UPDATES

സിനിമ

സര്‍ക്കാരിനെതിരായ സിനിമകള്‍ അവരുടെ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വാശിപിടിക്കരുത്: ഡോ. ബിജു

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു ഡോ. ബിജു

സെക്‌സി ദുര്‍ഗയ്ക്ക് ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയാതെയുള്ള ബഹളമാണെന്ന് സംവിധായകന്‍ ഡോ. ബിജു. ഗവണ്‍മെന്റിനെതിരെ സിനിമ ചെയ്യുമ്പോള്‍ അവര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ലെന്നും ഡോ. ബിജു അഴിമുഖത്തോട് പ്രതികരിച്ചു.

ജൂറിയുടെ തീരുമാനം അന്തിമമാണെന്നാണ് പറയുന്നതെങ്കിലും അത് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകം. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപ്രകാരം ഏതൊരു ചലച്ചിത്രമേളയിലാണെങ്കിലും സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ക്ക് ഐആന്‍ഡി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഈ നിയമമുണ്ടെന്നും ബിജു പറയുന്നു. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ കാബോഡിസ്‌കേപ്പ് എന്ന ജയന്‍ ചെറിയാന്റെ സിനിമ ജൂറി തെരഞ്ഞെടുത്തെങ്കിലും ഐആന്‍ഡ്ബി മന്ത്രാലയം ഇടപെട്ട് അത് പ്രദര്‍ശനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് ഈ തീരുമാനത്തിന് സ്റ്റേ വാങ്ങുകയും ചിത്രം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. ഐഎഫ്എഫ്ഐയിലേക്കുള്ള അപേക്ഷ നല്‍കുന്ന സമയത്ത് സെക്സി ദുര്‍ഗയ്ക്കും നൂഡിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബിജു പറഞ്ഞു.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

രണ്ട് സിനിമകളും പിന്നീടാണ് സെന്‍സര്‍ഷിപ്പ് നേടിയത്. ഇന്ത്യന്‍ പനോരമയില്‍ തെരഞ്ഞെടുത്ത സെന്‍സര്‍ ചെയ്യാത്ത സിനിമകളുടെ ലിസ്റ്റ് ഐആന്‍ഡ്ബി മന്ത്രാലയത്തിന് നല്‍കുകയും അവര്‍ അത് അംഗീകരിക്കുകയോ ഒഴിവാക്കുകയോ ആണ് ചെയ്യുന്നത്. വിവാദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഈ ചിത്രങ്ങളും ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. മജീദ് മജീദിയുടെ മുഹമ്മദ് എന്ന സിനിമയും മറ്റ് ചില ഇറാനിയന്‍ സിനിമകളും ഇത്തരത്തില്‍ ഐഎഫ്എഫ്കെയില്‍ ഒഴിവാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ആനന്ദ് പട്വര്‍ദ്ധന്റെ ചില സിനിമകളും ഐആന്‍ഡ്ബി മന്ത്രാലയത്തിന്റെ ഈ നിയമം മൂലം ചലച്ചിത്രമേളകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള ശാശ്വതമായ പരിഹാരം ഇത്തരത്തില്‍ സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം ഒഴിവാക്കുക എന്നതാണ്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും ഡോ. ബിജു കൂട്ടിച്ചേര്‍ത്തു. ഇത്തരം സാങ്കേതിക വശങ്ങള്‍ അറിയാതെയാണ് ഇവിടെ പലരും ബഹളമുണ്ടാക്കുന്നത്. കാബോഡിസ്‌കേപ്പിനായി ജയന്‍ ചെറിയാന്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് പോലെ സനലിന് സുപ്രിംകോടതിയെ സമീപിച്ചും സ്റ്റേ വാങ്ങാവുന്നതാണ്. അല്ലാതുള്ള പ്രതിഷേധങ്ങള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ല.

കാരണം, ഈ നിബന്ധനകളെല്ലാം അംഗീകരിക്കുന്നുവെന്ന് എഴുതി ഒപ്പിട്ടുകൊടുത്തിട്ടാണ് ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനായി അപേക്ഷിക്കുന്നത്. ഗവണ്‍മെന്റിനെതിരായ സിനിമ ചെയ്യുമ്പോള്‍ ഗവണ്‍മെന്റിന്റെ തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിട്ട് കാര്യമില്ലെന്നും ഡോ. ബിജു പറയുന്നു.

ജൂറി തെരഞ്ഞെടുത്ത 21 ചിത്രങ്ങളില്‍ നിന്നാണ് സെക്‌സി ദുര്‍ഗയെ ഐആന്‍ഡ്ബി മന്ത്രാലയം ഒഴിവാക്കിയത്. രവി യാദവ് സംവിധാനം ചെയ്ത മറാത്തി സിനിമ നൂഡിനും ഐആന്‍ഡ്ബി മന്ത്രാലയം ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്.

‘ബാഹുബലിയോടൊപ്പം സെക്സി ദുര്‍ഗ്ഗ തിരഞ്ഞെടുക്കാത്തതിന് നന്ദി’; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍