UPDATES

ട്രെന്‍ഡിങ്ങ്

ഈ മ യൗ വിലെ ചൗരോയെ അവതരിപ്പിച്ച നടന്‍ കുഞ്ഞുകുഞ്ഞിന്റെ മരണം; തെറ്റായ രോഗനിര്‍ണയം മൂലമെന്ന പരാതിയുമായി കുടുംബം

കീമോ തെറാപ്പി നടത്തിയതുമൂലം രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടതാണ് കുഞ്ഞുകുഞ്ഞിന്റെ മരണകാരണം എന്നാണ് കുടുംബം സംശയിക്കുന്നത

ഈ മ യൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടന്‍ സി ജെ കുഞ്ഞുകുഞ്ഞിന്റെ മരണത്തില്‍ പരാതിയുമായി കുടുംബം. കുഞ്ഞുകുഞ്ഞിന്റെ മരണത്തിനു കാരണം തെറ്റായ രോഗ നിര്‍ണയത്തെ തുടര്‍ന്ന് കിമോ തെറാപ്പി ചെയ്തതാണെന്ന സംശയമാണ് കുടുംബം ഉയര്‍ത്തിയിരിക്കുന്നത്. തന്റെ ഭര്‍ത്താവിന് കാന്‍സര്‍ ആയിരുന്നുവെന്ന് കരുതുന്നില്ലെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു സര്‍ക്കാരിന് പരാതി നല്‍കുമെന്ന് കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മേഴ്‌സി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 ഫെബ്രുവരി 24 ന് ആയിരുന്നു കുഞ്ഞുകുഞ്ഞ് മരിക്കുന്നത്. ന്യുമോണിയ ബാധിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് കുഞ്ഞുകുഞ്ഞ് പള്ളൂരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഹരിയാനയിലെ സ്വകാര്യ ലാബില്‍ അയച്ചു നടത്തിയ ബയോപ്‌സി പരിശോധനയില്‍ ശ്വാസകോശാര്‍ബുദം അവസാനഘട്ടത്തിലേക്ക് എത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ ആറു തവണ കുഞ്ഞുകുഞ്ഞിനെ കിമോ തെറാപ്പിക്ക് വിധേയനാക്കി.

ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ അര്‍ബുദത്തിന്റെ ഒരു തെളിവും ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട് എന്നും എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ കുഞ്ഞ് കുഞ്ഞ് മരിക്കുകയായിരുന്നുമെന്നാമ് കുടുംബത്തിന്റെ പരാതി. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി നടത്തിയതുമൂലം രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടതാണ് കുഞ്ഞുകുഞ്ഞിന്റെ മരണകാരണം എന്നാണ് കുടുംബം സംശയിക്കുന്നത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കും.

നാടകരംഗത്ത് അനേക വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള സി ജെ കുഞ്ഞുകുഞ്ഞ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ ചൗരോ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഈ മ യൗ വിനും ശേഷം സ്വാതന്ത്ര്യം അര്‍ദ്ധരത്രിയില്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമയില്‍ തുടര്‍ന്നും അവസരങ്ങള്‍ കുഞ്ഞുകുഞ്ഞിനെ തേടി വരാന്‍ തുടങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ മരണം.

‘ചേട്ടന്റെ കാലം വരാനിരിക്കുന്നതേയുള്ളൂ’; അവസാനമായി കണ്ടു പിരിഞ്ഞപ്പോള്‍ തന്റെ പ്രിയപ്പെട്ട ചൗരോയോട് പി എഫ് മാത്യൂസ് പറഞ്ഞു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍