UPDATES

ട്രെന്‍ഡിങ്ങ്

ശ്രീജിത്ത് സമരം ചെയ്യുന്നത് എന്തിന്? മുഖ്യമന്ത്രിയുടെ ഓഫീസ്

അന്വേഷണത്തിന്റെ പുരോഗതിയെന്താണെന്ന് സിബിഐയാണ് പറയേണ്ടത്

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുന്നതെന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ശ്രീജിത്തിന്റെ സമരം 760 ദിവസം പിന്നിട്ട സാഹചര്യത്തില്‍ അഴിമുഖം നടത്തിയ അന്വേഷണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചത്.

‘അവരോട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സംസാരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവരും പോയി സംസാരിച്ചു. ശ്രീജിത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിരുന്നു. അവരോടും കാര്യങ്ങള്‍ പറഞ്ഞു. എന്തുകൊണ്ടാണ് ആ സമരം തുടരുന്നതെന്ന് സര്‍ക്കാരിനറിയില്ല. അന്വേഷണത്തിന്റെ പുരോഗതിയെന്താണെന്ന് സിബിഐയാണ് പറയേണ്ടത്’. അദ്ദേഹം പറയുന്നു.

സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം: ശ്രീജിത് ഇവിടെ മരിച്ചു വീണാലെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?

2014 മാര്‍ച്ച് 21നാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലെയ്ന്റ് സെല്‍ അതോറിറ്റി ശ്രീജീവിന്റേത് ലോക്കപ്പ് മരണമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ വിഷം ശ്രീജീവ് ലോക്കപ്പില്‍ എത്തിച്ചതല്ലെന്നും പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. തുടര്‍ച്ചയായ നിരാഹാര സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. സിബിഐ അന്വേഷണം ആരംഭിക്കും വരെയും സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്. രണ്ട് വര്‍ഷം പിന്നിട്ട സമരത്തിനിടെ പലഘട്ടങ്ങളിലായി നടത്തിയ നിരാഹാര സമരം ഈ യുവാവിന്റെ ആരോഗ്യത്തെ അപകടകരമായി ബാധിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍