UPDATES

ട്രെന്‍ഡിങ്ങ്

ഡിവൈഎഫ്‌ഐയില്‍ അംഗത്വമെടുത്ത് നൂറോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍: ഇത് തുറന്ന രാഷ്ട്രീയ പ്രഖ്യാപനം

നൂറോളം ഭിന്നലിംഗക്കാരാണ് ഇന്ന് ഡിവൈഎഫ്‌ഐ അംഗത്വത്തിലൂടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്

ഭിന്നലിംഗക്കാര്‍ക്ക് അംഗത്വം കൊടുത്തുകൊണ്ട് ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് ഇന്ന് തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിന് കീഴില്‍ ഇന്ന് ആരംഭിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ ഐപി ബിനുവിന്റെ നേതൃത്വത്തിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ രാഷ്ട്രീയ വ്യക്തിത്വത്തെ അംഗീകരിക്കുന്നത്. ഒയാസിസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ തിരുവനന്തപുരം യൂണിറ്റും ഡിവൈഎഫ്‌ഐയും കൈകോര്‍ത്താണ് രാജ്യത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഈ രാഷ്ട്രീയ മുന്നേറ്റം നടത്തുന്നത്.

നൂറോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ്‌ ഇന്ന് ഡിവൈഎഫ്‌ഐ അംഗത്വത്തിലൂടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ സമ്മേളനത്തില്‍  ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ അനുകൂലമായ നിലപാടെടുത്തതാണ് ഈ മുന്നേറ്റത്തിന്റെ തുടക്കമെന്ന് ഐപി ബിനു പറയുന്നു. രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ കുടുംബശ്രീ യൂണിറ്റ് തുടങ്ങിയതും ബിനുവിന്റെ നേതൃത്വത്തിലാണ്. മൂന്ന് യൂണിറ്റുകളാണ് കുന്നുകുഴി വാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അംഗങ്ങളായുള്ളത്. ഉദയം, വര്‍ഷം, തേജസ് എന്നിങ്ങനെയാണ് ഇവ. കുടുംബശ്രീയുടെ വാര്‍ഡ് സഭകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇന്ന് മന്ത്രിമാരായിരിക്കുന്നവര്‍ ചെറിയ ചെറിയ സംഘടനകളിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയവരാണ്. അങ്ങനെ നോക്കിയാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഭരണനേതൃത്വത്തിലെത്തുന്നതിന്റെ തുടക്കമായാണ് ഈ രാഷ്ട്രീയ പ്രഖ്യാപനത്തെ കാണേണ്ടതെന്ന് ഒയാസിസ് തിരുവനന്തപുരം പ്രസിഡന്റ് രഞ്ജിനി പിള്ള പറയുന്നു. ഞങ്ങള്‍ക്കും രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റുമെന്നും അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ.

തങ്ങള്‍ സജീവമായി രംഗത്തിറങ്ങിയതോടെ ഞങ്ങളെ അംഗീകരിച്ചേ പറ്റൂ എന്ന അവസ്ഥയാണ് ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നതെന്നും രഞ്ജിനി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ വെറുതെ പോലീസ് പിടിച്ചുകൊണ്ട് പോകുന്ന കാലമൊക്കെ കഴിഞ്ഞു. ഞങ്ങള്‍ കേസ് കൊടുത്താല്‍ വാദി പ്രതിയാകുന്ന കാലവും കഴിഞ്ഞു. അതിനാല്‍ തന്നെ ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഇനി ഞങ്ങള്‍ക്കാകും. എന്നാല്‍ ഇത്തരം മുന്നേറ്റങ്ങളിലൂടെ ഞങ്ങളെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമാക്കുമ്പോഴാണ് ഞങ്ങള്‍ അംഗീകരിക്കപ്പെടുന്നത്. ജനകീയ സമരങ്ങളിലും മുന്നില്‍ നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അറിവിനേക്കാള്‍ കൂടുതല്‍ അറിവില്ലായ്മയുള്ള മലയാളി ഞങ്ങളെ ഒതുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പോലുള്ള ഒരു സംഘടനയില്‍ അംഗത്വം നേടുന്നതോടെ രാഷ്ട്രീയ കേരളത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇനി ഞങ്ങള്‍ക്കാകും; രഞ്ജിനി വ്യക്തമാക്കി.

ഒരു സാധാരണ യൂണിറ്റ് സമ്മേളനം പോലെ തന്നെയായിരിക്കും ഈ സമ്മേളനവും നടക്കുകയെന്ന് ഐപി ബിനു വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രാഷ്ട്രീയരംഗത്തേക്ക് വരട്ടെ. അവര്‍ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍