UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്നു പറഞ്ഞത് കോഴിയേയും കാളയേയും കുറിച്ച്; ബീഫ് വിഷയത്തില്‍ സംഘപരിവാര്‍ നിലപാടിലേക്കു മാറി മന്ത്രി കണ്ണന്താനം

വിദേശികള്‍ അവരവരുടെ രാജ്യത്തു നിന്നും ബീഫ് കഴിച്ചിട്ടു ഇന്ത്യയിലേക്കു വന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ കണ്ണന്താനം പറയുന്നത്‌

ഇന്ത്യയിലേക്കു വരുന്ന വിദേശികള്‍ അവരവരുടെ രാജ്യത്തു നിന്നും ബീഫ് കഴിച്ചിട്ടു വന്നാല്‍ മതിയെന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചില സംസ്ഥാനങ്ങളിലെ ഗോവധ ജാഗ്രതയും ബീഫ് ഉപഭോഗത്തിലെ നിയന്ത്രണങ്ങളും ഇന്ത്യയിലെ ടൂറിസം രംഗത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

ഒഡീഷയില്‍ നടന്ന 33-ാമത് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം അധികാരമേറ്റയുടന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബീഫ് നിരോധനമില്ലെന്നും കേരളത്തിലും ഗോവയിലുമെല്ലാം ബീഫ് കഴിക്കാമെന്നുമാണ് കണ്ണന്താനം പറഞ്ഞിരുന്നത്. സംസ്ഥാനത്ത് ബീഫ് വിളമ്പാമെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വാക്കുകള്‍ കടമെടുത്തായിരുന്നു കണ്ണന്താനത്തിന്റെ അന്നത്തെ പ്രതികരണം.

അതേസമയം പഴയ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കോഴിയെയും കാളയെയും കുറിച്ചുള്ള കഥയാണെന്നും ഇക്കാര്യം തീരുമാനിക്കാന്‍ താന്‍ ഭക്ഷ്യമന്ത്രിയല്ലെന്നും കണ്ണന്താനം പറയുന്നു. ഇന്ത്യയില്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് നവീനമായ പദ്ധതികളാണ് തന്റെ മന്ത്രാലയം ആവിഷ്‌കരിക്കാനുദ്ദേശിക്കുന്നത്. ജനങ്ങളുടെ ആശയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ മന്ത്രാലയത്തെ അറിയിക്കാനും അത് പരിശോധിച്ച് പ്രവര്‍ത്തിക്കാനും ലക്ഷ്യമിടുന്നു.

അതേസമയം ബീഫ് വിഷയത്തിലെ കണ്ണന്താനത്തിന്റെ ഇരട്ടത്താപ്പ് വെളിവായിരിക്കുകയാണെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ബീഫ് തിന്നണമെന്നുള്ള വിദേശികള്‍ സ്വന്തം രാജ്യത്ത് ഇരുന്ന ബീഫ് കഴിച്ചിട്ട് ഇവിടേക്ക് വരണമെന്ന് പറയുമ്പോള്‍ കേരളത്തെയും ഗോവയെയും പോലുള്ള ബീഫ് ഉപഭോക്തൃ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലേയെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ബീഫ് ഉപഭോക്തൃ സംസ്ഥാനങ്ങളിലും വിദേശികള്‍ക്ക് ബീഫ് കഴിക്കാനുള്ള അനുമതിയില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍