UPDATES

ട്രെന്‍ഡിങ്ങ്

ദിവ്യാ ഭാരതി തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് ഇറോം ഷര്‍മ്മിള

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്

തന്റെ വിവാഹത്തിന് മണവാട്ടിയുടെ തോഴിയായി(ബ്രൈഡ്‌സ്‌മെയ്ഡ്) ഒപ്പമുണ്ടാകുക കക്കൂസ് എന്ന ചിത്രം സംവിധാനം ചെയ്തതിന്റെ പേരില്‍ ഭീഷണി നേരിടുന്ന ദിവ്യാ ഭാരതിയായിരിക്കുമെന്ന് ഇറോം ഷര്‍മ്മിളയുടെ വെളിപ്പെടുത്തല്‍. അതേസമയം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി കൊടൈക്കനാല്‍ പോലീസ് സ്‌റ്റേഷനില്‍ വിവാഹം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. ഇറോമിനെ ഹില്‍സ്‌റ്റേഷനില്‍ തന്നെ തങ്ങാനും വിവാഹിതയാകാനും അനുവദിച്ചാല്‍ പ്രദേശത്തെ സമാധാന അന്തരീക്ഷവും പ്രശാന്തതയും നഷ്ടമാകുമെന്നാണ് അവരുടെ വാദം. മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഇറോമും പ്രതിശ്രുത വരന്‍ ഡെസ്മണ്ട് കുട്ടിന്യോയും കൊടൈക്കനാലില്‍ താമസമായത്.

കഴിഞ്ഞമാസം 12നാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ കൊടൈക്കനാല്‍ സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയത്. നിയമപ്രകാരം ദമ്പതികള്‍ വിവാഹിതരാകാന്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കേണ്ടതുണ്ട്. ‘ഞങ്ങള്‍ വിവാഹിതരാകുന്നതില്‍ അവരെന്തിനാണ് ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല. സുന്ദരമായ ഒരു സംസ്ഥാനത്ത് എന്തു ഭീഷണിയാണ് രണ്ട് പേരുടെ വിവാഹം സൃഷ്ടിക്കുന്നത്’. ഇറോം ചോദിക്കുന്നു.

also read: ‘കക്കൂസി’ന്റെ സംവിധായിക ദിവ്യ ഭാരതി ജീവനുമായി ഓടുകയാണ്; കേസുകള്‍, വധ-ബലാത്സംഗ ഭീഷണി; പോകാനുമിടമില്ല

ദിവ്യ ഭാരതിക്കുള്ള പിന്തുണയും അവര്‍ അറിയിച്ചു. കക്കൂസ് എന്ന ചിത്രം തൊഴില്‍പരമായതും മനുഷ്യത്വപരമായതുമായ ചൂഷണങ്ങളെയാണ് തുറന്നുകാട്ടുന്നത്. തോട്ടിപ്പണിക്കാര്‍ നേരിടുന്ന ജീവിത, തൊഴില്‍ പ്രശ്‌നങ്ങളാണ് ചിത്രത്തിലുള്ളത്. ‘എന്റെ വിവാഹത്തിന് എന്റെ അടുത്ത് ദിവ്യയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ജാതീയ അടിമത്വത്തേക്കാള്‍ അപ്പുറം ഇപ്പോള്‍ എനിക്കൊരു മനോഹരമായ വിവാഹ മാലയെക്കുറിച്ചൊന്നും ചിന്തിക്കാനാകില്ല’. ഇറോം പറയുന്നു.

അതേസമയം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്നതാണ് ഈ ചിത്രം എന്ന് ആരോപിച്ച് ദിവ്യയ്‌ക്കെതിരെ രണ്ട് വകുപ്പുകള്‍ ചേര്‍ത്ത് മുധുരൈ പോലീസ് കേസെടുത്തിരിക്കുകയാണ്. പള്ളാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് പുതിയ തമിഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെല്ലാമപ്പുറം ദിവ്യയ്ക്ക് നേരെ ഒട്ടനവധി വധഭീഷണിയും ബലാത്സംഗ ഭീഷണിയുമാണ് സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍