ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് ആംഗ്ലിക്കന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പ്രതികരിച്ചു
കോട്ടയം പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ചു. പരിസരത്തെ നാല് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.
ബൈക്കുകളും ഓട്ടോറിക്ഷയും തകര്‍ത്തു. വാഴക്കൃഷി നശിപ്പിച്ചു. പള്ളിക്ക് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കരോള്‍ സംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് കാരണം. കുട്ടികളുള്‍പ്പെടെ 43 പേരാണ് കരോള്‍ സംഘത്തിലുണ്ടായിരുന്നത്. മുട്ടുച്ചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ ഡിവൈഎഫ്‌ഐ സംഘവും ഇവര്‍ക്കൊപ്പം പാടിത്തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികള്‍ ആരോപിക്കുന്നു.
സംഘര്‍ഷമുണ്ടായതോടെ ചിങ്ങവനം പോലീസ് സ്ഥലത്തെത്തുകയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയുമായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കരോള്‍ സംഘം പള്ളിയിലേക്ക് മടങ്ങുകയും ചെയ്തു. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇരുപത്തഞ്ചോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുകളുമായി എത്തി ആക്രമിച്ചതെന്ന് പള്ളി ഭാരവാഹികള്‍ പറയുന്നു. കരോള്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന എമിയ സി തങ്കച്ചന്‍ എന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. മുഖത്ത് ആറ് തുന്നലുണ്ട്. എമിയയെ പോലീസ് ചെങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. അക്രമത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തിനോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് പി ഡി ഡിലീഷ് പറഞ്ഞു.
ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് ആംഗ്ലിക്കന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പ്രതികരിച്ചു. അക്രമണം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.