UPDATES

സിനിമ

ഇത് ഭീഷണിയുടെ രണ്ടാംഘട്ടം, ഞങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ട: സജിത മഠത്തില്‍

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടം ആളുകള്‍ ഭയത്തെ അതിജീവിച്ച് ഒരാള്‍ മുന്നോട്ടു കടന്നു വരുന്നത് കാണുമ്പോള്‍ അസ്വസ്ഥരാകും

നടി ആക്രമിക്കപ്പെട്ട കേസില്‍ അവള്‍ക്കൊപ്പം നില്‍ക്കുന്ന പലര്‍ക്ക് നേരെയും ഭീഷണികളും ഊമക്കത്തുകളും വന്നുകൊണ്ടിരിക്കുകയാണ്. നടിയെ പിന്തുണയ്ക്കുന്ന പലരെയും കായികമായി തന്നെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണികള്‍ ഉയരുന്നത്. ഇന്നലെ വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തനിക്ക് ഭീഷണിക്കത്തും അതോടൊപ്പം മനുഷ്യ മലവും തപാലില്‍ ലഭിച്ചുവെന്നാണ് ജോസഫൈന്റെ വെളിപ്പെടുത്തല്‍.

ഇതുകൂടാതെ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ലേഖനം എഴുതിയ മാതൃഭൂമി ലേഖിക നിലീന അത്തോളിയ്ക്ക് ലഭിച്ച ഊമക്കത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുകൂടാതെയാണ് വിമന്‍ കളക്ടീവ് ഇന്‍ സിനിമയിലെ പ്രവര്‍ത്തകര്‍ക്ക് നേരെയും ഭീഷണിയുയരുന്നത്. പലതും നേരിട്ടുള്ള ഭീഷണികളല്ലെങ്കിലും നിശബ്ദരായില്ലെങ്കില്‍ നിശബ്ദരാക്കുമെന്നാണ് ഈ ഭീഷണികളുടെയെല്ലാം അര്‍ത്ഥം. എന്നാല്‍ തങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടെന്ന് വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രവര്‍ത്തകരിലൊരാളും അഭിനേത്രിയുമായ സജിത മഠത്തില്‍ അഴിമുഖത്തോട് പറഞ്ഞു. വനിത കമ്മിഷന്‍ അധ്യക്ഷയ്ക്കും ദിലീപിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കും ലഭിച്ച കത്തുകളുടെ തുടര്‍ച്ചയാണ് ഞങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍. ഇവര്‍ എന്തിനാണ് ഇത്രയും അസ്വസ്ഥപ്പെടുന്നത് എന്നതാണ് എന്റെ ചോദ്യം. ഒരു സ്ത്രീയെ ഭയപ്പെടുത്തി നിശബ്ദയാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പറ്റില്ലെന്ന് നിലപാടെടുത്ത് അവള്‍ പുറത്തേക്ക് വന്നിരിക്കുകയാണ് ഇവിടെ. അതിനോടൊപ്പം നില്‍ക്കുകയെന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. ആര്‍ക്കും എതിരായ നിലപാടല്ല ഞങ്ങളുടേത്. എന്നിട്ടും എന്തിനാണ് ഇവര്‍ ഇത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല.

ഈ കേസില്‍ തെളിവുകളെല്ലാം തങ്ങള്‍ക്ക് അനുകൂലമാണെന്ന് അവര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടിക്കൊപ്പം നില്‍ക്കുന്നവരെക്കുറിച്ച് അവര്‍ ആശങ്കപ്പെടുന്നത്. അത് കേസിനെ തന്നെ നെഗറ്റീവ് ആയിട്ടല്ലേ ബാധിക്കുക? ഞങ്ങള്‍ ആരും ആ വ്യക്തിക്കെതിരെയോ ആ വ്യക്തി അഭിനയിച്ച സിനിമയക്കെതിരെയോ അല്ല നിലപാടെടുത്തിരിക്കുന്നത്. തെളിവുകള്‍ നശിപ്പിച്ച് ഈ കേസ് ഇല്ലാതാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്നുമാത്രം. അതിനായി അവസാന ശ്വാസം വരെയും ഞങ്ങള്‍ പോരാടും. ഭയപ്പെടുത്തി ഞങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. യഥാര്‍ത്ഥത്തില്‍ അതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വനിത കമ്മിഷനെ ഭയപ്പെടുത്തുക, എഴുതുന്ന മാധ്യമപ്രവര്‍ത്തകയെ ഭയപ്പെടുത്തുക, നടിയ്ക്ക് പിന്തുണയുമായി നിലയുറപ്പിച്ചിരിക്കുന്ന ഞങ്ങളെ ഭയപ്പെടുത്തുക, അതിലൂടെ ആ പെണ്‍കുട്ടിയെ ഭയപ്പെടുത്തുക.. ഇതാണ് ശരിക്കുപറഞ്ഞാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് വഴങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ സാധിക്കുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണയാണ്.

ഭയം വിതയ്ക്കാനും കൊയ്യാനും നോക്കുന്നത് ആരാണ്? ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തക പരാതി കൊടുത്തതിനു ശേഷം ഉണ്ടായ സാഹചര്യങ്ങളില്‍ ചിലരെ ചൊടിപ്പിക്കുന്നതെന്താവും? ഭയത്തെ അതിജീവിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു എന്നതാണ് അവളെയും ഈ സാഹചര്യങ്ങളെയും സവിശേഷമാക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും ഈ ഭയത്തെ ഉപയോഗപ്പെടുത്തിയാണ്. പണവും അധികാരവും പദവിയും മറ്റു മേല്‍കോയ്മകളും ഉപയോഗിച്ച് ഭയപ്പെടുത്തി സ്ത്രീകളെ ചൊല്‍പ്പടിക്ക് നിര്‍ത്താം എന്ന ധാരണ സമൂഹത്തില്‍ പൊതുവെ ഉണ്ട്. ഇതെല്ലം കണ്ട് നിശബ്ദമായി ഇതിന് കൂട്ട് നില്ക്കുന്ന മറ്റൊരു വിഭാഗം മറയത്തും ഉണ്ട്.

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടം ആളുകള്‍ ഭയത്തെ അതിജീവിച്ച് ഒരാള്‍ മുന്നോട്ടു കടന്നു വരുന്നത് കാണുമ്പോള്‍ അസ്വസ്ഥരാകും. കാരണം ഇത്തരത്തില്‍ ഒരാള്‍ മുന്നോട്ട് വരുന്നത് തങ്ങള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്നവര്‍ക്ക് മുന്നോട്ട് വരുന്നതിനും പ്രതികരിച്ചു തുടങ്ങുന്നതിനും പ്രേരകമാകും എന്ന് അവര്‍ക്കറിയാം. അതു കൊണ്ട് ഭയം വെടിഞ്ഞ് മുന്നോട്ടു വന്നവരെ എങ്ങിനെ പിറകോട്ടടിക്കാം എന്ന ശ്രമത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വ്യാപൃതരാണ് ഇവിടെ പലരും. അതിക്രമത്തിന് ഇരയായവര്‍ക്ക് അക്രമിയെ ഭയം, നിയമ സംവിധാനങ്ങളില്‍ പരാതിപ്പെടാന്‍ ഭയം, അതിക്രമത്തെ കുറിച്ച് ഉറക്കെ പറയാന്‍ ഭയം. ഇങ്ങിനെ ഭയന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ ഇടയില്‍ നിന്നാണ് അവള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടികള്‍/സ്ത്രീകള്‍ അക്രമത്തെ കുറിച്ച് പറയാനും പരാതിപ്പെടാനും തയ്യാറാവുന്നുണ്ടെങ്കില്‍ ഭയത്തെ അതിജീവിക്കണമെന്നും നീതി നടപ്പിലാകണമെന്നും അവര്‍ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണത്. അതിനാണ് ഞങ്ങള്‍ അവളോടൊപ്പം നില്‍ക്കുന്നത്. അവള്‍ വിജയിക്കേണ്ടത് അവളെ നോക്കി കടന്നു വരുന്ന പുതിയ തലമുറയുടെ ആവശ്യമാണ്. നിശ്ശബ്ദമായി നില്‍ക്കും എന്നു കരുതിയിടത്താണ് അവള്‍ സംസാരിച്ചത്. കെഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവള്‍ തല ഉയര്‍ത്തി നിന്നത്. പിന്നാമ്പുറത്തേക്ക് മടങ്ങുമെന്ന് കരുതിയിടത്താണ് അവള്‍ നടുത്തട്ടിലേക്ക് നീങ്ങി നിന്നത്. കാരണം അവളുടെത് ഭയത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പാണ്.

അതേസമയം ഇത്തരം കേസുകള്‍ തോറ്റ ചരിത്രങ്ങളും ഞങ്ങള്‍ക്കറിയാം. ഞങ്ങളില്‍ പലരും മുമ്പും അത്തരം കേസുകള്‍ക്കൊപ്പം നിന്നിട്ടുള്ളവരാണ്. ഉദാഹരണത്തിന് സൂര്യനെല്ലി കേസില്‍ ഇപ്പോള്‍ എത്രപേരാണ് ജയിലില്‍ കിടക്കുന്നത്? എന്നിരുന്നാലും പരാമവധി ഈ പെണ്‍കുട്ടിയ്‌ക്കൊപ്പം ഞങ്ങള്‍ നില്‍ക്കും. കേരളത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ ധൈര്യത്തോടെ പുറത്തേക്ക് വന്നത്. അപ്പോള്‍ നാം അവള്‍ക്കൊപ്പം നില്‍ക്കുകയല്ലേ വേണ്ടത്. ഞങ്ങള്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് ആരോപിച്ച് യഥാര്‍ത്ഥത്തില്‍ അവരാണ് വ്യാജപ്രചരണം നടത്തുന്നത്. അവര്‍ക്ക് പണമുണ്ട്, സ്വാധീനമുണ്ട്. ഞങ്ങളെ പോലുള്ള സിനിമ പ്രവര്‍ത്തകരുടെ ജോലി ഇല്ലാതെയാക്കാമെന്നാണ് അവര്‍ കരുതുന്നത്. സിനിമയില്‍ ഞങ്ങളെപ്പോലുള്ളവരെ സംബന്ധിച്ച് തൊഴിലിടം തീരുമാനിക്കുന്നത് അവരാണല്ലോ? ഞങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുക പോലുള്ള ഭീഷണിപ്പെടുത്തലുകള്‍ ഒരുഭാഗത്ത് നടക്കുന്നുണ്ട്. ഞങ്ങള്‍ അതിനെയൊന്നും ഇപ്പോള്‍ ഗൗരവത്തോടെ എടുക്കുന്നില്ല. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ കാര്യമാണ് ഇപ്പോള്‍ വനിത കമ്മിഷന്‍ അധ്യക്ഷയോട് ചെയ്തിരിക്കുന്നത്.

ഇത് അവരുടെ ഭീഷണിയുടെ രണ്ടാംഘട്ടമാണ്. ആദ്യ ഘട്ടത്തില്‍ ഞങ്ങളോട് വ്യക്തിപരമായി ചെയ്തു. അത് ഞങ്ങളില്‍ പലരും വ്യക്തിപരമായി തന്നെ തരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യത്തെ സ്റ്റെപ്പിനെ ഞങ്ങളുടെയിടയില്‍ തന്നെ നിര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ രണ്ടാംഘട്ട ഭീഷണിയെ പൊതു മധ്യത്തിലേക്ക് കൊണ്ടുവരാതിരിക്കാന്‍ നിവൃത്തിയില്ലെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍