UPDATES

വൈറല്‍

ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകളില്‍ ചെഗുവേരയ്ക്കും ഇഎംഎസിനും പകരം മെസിയും നെയ്മറും

കോതമംഗലം ബ്ലോക്ക് സമ്മേളനത്തിന് വച്ച ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്നും ചെഗുവേരയെയും ഇഎംഎസിനെയും മാര്‍ക്‌സിനെയും താല്‍ക്കാലികമായാണെങ്കിലും മാറ്റിനിര്‍ത്തിയിരിക്കുകയാണ്

ഡിവൈഎഫ്‌ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലെത്തുന്നത് ചെഗുവേരയുടെ രൂപമാണ്. ഡിവൈഎഫ്‌ഐ എന്ന് എവിടെ എഴുതി വച്ചിട്ടുണ്ടോ അതിനോടെല്ലാം ചേര്‍ന്ന് ചെഗുവേരയുടെയും ചിത്രവുമുണ്ടാകും. അത് ചുവരുകളിലാണെങ്കിലും ഫ്‌ളക്‌സിലാണെങ്കിലും ഇലക്ട്രിക് പോസ്റ്റുകളിലാണെങ്കില്‍ പോലും. എന്നാല്‍ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി.

കോതമംഗലം ബ്ലോക്ക് സമ്മേളനത്തിന് വച്ച ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്നും ചെഗുവേരയെയും ഇഎംഎസിനെയും മാര്‍ക്‌സിനെയും താല്‍ക്കാലികമായാണെങ്കിലും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോള്‍ അടുത്തതോടെ നേതാക്കള്‍ക്ക് പകരം ഫുട്‌ബോള്‍ താരങ്ങളാണ് ബോര്‍ഡുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. മെസിയും റാമോസും നെയ്മറുമെല്ലാം ബോര്‍ഡുകളില്‍ കളം നിറഞ്ഞ് കളിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

സംഘടനയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ലോകകപ്പിന്റെ ആദ്യ ദിവസങ്ങളായ 17 മുതല്‍ 19 വരെയാണ് കോതമംഗലം ബ്ലോക്ക് സമ്മേളനം നടക്കുക എന്നതിനാല്‍ അവിടെ ചര്‍ച്ചകളില്‍ കാല്‍പ്പന്തുകളി ഇടംപിടിക്കുമെന്ന് ഉറപ്പ്. മുമ്പ് ഇന്ധന വിലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് ശ്രദ്ധേയമായിരുന്നു. തൃക്കാരിയൂരില്‍ നടന്ന മത്സരത്തില്‍ വിജയിക്ക് രണ്ട് ലിറ്റര്‍ പെട്രോളായിരുന്നു സമ്മാനം. സംഘടനയെ കൂടുതല്‍ ജനകീയമാക്കുകയാണ് ഇത്തരം പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കോതമംഗലം ബ്ലോക്ക് സെക്രട്ടറി ജയകുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

കൂടാതെ ലോകകപ്പ് തുടങ്ങുന്ന ജൂണ്‍ 14ന് ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ ചെറുപ്പള്ളിയില്‍ പെനാല്‍റ്റി ബോക്‌സ് ക്രമീകരിക്കും. പെനാല്‍റ്റി അടിക്കാനെത്തുന്നവര്‍ ഇഷ്ട ടീമിന്റെ ജഴ്‌സി അണിഞ്ഞെത്താനാണ് നിര്‍ദ്ദേശം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍