UPDATES

ട്രെന്‍ഡിങ്ങ്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി അവര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയോ? ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതായി ദിയ സന

ദലിത് പ്രശ്നങ്ങളില്‍ ദലിതനും ആദിവാസി പ്രശ്നങ്ങളില്‍ ആദിവാസിയും സ്ത്രീപക്ഷ പ്രശ്നങ്ങളില്‍ സ്ത്രീയും മാത്രം ഇടപെട്ടാല്‍ മതിയെന്ന മുരട്ടുന്യായം ആണ് ഇവിടെയും ചില ആക്ടിവിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്

ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയാണ് ദിയ സന. നാല് വര്‍ഷക്കാലമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ദിയ ഒട്ടനവധി തവണ അതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്. എന്നിരുന്നാലും ഒരു സ്ത്രീയായി നിന്നുകൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷമായി ദിയ ഈ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഈ സമൂഹത്തില്‍ പ്രത്യേകിച്ചും യുവതലമുറയുടെ ഇടയില്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ദിയയുടെ ഇടപെടലുകള്‍ ഒരു പ്രധാനപ്പെട്ട കാരണമാണ്. എന്നാല്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി താന്‍ നടത്തിയിരുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്ന് ഇപ്പോള്‍ ദിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. താന്‍ ഒരു സ്ത്രീയാണെന്നത് കൊണ്ട് ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അര്‍ഹയല്ല എന്ന രീതിയില്‍ ചിലര്‍ പൊതുവേദികളില്‍ തന്നെ നടത്തുന്ന ആരോപണങ്ങളാണ് ഏറെ വിഷമം പിടിച്ച ഈ തീരുമാനമെടുക്കാന്‍ കാരണമെന്ന് ദിയ പറയുന്നു.

ഇനി ഒരിക്കലും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ സഹജീവികള്‍ നേരിടുന്ന അക്രമമോ, പോലീസ് കസ്റ്റഡിയോ, ജയിലോ, സമരമോ, ഉറങ്ങാന്‍ ഒരിടമില്ലാത്തതോ ആയ യാതൊരു പ്രശ്‌നങ്ങളിലും ഇടപെടുന്നത് താന്‍ ഒഴിവാക്കുകയാണെന്ന് അവരുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ദലിത് പ്രശ്‌നങ്ങളില്‍ ദലിത് ആയ ഒരാള്‍ക്കും ആദിവാസി പ്രശ്‌നങ്ങളില്‍ അറസ്റ്റ് വരിക്കാന്‍ ആദിവാസികള്‍ക്കും സ്ത്രീപക്ഷ പ്രശ്‌നങ്ങളില്‍ സംസാരിക്കാന്‍ സ്ത്രീയ്ക്ക് മാത്രമാണ് അവകാശമെന്ന മുരട്ടുന്യായം ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാത്ത ഒരാള്‍ ഇടപെടരുതെന്ന് പറയുന്നതിലൂടെ ചില ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും ദിയ കൂട്ടിച്ചേര്‍ക്കുന്നു. ‘സ്ത്രീ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒട്ടും സുരക്ഷിതമല്ലാത്ത പലതരം സാഹചര്യങ്ങളിലേയ്ക്ക് ഓടി ഇറങ്ങുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശാരീരികമായ ആക്രമണം പോലും നേരിട്ടിട്ടുണ്ട്.എന്നിട്ടും സ്ത്രീ എന്ന നിലയില്‍ തന്നെ ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടായിരുന്നു’. ദിയ വ്യക്തമാക്കുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ ആയവര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന കമ്യൂണിറ്റി ലീഡര്‍മാര്‍ എടുത്ത തീരുമാനം, കമ്യൂണിറ്റിയുടെ തീരുമാനമായതിനാല്‍ താന്‍ അംഗീകരിക്കുന്നുവെന്നും ലീഡര്‍ ആയുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുക എന്നത് തന്നെയാണ് ഏതൊരു കൂട്ടായ ലക്ഷ്യത്തിനും ഗുണം ചെയ്യുകയെന്നും പറഞ്ഞാണ് ദിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമീപകാലത്തായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി ഇനിയെന്തെങ്കിലും നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ എസ്ജിഎംഎഫ്‌കെ പോലുള്ള സംഘടനകളെ കൂടി അതില്‍ ഉള്‍പ്പെടുത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് ദിയ അഴിമുഖത്തോട് പ്രതികരിച്ചു. സംസ്ഥാനത്തെ 11 ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ അംഗമായ ഈ സംഘടനയ്ക്ക് കേരളത്തിലെ മുഴുവന്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെയും പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാനാകും. സ്റ്റേറ്റ് ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിച്ചതിലും തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും ദിയ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണ് അതിന്റെ പ്രവര്‍ത്തനം. എസ് ജി എം എഫ് കെയുടെ പ്രതിനിധികള്‍ ആരും തന്നെ അതിലില്ല. ഭൂരിഭാഗം ട്രാന്‍സ് കമ്മ്യൂണിറ്റിയെയും പ്രതിനിധീകരിക്കുന്ന ഈ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടിയെ എങ്കിലും അതില്‍ അംഗമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സുരക്ഷിതമായി കേരളത്തില്‍ താമസിക്കാനുള്ള സൗകര്യം, 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍, നിയമസഹായ കേന്ദ്രങ്ങള്‍, അനേകം വ്യാജ കേസുകളില്‍ നിയമ പരിഹാരം, സംരംഭകര്‍ക്ക് ലോണ്‍ ലഭ്യമാക്കാനുള്ള സംവിധാനം എന്നിങ്ങനെയുള്ള സ്വപ്‌നങ്ങള്‍ ഫലപ്രാപ്തിയിലെത്താതെയാണ് താന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും അവര്‍ അഴിമുഖത്തോട് പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍