UPDATES

സിനിമ

സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ നടപ്പാകുന്നു: ദിവ്യാ ഭാരതിയുടെ സിനിമ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിക്കില്ല, പൊതുപ്രദര്‍ശനവുമായി വിദ്യാര്‍ത്ഥികള്‍

ദിവ്യ ഭാരതിയുടെ ആദ്യ ഡോക്യുമെന്ററിയായ ‘കക്കൂസി’നും സംഘപരിവാര്‍ സംഘടനകളുടെ വലിയ തോതിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്

സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ദിവ്യ ഭാരതിയുടെ ഡോക്യുമെന്ററിക്ക് പോണ്ടിച്ചേരി അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതായി പരാതി. ദിവ്യ ഭാരതിയുടെ രണ്ടാമത്തെ ഡോക്യുമെന്ററിയായ ‘ഒരുത്തരും വരല’യാണ് അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഓഖി ചുഴലിക്കാറ്റില്‍ തകര്‍ക്കപ്പെട്ട തമിഴ്നാട്ടിലെ തീരദേശ ഗ്രാമങ്ങളെയും മത്സ്യബന്ധനത്തൊഴിലാളികളെയും കുറിച്ചുള്ള ഡോക്യുമെന്ററി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുരന്തനിവാരണ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. യൂട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നെങ്കിലും, തമിഴ്നാട്ടിലെവിടെയും പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതിരുന്ന ‘ഒരുത്തരും വരല’, പോണ്ടിച്ചേരി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു ദിവ്യ ഭാരതി.

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല, മാധ്യമപഠന വിഭാഗം, തമിഴ്നാട് പുരോഗമന സാഹിത്യ സംഘം, മുംബൈ ഫിലിം ഡിവിഷന്‍ എന്നിവര്‍ സംയുക്തമായാണ് പോണ്ടിച്ചേരി അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1,2,3 തീയതികളില്‍ നടന്ന മേളയില്‍ രണ്ടു ചിത്രങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടത്. ദിവ്യ ഭാരതിയുടെ ഡോക്യുമെന്ററിയെക്കൂടാതെ, ദീപ ധന്‍രാജിന്റെ We Have not Come Here to Die ഉം തഴയപ്പെട്ടിട്ടുള്ളതായി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. രോഹിത് വെമുലയെക്കുറിച്ചുള്ള ദീപ ധന്‍രാജിന്റെ ഡോക്യുമെന്ററി ഉദ്ഘാടന ചിത്രമായി തീരുമാനിക്കപ്പെട്ടിരുന്നതാണെങ്കിലും, പിന്നീട് മറ്റൊരു ചിത്രം പകരം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കേണ്ട ദീപയുടെ ഡോക്യുമെന്ററി മറ്റൊരു സമയത്തേക്ക് മാറ്റുകയും ചെയ്തു.

‘ഒരുത്തരും വരല’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കാര്യം പുറത്തറിഞ്ഞിരുന്നില്ലെന്നും, സര്‍വകലാശാല അധികൃതരുടെ താല്‍പര്യപ്രകാരമാണ് ചിത്രം ഒഴിവാക്കപ്പെട്ടതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘പരിപാടിയുടെ മീഡിയ കവറേജ് ചെയ്യുന്നതിന്റെ ഭാഗമായി ദിവ്യ ഭാരതിയോട് സംസാരിച്ചപ്പോഴാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് അറിഞ്ഞത്. തമിഴ്നാട്ടില്‍ മറ്റൊരിടത്തും പ്രദര്‍ശിപ്പിക്കാതിരുന്ന ഡോക്യുമെന്ററി തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലല്ലാത്ത സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ തീര്‍ച്ചയായും പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ മൂന്നു ദിവസമായി ദിവ്യ ഭാരതി ഇവിടെയുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രദര്‍ശനം നിര്‍ത്തലാക്കിയതില്‍ അവര്‍ക്ക് അസ്വസ്ഥതയുമുണ്ട്. ചിത്രങ്ങള്‍ തീരുമാനിക്കുന്ന തമിഴ്നാട് റൈറ്റേഴ്സ് സൊസൈറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിക്കാത്തതിനാല്‍ മാറ്റിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പരിശോധിച്ചാണ് പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയമായ ഇടപെടലുകള്‍ തന്നെയാണ് ഇതിനു പിന്നിലെന്നും തീരുമാനത്തില്‍ ദുഃഖമുള്ളതായുമാണ് ദിവ്യ ഭാരതി പ്രതികരിക്കുന്നത്’ യൂണിവേഴ്സിറ്റിയിലെ മാധ്യമവിദ്യാര്‍ത്ഥിയായ വന്ദന പറയുന്നു.

ദിവ്യ ഭാരതിയുടെ ആദ്യ ഡോക്യുമെന്ററിയായ ‘കക്കൂസി’നും സംഘപരിവാര്‍ സംഘടനകളുടെ വലിയ തോതിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ബലാത്സംഗഭീഷണികളും വധഭീഷണികളുമടക്കം ‘കക്കൂസി’ന്റെ പേരില്‍ ദിവ്യയെ തേടിയെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ പലയിടത്തും ഇന്നും കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ദളിത് വിഭാഗത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരില്‍ സംസ്ഥാനത്തെ ജാതി സംഘടനകള്‍ ദിവ്യ ഭാരതിയെ വേട്ടയാടുകയും കേസുകള്‍ ചുമത്തുകയും ചെയ്തിരുന്നു. ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വന്നതോടെ ദിവ്യയ്ക്ക് തമിഴ്നാടു വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടിയും വന്നിരുന്നു. രണ്ടാമതായി പുറത്തുവന്ന ‘ഒരുത്തരും വരല’യും ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിക്കപ്പെട്ടത്. ഓഖി ബാധിതരായ മത്സ്യബന്ധനത്തൊഴിലാളികളോടുള്ള സര്‍ക്കാരുകളുടെ നിഷേധാത്മക നിലപാടും, ദുരിതത്തിന്റെ മറവിലും വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട സംഘപരിവാര്‍ നീക്കങ്ങളും ദിവ്യയുടെ ഡോക്യുമെന്ററിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ദിവ്യയുടെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍, സര്‍വകലാശാലയ്ക്കകത്തു തന്നെ പൊതു പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള ഈ നീക്കത്തോടുള്ള പ്രതിഷേധമറിയിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തേ, ക്യാംപസ്സിനെ കാവിവല്‍ക്കരിക്കാനുള്ള പോണ്ടിച്ചേരി യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രമവും വിദ്യാര്‍ത്ഥികള്‍ ചെറുത്തു തോല്‍പ്പിച്ചിരുന്നു. ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതടക്കമുള്ള നീക്കങ്ങള്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നുള്ള പ്രതിഷേധത്തിലൂടെ എതിര്‍ക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍