UPDATES

വായന/സംസ്കാരം

വിവരംകെട്ടവര്‍ ഇനി എന്റെ കവിത പഠിപ്പിക്കേണ്ട-ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്നു

സ്‌കൂളുകളിലും കോളെജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്നും തന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമാണ് ചുള്ളിക്കാട് ആവശ്യപ്പെട്ടിരിക്കുന്നത്

കോളേജുകളിലും സ്‌കൂളുകളിലും ഇനിമുതല്‍ തന്റെ കവിതകള്‍ പഠിപ്പിക്കുകയോ സര്‍വകലാശാലകള്‍ തന്റെ കവിതകളില്‍ ഗവേഷണം നടത്തുകയോ ചെയ്യരുതെന്ന് അപേക്ഷിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കേരള ജനതയ്ക്കും അധികാരികള്‍ക്കും സമര്‍പ്പിക്കുന്ന അപേക്ഷയായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി അഴിമുഖം ലേഖകന്‍ നടത്തിയ സംഭാഷണത്തില്‍ നിന്നും:

സ്‌കൂളുകളിലും കോളെജുകളിലും സര്‍വകലാശാലകളിലും എന്റെ കവിതകള്‍ പഠിപ്പിക്കരുതെന്നും എന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമാണ് എന്റെ ആവശ്യങ്ങള്‍. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും എന്റെ രചനകളെ ഒഴിവാക്കണം. അക്കാദമിക് ആവശ്യങ്ങള്‍ക്ക് എന്റെ കവിതയെ ദുര്‍വിനിയോഗം ചെയ്യരുത്. ഇങ്ങനെ ആവശ്യപ്പെടാന്‍ എനിക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കുകൊടുത്ത് പരമാവധി വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നതബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നതാണ് ഇതില്‍ ഒന്ന്. രണ്ടാമത്തെ കാര്യം മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയസ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുകയാണ്. അവരാണ് പിന്നീട് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. അവരും തെറ്റ് പഠിച്ച് തന്നെ വന്നവരാണ് അതിനാല്‍ അവര്‍ തെറ്റ് പഠിപ്പിക്കുന്നു. അബദ്ധ പഞ്ചാംഗങ്ങളായ മലയാളപ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണബിരുദം നല്‍കുന്നുവെന്നാണ് മറ്റൊരു കാരണം.

പ്രബന്ധങ്ങള്‍ കട്ട്&പേസ്റ്റ് നടത്തുന്നത് സര്‍വകലാശാലകള്‍ നോക്കേണ്ട കാര്യമാണ്. കാര്യം ശരിയാണെങ്കില്‍ കട്ട്&പേസ്റ്റ് നടത്തിയാലും കുഴപ്പമില്ല. എന്നാല്‍ അബദ്ധങ്ങള്‍ മാത്രമാണ് ഈ പ്രബന്ധങ്ങളിലുള്ളത്. ഈ പ്രബന്ധങ്ങള്‍ക്ക് പിഎച്ച്ഡി നല്‍കുകയും ചെയ്യുന്നു. അതിനാലാണ് എന്റെ കവിതകള്‍ പഠിപ്പിക്കേണ്ടെന്ന് പറയുന്നത്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരാണ് കുട്ടികളുടെ അക്ഷരത്തെറ്റ് പോലും തിരുത്താത്തത്. കുട്ടികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അധ്യാപകര്‍ പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണ് ഇത്. കുട്ടികള്‍ തെറ്റെഴുതിയാല്‍ അധ്യാപകര്‍ തിരുത്തിക്കൊടുക്കേണ്ടതല്ലെ? അവര്‍ അത് ചെയ്യാത്തതുകൊണ്ടാണല്ലോ അവര്‍ക്ക് തെറ്റുന്നത്. തെറ്റ് എഴുതുന്ന കുട്ടികളും ജയിക്കുമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് ശരി പഠിക്കുന്നത്? എന്നാല്‍ തെറ്റ് എഴുതിയാല്‍ മാര്‍ക്ക് കിട്ടില്ലെന്ന് വന്നാല്‍ കുട്ടികള്‍ പഠിക്കും. സ്വകാര്യ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും പരമാവധി വിദ്യാര്‍ത്ഥികളെ കിട്ടാനും അവിടെ ഒരുപാട് തസ്തികകള്‍ സൃഷ്ടിക്കാനും അതിലൂടെ കോഴ വാങ്ങാനും വേണ്ടിയാണ് ഓള്‍ പ്രമോഷന്‍. അതാണ് നമ്മുടെ ഭാഷയെ നശിപ്പിച്ച് കളയുന്നതും. ഈ സാഹചര്യത്തില്‍ എന്റെ കവിത ഇവരൊന്നും പഠിക്കുകയോ പഠിപ്പിക്കുകയോ വേണ്ടെന്ന് ഞാന്‍ ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്? അക്ഷരം എഴുതാന്‍ അറിയാത്തവന്‍ എന്തിനാണ് എന്റെ കവിത പഠിക്കുന്നത്? ആദ്യം അവര്‍ അക്ഷരം എഴുതാന്‍ പഠിക്കട്ടെ. ആവശ്യമുള്ളവര്‍ മാത്രം കവിത നോക്കിയാല്‍ മതി. കവിത ആവശ്യമില്ലാത്തവനെയൊക്കെ കവിത പഠിപ്പിക്കുന്നതെന്തിനാണ്? മെഡിക്കല്‍ സ്റ്റോറില്‍ ധാരാളം മരുന്നുകളുണ്ടെന്ന് കരുതി നാം അതെല്ലാം പോയി വാങ്ങാറുണ്ടോ? ആവശ്യമുള്ള മരുന്നുകളല്ലേ വാങ്ങാറുള്ളൂ. അതുപോലെ കവിതയെ സ്‌നേഹിക്കുന്നവനും കവിതയില്‍ താല്‍പര്യമുള്ളവനും കവിത പഠിക്കാന്‍ താല്‍പര്യമുള്ളവനും മാത്രം കവിത വായിച്ചാല്‍ മതി. കവിത ആരെയും തല്ലിപഠിപ്പിക്കേണ്ട കാര്യമില്ല.

എന്റെ കവിതകളില്‍ ഗവേഷണം നടത്തുന്നതിനായി ഒരു അധ്യാപിക ഈയടുത്തകാലത്ത് ഒരു ചോദ്യാവലി അയച്ചു തന്നിരുന്നു. ഗവേഷണം നടത്താന്‍ പോകുകയാണ് അതിന് മുന്നോടിയായുള്ള ചോദ്യാവലിയെന്നാണ് പറഞ്ഞിരുന്നത്. അതില്‍ മുഴുവന്‍ അക്ഷരത്തെറ്റായിരുന്നു. അതുമാത്രമല്ല ചോദ്യങ്ങളെല്ലാം പരമ അബദ്ധങ്ങളുമായിരുന്നു. അവര്‍ അധ്യാപികയാണെന്ന് കൂടി ഓര്‍ക്കണം. സംസ്‌കൃത സര്‍വകലാശാലയില്‍ കവിത ചൊല്ലാന്‍ ചെന്നപ്പോള്‍ ഒരു കുട്ടി എനിക്ക് ഒരു കുറിപ്പ് തന്നു. ‘മാഷേ ആനന്ദധാര ഒന്നു ചൊല്ലാമോ?’ എന്നായിരുന്നു കുറിപ്പിലെ ചോദ്യം. എന്നാല്‍ ആനന്ദത്തിന്റെ ‘ന്ദ’ എഴുതിയിരുന്നത് ‘ന്ത’ എന്നായിരുന്നു. ഞാന്‍ ആ കുട്ടിയോട് ഏത് കോഴ്‌സാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് സംസ്‌കൃതം എംഎയ്ക്കാണ് പഠിക്കുന്നതെന്ന്. ആനന്ദം എന്ന് തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്ത ഒരാള്‍ക്കാണ് സംസ്‌കൃതം എംഎയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. അതാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. അതില്‍ എന്റെ കവിത പഠിപ്പിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ വല്ല തെറ്റുമുണ്ടോ?

മലയാളത്തില്‍ ജെആര്‍എഫ് ഉള്ള ഒരാള്‍ക്ക് 40,000 രൂപയാണ് ഗവേഷണം നടത്താനായി സ്റ്റൈപ്പന്റ് കൊടുക്കുന്നത്. ഇവിടെ രാപ്പകല്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഒരുഗതിയും പരഗതിയുമില്ലാതെ ആയിരം രൂപ കൂട്ടി ചോദിച്ചാല്‍ കൊടുക്കാത്ത സമൂഹമാണ് കുട്ടികളുടെ അക്ഷരത്തെറ്റ് തിരുത്താത്ത ഈ അധ്യാപകര്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കുന്നത്. ഇനി ഇതിന്റെ പേരില്‍ കോളേജ് ക്യാമ്പസുകളിലും സര്‍വകലാശാല ക്യാമ്പസുകളിലും എന്ത് പ്രതിഷേധം വേണമെങ്കിലും നടന്നോട്ടെ. ഞാന്‍ ഇവരെയൊന്നും കണ്ടിട്ടല്ല കവിതയെഴുത്ത് തുടങ്ങിയത്. ഈ അധ്യാപകര്‍ പഠിപ്പിച്ചിട്ടല്ല എന്റെ കവിതകള്‍ വായിച്ചിട്ടുള്ളതും. എന്റെ കവിത ആവശ്യമുള്ളവര്‍ വായിച്ചോളും. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം മുഴുവന്‍ എന്റെ കവിതകള്‍ ബഹിഷ്‌കരിച്ചോട്ടെ. അതിനാണല്ലോ ഞാന്‍ ആവശ്യപ്പെടുന്നുതും. ഇവിടുത്തെ കോളേജ് അധ്യാപകരും സ്‌കൂള്‍ അധ്യാപകരുമെല്ലാം വേണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയും കൂടി ചേര്‍ന്ന് ഞാന്‍ കവിയല്ലെന്ന് അങ്ങ് പ്രഖ്യാപിച്ചാലും എനിക്ക് പ്രശ്‌നമില്ല. ഞാന്‍ തെരുവില്‍ ചൊല്ലിയ കവിതകള്‍ കേട്ട് ജനങ്ങളാണ് ഞാന്‍ കവിയാണെന്ന് പറഞ്ഞത്.

മാത്രമല്ല, കവിതയുടെ പേരില്‍ ഇന്നോളം ഞാന്‍ ഒരു അവാര്‍ഡോ, അക്കാദമി അംഗത്വമോ, സ്ഥാനമാനങ്ങളോ ഒന്നും ഈ ജീവിതത്തില്‍ സ്വീകരിച്ചിട്ടില്ല. ഈ അറുപത് കൊല്ലത്തില്‍ അമ്പത് കൊല്ലമായി ഞാന്‍ കവിതകള്‍ എഴുതുന്നു. ഇക്കാലത്തിനിടെ സാഹിത്യത്തിന്റെ പേരില്‍ യാതൊന്നും സ്വീകരിച്ചിട്ടില്ല. പിന്നെ എനിക്കെന്ത് നഷ്ടപ്പെടാനാണ്. എനിക്ക് സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ഒരു ബഹുമതിയും വേണ്ട, സ്ഥാനമാനങ്ങളും വേണ്ട. അതിനാലാണ് ഇതുപോലത്തെ വിവരംകെട്ട ആളുകള്‍ എന്റെ കവിതകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. ആദ്യം ഇവര്‍ കുട്ടികളെ അക്ഷരം തെറ്റുകൂടാതെ എഴുതാന്‍ പഠിപ്പിക്കട്ടെ. അതു കഴിഞ്ഞ് ഇവര്‍ കവിത പഠിപ്പിച്ചാല്‍ മതി.

പാഠപുസ്തകത്തില്‍ നിന്നും കവിതകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോടോ നിയമപരമായി ആവശ്യപ്പെടാന്‍ സാധിക്കില്ല. ഞാന്‍ അതേക്കുറിച്ച് അന്വേഷിച്ചിരുന്നു. സര്‍വകലാശാലകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സിലബസ് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ അത് പോയി പഠിക്കുകയാണ്. അതിനാല്‍ തന്നെ പാഠ്യപദ്ധതിയില്‍ നിന്നും എന്റെ കവിത ഒഴിവാക്കണമെന്ന് നിയമപ്രകാരം ആവശ്യപ്പെടാനുള്ള വകുപ്പില്ല. പുസ്തകത്തിന് പകര്‍പ്പവകാശം ഉണ്ടെങ്കിലും ഒരു കവിത ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പഠിപ്പിക്കുന്നതിനെ തടയാനാകില്ല. അതിനാലാണ് ഞാന്‍ അപേക്ഷ നടത്തിയത്. എന്റെ അപേക്ഷ പരിഗണിക്കാതെ വേണമെങ്കില്‍ ആര്‍ക്കെങ്കിലും എന്റെ കവിതകള്‍ ഇനിയും പഠിപ്പിക്കാം. എന്നാല്‍ ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികൃതര്‍ അതുകൊണ്ട് നാണംകെടുകയേ ഉള്ളൂ. തന്റെ കവിതകള്‍ പഠിപ്പിക്കേണ്ടെന്ന് അയാള്‍ പറഞ്ഞതല്ലേ പിന്നെന്തിനാണ് അത് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് കുട്ടികള്‍ക്ക് ചോദിക്കാം.

കുട്ടികളെ ശരിയായി അക്ഷരം തെറ്റ് കൂടാതെ എഴുതാന്‍ പഠിപ്പിക്കുന്നില്ല എന്നതാണ് എന്റെ പ്രശ്‌നം. സ്‌കൂളിലും കോളേജിലുമൊക്കെയുള്ള എത്ര അധ്യാപകര്‍ക്ക് തെറ്റു കൂടാതെ മലയാളം എഴുതാന്‍ അറിയാം? ലക്ഷങ്ങള്‍ കൊടുത്ത് ജോലിയ്ക്ക് കയറിയവരാണ് ഇവര്‍. ഈ അധ്യാപകരോട് പോയി പണി നോക്കാന്‍ പറയാന്‍ സാഹിത്യകാരന്മാര്‍ക്ക് ധൈര്യമില്ല. സര്‍വകലാശാല പാഠ്യപദ്ധതിയില്‍ സ്വന്തം കൃതി ഉള്‍പ്പെട്ടാല്‍ അതെന്തോ വലിയ കാര്യമാണെന്ന് പറഞ്ഞ് അതിന്റെ പിന്നാലെ നടക്കുന്നവരാണ് പല എഴുത്തുകാരും. പാഠപുസ്തകമാക്കാന്‍ അങ്ങോട്ട് ചെന്ന് കാലുപിടിക്കുന്നവരെയും അറിയാം. എനിക്ക് അത്തരം ബാധ്യതകളൊന്നുമില്ല. ഞാന്‍ എഴുത്തുകൊണ്ട് ജീവിക്കുന്നയാളല്ല. ഞാന്‍ മറ്റ് പല ജോലികളും എടുത്താണ് ജീവിക്കുന്നത്. അതിനാല്‍ തന്നെ ഇവരെയൊന്നും കരുതേണ്ട ബാധ്യതയും എനിക്കില്ല.

കവിത എഴുതിയാല്‍ തേവിടിശ്ശി ആകുമോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍