UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ പിറന്നാള്‍ ആഘോഷിക്കരുത്, ആ പണം കേരളത്തിന് നല്‍കണം; ഹരികൃഷ്ണ ആരാധകരോടും കുടുംബത്തോടും പറഞ്ഞിരുന്നു

സെപ്തംബര്‍ രണ്ടിനായിരുന്നു ഹരികൃഷ്ണയുടെ 62 ആം പിറന്നാള്‍

സെപ്തംബര്‍ രണ്ടിനായിരുന്നു നന്ദമൂരി ഹരൃകൃഷ്ണയുടെ അറുപത്തിരണ്ടാം പിറന്നാള്‍. ആ ദിവസം എത്തുന്നതിനും മുന്‍പേ അദ്ദേഹം മരണത്തിനു കീഴടങ്ങി യാത്രയായി. ബുധനാഴ്ച തെലുങ്കാനയിലെ നല്‍ഗോണ്ടയില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജീവന്‍ നഷ്ടപ്പെട്ട ഹരികൃഷ്ണയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് തെലുഗ് സിനിമാലോകം ഉള്‍പ്പെടെ അദ്ദേഹത്തെ അറിയുന്നവരെല്ലാം തന്നെ. മലയാളികള്‍ക്ക് ഹരികൃഷ്ണയെ അത്രകണ്ട് പരിചയം ഉണ്ടാകില്ല. ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് എന്ന നിലയില്‍ കുറച്ച് പേര്‍ക്ക് അറിയാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഹരികൃഷ്ണയ്ക്ക് കേരളത്തോടും മലയാളികളോടും ഉണ്ടായിരുന്ന ബന്ധം ഏതുവിധത്തില്‍ ആയിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും മഹാപ്രളയത്തിന്റെ ദുരിതത്തില്‍ മുങ്ങിക്കിടക്കുന്ന കേരളത്തിന് അദ്ദേഹം നല്‍കിയ പിന്തുണ ഹരികൃഷ്ണയുടെ വിയോഗത്തോടനുബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

തന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാന്‍ തയ്യാറെടുത്തു നിന്ന ആരധകരോടും കുടുംബാംഗങ്ങളോട് എല്ലാ ആഘോഷവും ഒഴിവാക്കാനായിരുന്നു ഹരികൃഷ്ണ ആവശ്യപ്പെട്ടിരുന്നത്. കേരളത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷം ഒഴിവാക്കാന്‍ അദ്ദേഹം തീരുമാനം എടുത്തത്. ആരാധകരേയും കുടുംബാംഗങ്ങളെയും സംബോധന ചെയ്തു കൊണ്ട് ഹരികൃഷ്ണ എഴുതിയ കത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത് തന്റെ പിറന്നാള്‍ദിനത്തില്‍ ഒരു ആഢംബരത്തിനും മുതിരരുതെന്നാണ്. തന്റെ ഫ്‌ളെക്‌സുകള്‍ വയ്ക്കുകയോ മാല ചാര്‍ത്തുകയോ തനിക്ക് ഉപഹാരങ്ങള്‍ വാങ്ങുകയോ ചെയ്യരുതെന്നും ആഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പോലും ചെലവാക്കരുതെന്നും ഹരികൃഷ്ണ ആ എഴുത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ ഓരോരുത്തരേയും കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭവാന ചെയ്യുന്നതിന് അദ്ദേഹം നിര്‍ബന്ധിക്കുന്നുമുണ്ട്. ഈ കത്ത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനും നല്‍കിയിരുന്നു.

"</p

ഹരികൃഷ്ണയുടെ മക്കളായ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷവും കല്യാണ്‍ റാം 10 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ പ്രളയകാല ദുരിതത്തെ അതിജീവിക്കാന്‍ പൊരുതിക്കൊണ്ടിരിക്കുന്ന മലയാളിക്ക് തങ്ങളുടെ ഒപ്പം നിന്ന ഒരു അയല്‍ക്കാരനെയാണ് നന്ദമൂരി ഹരികൃഷ്ണയുടെ ആകസ്മിക വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍