തങ്ങള്‍ കാടുകുറ്റി ഇടവകയുടെ മൊത്തം പ്രതിനിധികളായാണ് എത്തിയതെന്നും ഇടവക മുഴുവന്‍ വട്ടോളിയച്ചന് ഒപ്പമാണ് നില്‍ക്കുന്നതെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു
സിറോ മലബാര്‍ സഭയിലെ വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യപദവിയില്‍ നിന്നും പുറത്താക്കാനുള്ള നീക്കം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കുന്നതാണ് സഭയ്ക്ക് നല്ലതെന്ന മുന്നറിയിപ്പുമായി ഫാ. വട്ടോളിയുടെ ജന്മദേശത്തെ ഇടവകയിലെ ജനങ്ങള്‍. തൃശൂര്‍ കൊരട്ടിയില്‍ കാടുകുറ്റി ഇടവകയിലെ മൊത്തം വിശ്വാസികളുടെ പ്രതിനിധികളായി 82 ഓളം പേര്‍ അതിരൂപത ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് ഫാ. വട്ടോളിക്കുള്ള പിന്തുണയറിച്ചതും അതിരൂപത വൈദികനെതിരേയുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്ന മുന്നറിയിപ്പ് നല്‍കിയതും. കത്തോലിക്ക സഭ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും രൂക്ഷമായ പ്രതിഷേധമായിരിക്കും ഉണ്ടാവുകയെന്നും ഇടവകക്കാര്‍ അറിയിച്ചു.
അതിരൂപത അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തെ കാണാനാണ് ഇടവകക്കാര്‍ എത്തിയതതെങ്കിലും ബിഷപ്പ് സ്ഥലത്തില്ലായിരുന്നു. അതിരൂപത വികാരി ജനറാള്‍ വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. അഗസ്റ്റിന്‍ വട്ടോളിയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഒപ്പിട്ടിരുന്ന ചാന്‍സിലര്‍ ജോസ് പൊള്ളയില്‍ എന്നിവരെ ഇടവകക്കാര്‍ കണ്ടു. ഫാ. വട്ടോളിക്കെതിരായ നീക്കങ്ങളില്‍ ആശങ്ക അറിയിച്ച വിശ്വാസികള്‍ അതിരൂപത വട്ടോളിയച്ചനെതിരായ നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വര്‍ഗീസ് പൊട്ടയ്ക്കലിനെയും ജോസ് പൊള്ളയിലിനെയും അറിയിച്ചു. ഡിസംബര്‍ അഞ്ചിന് അപ്പോസ്‌റ്റോലിക് അഡ്മിനിസ്ട്രര്‍ അതിരൂപത ആസ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ ഇടവക വിശ്വാസികളെ നേരില്‍ കാണാമെന്നുള്ള ഉറപ്പും ഇവര്‍ വാങ്ങിയിട്ടുണ്ട്.
നല്ല രീതിയിലുള്ളൊരു സ്വീകരണമായിരുന്നില്ല ആദ്യം ഞങ്ങള്‍ക്ക് അതിരൂപതയില്‍ കിട്ടിയത്. ഇത്രയും ദൂരം യാത്ര ചെയ്തു വന്നവരാണ് ഞങ്ങളെന്നറിഞ്ഞിട്ടും ഒന്നിരിക്കാന്‍ പറയാനുള്ള മര്യാദപോലും കാണിച്ചില്ല. ഇക്കാര്യം ഞങ്ങളങ്ങോട്ട് സൂചിപ്പിച്ചശേഷമാണ് കുറച്ചെങ്കിലും മാന്യത കാണിച്ചത്. ഞങ്ങള്‍ വന്നത് ഇഷ്ടപ്പെടുകയോ ഇല്ലാതിരിക്കുകയോ എന്തുമായിക്കോട്ടെ, പക്ഷേ ഞങ്ങള്‍ക്ക് വരാതിരിക്കാന്‍ കഴിയില്ലായിരുന്നു. വട്ടോളിയച്ചനുവേണ്ടി ഞങ്ങള്‍ക്ക് വരാതിരിക്കാന്‍ കഴിയില്ല; കാടുകുറ്റി ഇടവകാംഗമായ പോള്‍സണ്‍ തേലക്കാട്ട് പറയുന്നു.
തങ്ങള്‍ കാടുകുറ്റി ഇടവകയുടെ മൊത്തം പ്രതിനിധികളായാണ് എത്തിയതെന്നും ഇടവക മുഴുവന്‍ വട്ടോളിയച്ചന് ഒപ്പമാണ് നില്‍ക്കുന്നതെന്നും ഇവര്‍ പ്രഖ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ വരാന്‍ തയ്യാറെടുത്ത് വന്നതാണ്. പക്ഷേ, എല്ലാവരും കൂടി ഒരുമിച്ച് പോകേണ്ടെന്നു തീരുമാനിച്ചതിന്റെ പുറത്താണ് കുറച്ചുപേര്‍ മാത്രം പോയത്. ക്രിസ്തുമത വിശ്വസികള്‍ മാത്രമല്ല, നാട്ടിലെ സര്‍വമതസ്ഥരും വട്ടോളിയച്ചനു വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നു. ശനിയാഴ്ച അതിരൂപതയില്‍ എത്തിയവരില്‍ ഹിന്ദു മതവിശ്വാസിയും ഉണ്ടായിരുന്നു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളുണ്ടായിരുന്നു. വട്ടോളിയച്ചന്‍ ഞങ്ങള്‍ക്ക് എന്താണെന്നും അദ്ദേഹത്തിനെതിരെയുണ്ടാകുന്ന നടപടികള്‍ എത്രമാത്രം ആശങ്കപ്പെടുത്തുന്നുണ്ടെന്നു വ്യക്തമാക്കാനുമാണ് അവരും എത്തിയത്. വട്ടോളിയച്ചന്‍ ജനകീയനായ പുരോഹിതനാണ്. ഒത്തിരി പുരോഹിതന്മാരുമായി അടുത്ത് ഇടപഴകാന്‍ അവസരം കിട്ടിയിട്ടുണ്ടെങ്കിലും വട്ടോളിയച്ചനെപോലുള്ളവര്‍ അപൂര്‍വമാണ്. ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായിയാണ് അച്ചന്‍; പോള്‍സണ്‍ പറയുന്നു.
സമൂഹിക പ്രശ്‌നങ്ങളില്‍ വട്ടോളിയച്ചന്‍ നടത്തി വരുന്ന ഇടപെടലുകളാണ് ഒരു വൈദികനോടുള്ളതിനെക്കാള്‍ അപ്പുറത്ത് തങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള താത്പര്യത്തിനു കാരണമെന്നും ഇടവകക്കാര്‍ പറയുന്നു. ഞങ്ങളുടെ നാട്ടില്‍ നടക്കുന്ന സമരമാണ് കാതികൂടം സമരം. ഒരു നാടിനെ നശിപ്പിക്കുന്ന വിപത്തിനെതിരേയുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട് അച്ചന്‍. ജനങ്ങളുടെ പ്രശ്‌നത്തിനാണ് അച്ചന്‍ എന്നും പ്രാധാന്യം കൊടുത്തത്. മതമോ ജാതിയോ നോക്കിയിട്ടില്ല. അതുകൊണ്ടാണ് അച്ചനുവേണ്ടി നാനാ മതസ്ഥരും പോരാടാന്‍ എത്തുന്നത്; ഇടവകക്കാര്‍ പറയുന്നു.
വട്ടോളിയച്ചനു വേണ്ടി സംസാരിക്കാന്‍ വന്നതുുകൊണ്ട് തങ്ങളെ അവിശ്വാസികളോ സഭയെ തകര്‍ക്കാന്‍ നടക്കുന്നവരോ ആയി മുദ്ര കുത്തേണ്ടെന്നും കടുകുറ്റി ഇടവകക്കാര്‍ എറണാകുളം-അങ്കമാലി അതിരൂപതയെ അറിയിക്കുന്നു. പള്ളിയുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്നവരും വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നവരുമാണ് ഞങ്ങള്‍. കുര്‍ബനാകളില്‍ മുടക്കം കൂടാതെ പങ്കെടുക്കുന്നവര്‍. നല്ല വിശ്വാസികള്‍ തന്നെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കുള്ളത് ഗൂഢലക്ഷ്യങ്ങളല്ല. സഭ ഇപ്പോള്‍ തന്നെ നാണംകെട്ട് നില്‍ക്കുകയാണ്, ഭൂമിക്കച്ചവടം, കന്യാസ്ത്രീ പീഡനം. എന്തൊക്കെ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരേയാണ് വട്ടോളിയച്ചനെ പോലുള്ളവര്‍ ശബ്ദിക്കുന്നത്. ആ ശബ്ദം ഇല്ലാതാക്കാനാണ് നോക്കുന്നതെങ്കില്‍ അതിനെ തടയണം. ഞങ്ങളുടെ പോരാട്ടം അതിനുവേണ്ടിയാണ്; പോള്‍സണ്‍ പറയുന്നു.
ബുധനാഴ്ച അഡ്മിനിസ്‌ട്രേറ്ററുമായി ചര്‍ച്ച നടത്തുമ്പോള്‍ അനുകൂലമായ മറുപടി കിട്ടുമെന്നും അതല്ല, വട്ടോളിയച്ചനെ പുറത്താക്കുന്നതുപോലുള്ള നടപടിയുമായി അതിരൂപത മുന്നോട്ടു പോവാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അവര്‍ ഇതുവരെ കാണാത്ത പോരാട്ടം നേരിടാന്‍ തയ്യാറായിക്കോളൂ എന്ന മുന്നറിയിപ്പാണ് കടുകുറ്റി ഇടവകക്കാര്‍ നല്‍കിയിരിക്കുന്നത്.