേരുകേള്‍ക്കുന്നത് തന്നെ ഒരു ഭയവും, ദേക്ഷ്യവും പ്രകടമാവാറുണ്ട്. അതാണ് ഡൽഹിയിലും സംഭവിച്ചതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

ഭരണകൂട വിരുദ്ധ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് അപ്പുറത്ത് ഇത്തരം ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നവരെ പിന്തുണയ്കാൻ പോലും മടിക്കുന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകൻ കൂടിയായ സനു കുമ്മിൾ പറയുന്നു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നതാണ് ഭീഷണി ഉയരാനുള്ള കാരണം. മോദി സർക്കാറിനെ താറടിച്ചു കാണിക്കുന്ന സിനിമ പ്രദർശിപ്പിച്ചാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഹിന്ദുത്വ സംഘടനകൾ ഉയർത്തിയ ഭീഷണിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെ തുടർന്ന് പ്രദർശനം മാറ്റിവെയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടായിരുന്നു ഡൽഹി കേരള ക്ലബ്ബിൽ ഡോക്യുമെന്ററി പ്രദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഇത് റദ്ദാക്കുകയായിരുന്നു. എന്നാൽ ഡൽഹിയിലെ മലയാളി ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ ക്ളോൺ സിനിമ ആൾട്ടർനേറ്റീവിന്റെ നേതൃത്വത്തിൽ മറ്റൊരിടത്ത് പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇന്നത്തെ സാഹചര്യത്തിൽ എന്താണ് ഉണ്ടാവുകയെന്ന് അറിയില്ലെന്നും സനു പറയുന്നു.

സനു കുമ്മിളിന്റെ പ്രതികരണം ഇങ്ങനെ..

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രദർശിപ്പിച്ച് വരുന്ന ഡോക്യുമെന്ററിയാണ് ‘ചായക്കടക്കാരന്റെ മൻ കി ബാത്‌ ‘. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഈ ചിത്രം. കൊൽക്കത്ത പീപിൾസ് ഫിലിം ഫെസ്റ്റിവെല്ലിലും, തെലങ്കാനയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ, സംഘപരിപാര്‍ ശക്തികേന്ദ്രങ്ങളിൽ ഈ പേരുകേള്‍ക്കുന്നത് തന്നെ ഒരു ഭയവും, ദേക്ഷ്യവും പ്രകടമാവാറുണ്ട്. അതാണ് ഡൽഹിയിലും സംഭവിച്ചതെന്നാണ് കരുതുന്നത്. എല്ലാം തീരുമാനിച്ച് ഉറപ്പിച്ച ശേഷം പത്രത്തിൽ അറിയിപ്പ് ഉൾപ്പെടെ നൽകിയ ശേഷമാണ് സ്ക്രീനിങ്ങ് നടക്കാതിരുന്നത്.

നേരത്തെ, എറണാകുളത്ത് ചിത്രം പ്രദർശിപ്പിച്ചപ്പോഴായിരുന്നു പ്രകടമായി തിരിച്ചറിഞ്ഞ പ്രതിഷേധം നേരിട്ടത്. എന്നാൽ അതിനെ പ്രതിഷേധം എന്ന് പറയാനാവില്ല, പ്രധാനമന്ത്രി കെട്ടിയിറക്കിയ ആളല്ല, ഇത്തരത്തിൽ വിമർശിക്കേണ്ട കാര്യമില്ലെന്ന തരത്തിലുള്ള അഭിപ്രായമായിരുന്നു അന്ന് ചർച്ചകളിൽ ഉൾപ്പെടെ ഉയർന്നത്. എന്നാൽ അന്ന് ചർച്ചയിൽ അവസാനിച്ചു.

ഇതൊരു ചെറിയ ഡോക്യുമെന്ററിയാണ്, 27 മിനിറ്റിൽ ഒരാളുടെ ജീവിതം പറയുന്ന ചിത്രം. അതിനെ പോലും ഭയപ്പെടുന്ന അല്ലെങ്കിൽ ഭയപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തെ കാര്യങ്ങൾ മുന്നോട്ട് പോവുന്നതെങ്കിൽ ഇനിയുള്ള കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ആശങ്കയുണ്ട്.

യഹിയ എന്ന സാധാരണക്കാരനായ വ്യക്തിയുടെ ജീവിതമാണ്  ഡോക്യുമെന്ററി. അത് ഞാൻ തന്നെയാണ് വാർത്ത അന്ന് ആദ്യം നല്‍കിയത്. എന്നാല്‍ വാർത്തയ്ക്ക് അപ്പുറം അദ്ദേഹത്തിന് ഒരു ജീവിതമുണ്ട്, അത് ഡോക്യുമെന്റ് ചെയ്യണം എന്നത് മാത്രമായിരുന്നു ചിത്രം തയ്യാറാക്കിയതിന് പിന്നിലുള്ള ലക്ഷ്യം. സാധാരണ ഡോക്യുമെന്റരി പാറ്റേണിൽ പോലുമല്ല ഇത് ചെയ്തിട്ടുള്ളത്. എന്നാൽ പങ്കുവയ്ക്കുന്ന ആശയം ഭരണകൂടത്തിന് എതിരായതിനാലാവണം പ്രശ്നം വരുന്നത്. ‌

‘ചായക്കടക്കാരന്റെ മൻ കി ബാത്‌’ വിവാദമായപ്പോഴെല്ലാം നിരവധി പേർ ഫോണിൽ വിളച്ചും മറ്റും പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ഒരോ വിഷയം ഉയരുമ്പോഴും നമുക്ക് ഒപ്പം നിൽക്കുന്നവരുടെ എണ്ണത്തിൽ അല്ലെങ്കിൽ പിന്തുണ തരുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 12 വർഷത്തോളമായി മാധ്യമ പ്രവർത്തന രംഗത്തുള്ള വ്യക്തിയാണ് താൻ. എന്നാൽ ഇപ്പോൾ‍ നമ്മുടെ സൗഹൃദ വലയത്തിലുള്ളവർ പോലും നമ്മളെ പിന്തുണച്ചാൽ സോഷ്യല്‍ മീഡിയയില്‍ ഒരു ലൈക്ക് അടിച്ചാൽ, അഭിപ്രായം എഴുതിയാൽ അവരും ‘നോട്ട് ചെയ്യപ്പെടും’ എന്നനിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മൗനിയായി നടന്ന് മാന്യനാവാന്‍ പറ്റുമോ എന്ന നിലയിലേക്ക് ചിന്തിക്കപ്പെടുകയാണ് ആളുകൾ. അത്തരത്തിൽ ഒരു ഭയം ആളുകളിൽ വന്ന് തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഇത് വ്യാപകമാണ്.

സംഘപരിവാറിന് അത്ര ശക്തിയുള്ള മേഖലയല്ല എന്റെ നാടായ കടയ്ക്കൽ, അതുകൊണ്ട് തന്നെ ശാരീകമായ ഭീഷണിയൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല, നേരിട്ടിട്ടുള്ളത് സൈബർ ആക്രമണമാണ്.

അറിയപ്പെടുന്ന ആളുകൾകളുടെ സിനിമയോ നിലപാടുകൾക്ക് എതിരെയാണ് സാധാരണ പ്രതിഷേധങ്ങൾ വ്യാപകമാവാറുള്ളത്. തന്റെ ഒരു ചെറിയ സിനിമയാണ്. പ്രശസ്തനായ ഒരു വ്യക്തിയുമല്ല, ഒരു സാധാണക്കാരനാണ്. പക്ഷേ നോട്ട് നിരോധത്തെ കുറിച്ച് ഇന്ത്യയിൽ തന്നെ പുറത്ത് വന്ന ആദ്യത്തെ ഡോക്യുമെന്ററി ഇതാണ്. എന്നാൽ ഇത്തരം ചെറിയ സിനിമകളെ വരെ അവർ ഭയപ്പെടുന്നു, അല്ലെങ്കിൽ ഭയപ്പെടുത്തുന്നു. ചെറിയ പ്രതികരണങ്ങളെ, എതിർശബ്ദങ്ങളെ പോലും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഇത്തരം നീക്കങ്ങളിലൂടെ സംഘപരിവാർ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരള ക്ലബ്ബിൽ പ്രദർശനം മുടങ്ങിയെങ്കിലും സിനിമ ഡൽഹിയിലെ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്ന് ക്ളോൺ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലും എന്താണ് ഉണ്ടാവുകയെന്ന് അറിയില്ല.  – സനുപറയുന്നു.

ഡൽഹിയിലെ കേരള ക്ലബുമായി ചേർന്ന പ്രവര്‍ത്തിക്കുന്ന ക്ളോൺ സിനിമ ആൾട്ടർനേറ്റീവാണ് സനു കുമ്മിളിന്റെ ‘ചായക്കടക്കാരന്റെ മൻ കി ബാത്‌’ കൊണാർട്ട് പ്ലേസിലെ കേരള ക്ലബ്ബിൽ സിനിമാ പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നത്. പ്രദർശനത്തിന് പിന്നാലെ രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സുകുമാർ മുരളീധരന്റെ പ്രഭാഷണവും പദ്ധതിയിരുന്നു. എന്നാൽ മോദി സർക്കാറിനെ താറടിച്ചു കാണിക്കുന്ന സിനിമ പ്രദർശിപ്പിച്ചാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഹിന്ദുത്വ സംഘടനകൾ ഭീഷണി ഉയർത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.

എന്നാൽ, നിശ്ചയിച്ചുറച്ച പ്രദർശനവുമായി മുന്നോട്ടു പോകുമെന്നും വേദി അനുവദിക്കാൻ തയ്യാറുള്ള ഏത് പുരോഗമന സംഘടനകളുമായും ഗ്രൂപ്പുകളുമായും സഹകരിച്ചു കൊണ്ട്, ഏറ്റവും അടുത്ത ദിവസം തന്നെ ഈ സിനിമയുടെ പ്രദർശനം ഡൽഹിയിൽ നടത്തുമെന്നും ക്ളോൺ സിനിമാ ആൾട്ടർനേറ്റീവ് ധീരമായ നിലപാടെടുത്തു. ഈ നിലപാടിന്റെ പുറത്ത് പ്രദർശനം ഇന്ന് നടത്താൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ഡൽഹി ജേർണലിസ്റ്റ് യൂണിയൻ മുന്നോട്ടു വന്നു എന്നതിൽ സന്തോഷവും അഭിമാനമുണ്ടെന്നും സംവിധായകൻ പറയുന്നു.

ഈ സാഹചര്യത്തിൽ ആവിഷ്കാരസ്വാതന്ത്ര്യമെന്നത് ഒരു ഒലക്കയല്ലെന്ന്; തീർത്തും ബോധ്യമാകുന്ന തരത്തിലുള്ള ആവേശകരമായ പ്രതികരണങ്ങളാണ് സംഭവത്തിന് പിന്നാലെ   വിവിധ കോണുകളിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.

ക്ളോൺ സിനിമാ ആൾട്ടർനേറ്റീവിന്റെ പ്രദർശനങ്ങൾക്ക് ഡൽഹിയിൽ സാംസ്കാരിക ഊരുവിലക്ക് നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. നേരത്തെ, ജയൻ ചെറിയാൻ സംവിധാനം ചെയ്ത ക ബോഡി സ്കേപ്സ് , ദിവ്യഭാരതി സംവിധാനം ചെയ്ത കക്കൂസ്, പ്രതാപ് ജോസഫിന്റെ 52 സെക്കന്റ്സ് തുടങ്ങിയ സിനിമകളും മുൻപ് പ്രദർശിപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ, അന്നത്തേക്കാൾ കുറെ കൂടി പ്രകടമായ ഭീഷണിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. ‘ചില പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ നേതാക്കളിൽ ചിലർ ‘ നേരിട്ടു വിളിച്ചു ഭീഷണി പെടുത്തി എന്നാണ് കേരള ക്ലബ് അധികൃതർ അറിയിച്ചതെന്ന്  സനു കുമ്മിളിനെ പ്രതിനിധീകരിച്ച് ഡൽഹിയിലെത്തിയ രാംദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കുന്നു.

എല്ലാ തരം വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും ഭയക്കുകയും, അധികാരത്തിന്റെ ബലത്തിൽ അവയെ കയ്യൂക്കു കൊണ്ട് നേരിടുകയും ചെയ്തു കൊണ്ട്, സിനിമയുൾപ്പെടെ എല്ലാ സാംസ്കാരിക മേഖലകളെയും വരുതിക്ക് നിർത്താനും തങ്ങൾക്കു വേണ്ടി മാത്രം പാട്ടു പാടുന്നവരാക്കാനുമാണ് ബി.ജെ.പി.യും സംഘ്പരിവാറും ശ്രമിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷമായ ഉദാഹരണമാണ്, ഈ ഡോക്യുമെന്ററിക്കു ഡൽഹിയിൽ നേരിടേണ്ടി വന്ന ഊരുവിലക്ക്. ഒരു സിനിമയെ മുൻനിർത്തിയുള്ള ആരോഗ്യകരമായ സംവാദത്തെ പോലും ഭയക്കുന്ന ഭീരുത്വമാണ് തിണ്ണമിടുക്കും കയ്യൂക്കുമായി പ്രതിഫലിക്കുന്നത്. തങ്ങൾ പറയുന്നതേ കഴിക്കാവൂ, തങ്ങൾ പറയുന്നതേ ചെയ്യാവൂ എന്നതിൽ നിന്നും കടന്ന്, തങ്ങൾ പറയുന്നത് മാത്രമേ കാണാവൂ, അത് മാത്രമേ കേൾക്കാവൂ എന്ന രീതിയിലേക്ക് കൂടി പൂർണമായും കാര്യങ്ങൾ മാറിക്കഴിഞ്ഞു എന്ന് തന്നെയാണ് ഇതിനെ വായിക്കേണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആനന്ദ് പട്‌വർധനന്റെ ഡോക്യുമെന്ററിക്ക് അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നേരിടേണ്ടി വന്ന വിലക്കിനെ കൂടി ഇതോടൊപ്പം ചേർത്തു വായിക്കണമെന്നും രാമദാസ് കുറിപ്പില്‍ പറയുന്നു.

കൊല്ലം, കടയ്ക്കലിലെ ചായക്കടക്കാരനായ 75 കാരന്റെ ജീവിതത്തിൽ നോട്ട് നിരോധനത്തോടെ സംഭവിക്കുന്ന മാറ്റമാണ് ചിത്രം പറയുന്നത്. 13 അംഗങ്ങളുള്ള കുടുംബാംഗമായ യഹിയ 18 വയസിൽ സൗദി അറേബ്യയിലേക്ക് ജോലി തേടിപോവുകയും വലിയ ദുരിതങ്ങള്‍ പേറി തിരിച്ച് വരികയും ചെയ്ത വ്യക്തിയാണ്. തുടർന്ന കടയ്ക്കലിൽ ചായക്കടയുമായി ജീവിച്ച് വരികയുമായിരുന്നു യഹിയ.

എന്നാൽ, 2016 നവംബർ 8 ന് നോട്ട് നടപ്പാക്കിയ നോട്ട് നിരോധനം ജീവിതം മാറ്റിമറിയിക്കുകയായിരുന്നു. തന്റെ സമ്പാദ്യമായിരുന്ന 23000 രൂപ മാറ്റാൻ ബാങ്കിൽ ക്യൂ നിന്ന യഹിയ ആരോഗ്യ നില മോശമായതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് നീണ്ട ആശുപത്രി വാസത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം ചെയ്തതത് തന്റെ കൈവശമുള്ള നിരോധിച്ച നോട്ടുകൾ കത്തിച്ചു. തുടർന്ന് ബാർബർ ഷോപ്പിലെത്തിയ അദ്ദേഹം നോട്ട് നിരോധനത്തോടുള്ള പ്രതിഷേധമായി പാതി തലമുടി പാതി മീശയും വടിച്ച് കളയുകയും ചെയ്യുകയായിരുന്നു. അക്കാലത്തെ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സനു കുമ്മിൾ വിഷയം ഡോക്യുമെന്ററിയാക്കിയത്.

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍