ദളിതരുടെ ഭൂമി വ്യാപകമായി പിടിച്ചെടുത്തതും ദേവദാസി സമ്പദ്രായം ഉണ്ടാക്കിയതും രാജരാജ ചോളന്റെ ഭരണകാലത്തായിരുന്നുവെന്നാണ് രഞ്ജിത്തിന്റെ വിമര്‍ശനം
രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ രാഷ്ട്രീയ-സാമൂഹിക പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസ്. ഇതേ സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും രഞ്ജിത്തിനെതിരേ നടക്കുകയാണ്. ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് സംവിധായകനെതിരേ കേസ് എടുത്തിരിക്കുന്നത്. സെക്ഷന്‍ 153, 153(എ)(1) വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്.
ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് രാജ രാജ ചോളന്‍ ഒന്നാമന്റെ ഭരണകാലത്തെ കുറിച്ച് വിമര്‍ശനാത്കമായി സംസാരിച്ചത്. രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയതെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് സവര്‍ണ ഹിന്ദുത്വവാദികള്‍ രംഗത്ത് എത്തിയത്. ഇവര്‍ രഞ്ജിത്തിനെതിരേ വധഭീഷണി ഉയര്‍ത്തുകയും രഞ്ജിത്തിനെ തെരുവില്‍ നേരിടുമെന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് ഇപ്പോള്‍ പൊലീസ് കേസും.
Another vicious Hinduphobia from Tamil director PA.Ranjith where he says that government should grab the lands of Hindu mutts & give to dalits! He also lies that lands of Hindu mutts were grabbed from Dalits! Creating a Dalits vs Hindu Mutts narrative is a breaking India work! pic.twitter.com/HEZvYhmAyj
— Saiganesh சாய்கணேஷ் (@im_saiganesh) June 10, 2019
ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും വികാരം വ്രൃണപ്പെടുത്തുകയാണ് രാജ രാജ ചോളനെ അപമാനിക്കുക വഴി രഞ്ജിത്ത് ചെയ്തിരിക്കുന്നതെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുഫോബിയായുടെ മറ്റൊരു ഉദ്ദാഹരണമാണ് ഇതെന്നും വിമര്‍ശിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂസ്വത്ത് ഉള്ളവര്‍ എന്നിരിക്കെയാണ് ക്ഷേത്രങ്ങള്‍ ദളിതരുടെ ഭൂമി പിടിച്ചെടുത്തുവെന്ന തരത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന പ്രവര്‍ത്തി രഞ്ജിത്ത് ചെയ്തിരിക്കുന്നതെന്നും അവര്‍ ആക്ഷേപിക്കുന്നുണ്ട്. മനപൂര്‍വം ജാതി ചിന്തകള്‍ സമൂഹത്തില്‍ തള്ളിവിടുകയാണ് രഞ്ജിത്ത് ചെയ്യുന്നതെന്നും പറയുന്നു. #PrayForMentalRanjith എന്ന ഹാഷ് ടാഗ് ഓടുകൂടിയാണ് രഞ്ജിത്തിനെതിരേ സോഷ്യല്‍ മീഡിയ ആക്രമണം നടക്കുന്നത്. അതേസമയം രഞ്ജിത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.