UPDATES

ട്രെന്‍ഡിങ്ങ്

ആധാര്‍ വിവരങ്ങള്‍ക്ക് 500 രൂപ; മാധ്യമപ്രവര്‍ത്തക അവാര്‍ഡ് ആണ് അര്‍ഹിക്കുന്നത്, അന്വേഷണമല്ല; സ്‌നോഡന്‍

യുഐഡിഎഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും സ്‌നോഡന്‍

ആധാര്‍ ഡേറ്റ ബാങ്കിലെ സുരക്ഷ വീഴ്ച്ചകള്‍ തുറന്നു കാണിച്ച ദി ട്രിബ്യൂണ്‍ മാധ്യമപ്രവര്‍ത്തക രചന ഖൈരയെ പിന്തുണച്ച് എഡ്വേര്‍ഡ് സ്‌നോഡന്‍. 500 രൂപ കൊടുത്താല്‍ കോടിക്കണക്കിന് ഇന്ത്യക്കാരില്‍ ആരുടെയും ആധാര്‍ വിവരങ്ങള്‍ കിട്ടുമെന്നായിരുന്നു രചനയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരേയും മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേയും യുഐഡിഎഐ(യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) കേസ് ഫയല്‍ ചെയ്തിരുന്നു. ഈ നടപടിയെ വിമര്‍ശിച്ചും രചനയെ പിന്തുണച്ചുമാണ് സ്‌നോഡന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോടിക്കണക്കിനു ഇന്ത്യക്കാരുടെ സ്വകാര്യത തകര്‍ക്കുന്ന നയങ്ങള്‍ എന്ന വിമര്‍ശമവും സ്‌നോഡന്റെ ട്വീറ്റിലുണ്ട്.

ആധാറിലെ അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക അവാര്‍ഡ് ആണ് അര്‍ഹിക്കുന്നത്, അന്വേഷണമല്ല. നിയമത്തില്‍ ശരിക്കും വിശ്വസിക്കുന്ന ഭരണകൂടം ആണെങ്കില്‍ കോടിക്കണക്കിനു ജനങ്ങളുടെ സ്വകാര്യതയെ തകര്‍ക്കുന്ന നയങ്ങളില്‍ പുനര്‍വിചിന്തനം നടത്തണം. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ യുഐഡിഎഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചു.

ആധാര്‍ വിഷയത്തില്‍ ഇതിനു മുമ്പും സ്‌നോഡന്‍ പ്രതികരിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതങ്ങളെക്കുറിച്ചുള്ള രേഖകളെല്ലാം കൈയില്‍ വയ്ക്കുക എന്നത് ഭരണകൂടങ്ങളുടെ സ്വാഭാവിക ശീലമാണെന്നായിരുന്നു സ്‌നോഡന്‍ വിമര്‍ശിച്ചത്. ചരിത്രം നോക്കിയാല്‍ ഇത്തരം പ്രവര്‍ത്തികളുടെയെല്ലാം ഫലം എത്രമാത്രം മോശമായിരുന്നുവെന്നു കാണാമെന്നും സ്‌നോഡന്‍ കുറ്റപ്പെടുത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍