UPDATES

ട്രെന്‍ഡിങ്ങ്

അപ്പോൾ നിങ്ങൾ ചോദിക്കും കൃഷ്ണപിള്ള മണിയടിച്ചില്ലേ എന്ന്; ശബരിമലയില്‍ ആരൊക്കെ പോകണം? ചര്‍ച്ച ചൂടുപിടിക്കുന്നു

അതൊരു പൊതു സ്‌ഥലമല്ല, ക്ഷേത്രമാണ്, ആരാധനാലയമാണ്. അവിടത്തെ ആചാരങ്ങൾ നിശ്ചയിക്കാൻ ക്ഷേത്രം അധികാരികൾക്ക് അവകാശമുണ്ട്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്ന് നടന്ന വിഷയങ്ങളിൽ നവമാധ്യമങ്ങളിൽ സംവാദങ്ങൾ തുടരുകയാണ്. ശബരിമല ദർശനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന മോജോ ടി വി മാധ്യമ പ്രവർത്തകയുടെയും, കൊച്ചി സ്വദേശിയായ യുവതിയുടെയും ധൈര്യം അഭിനന്ദിക്കുന്നവരും അവരോടു ഐക്യദാർഢ്യപ്പെടുന്നവരും ഉണ്ട്. അതേ സമയം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആക്ടിവിസ്റ്റുകൾക്കു ശക്തി തെളിയിക്കാനുള്ള ഇടം ആയി ശബരിമലയെ മാറ്റരുതെന്നു പ്രസ്താവിച്ചതിനു പിന്നാലെ ഇരുവരുടെ ഇടപെടലിനെ ശക്തമായി വിമര്‍ശിക്കുന്നവരും ഉണ്ട്.

പ്രസ്തുത വിഷയത്തിൽ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് എഴുതുന്നു….

ശബരിമല ഒരു ക്ഷേത്ര സന്നിധിയാണ്. കോടിക്കണക്കിനു മനുഷ്യർ ദൈവമായി കരുതുന്ന അയ്യപ്പൻ ഇരിക്കുന്ന സ്‌ഥലം. നിയമമനുസരിച്ച് ഒരു ഹിന്ദു പൊതു ആരാധനാലയം. ദേവസ്വം ബോർഡാണ് അതിനു ചുമതലക്കാർ. എന്നുവച്ചാൽ അതൊരു പൊതുസ്‌ഥലമല്ല, ആരാധനാലയമാണ്. വിശ്വാസികളുടെ സ്‌ഥലമാണ്‌.

ഇത്രയും മനസിലായെങ്കിൽ;

ആ ആരാധനാലയത്തിലെ ഒരു ആചാരം നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് നമ്മുടെ നാട്ടിലെ പരമോന്നത കോടതി കണ്ടു. അത് വേണ്ടെന്നു വയ്ക്കാൻ നിർദ്ദേശം നൽകി. അതനുസരിച്ച് ഏതു ഹിന്ദു വിശ്വാസിയ്ക്കും (അതേന്ന്, ഹിന്ദുവിന് തന്നെ), പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ അവിടെ ആരാധന നടത്താനും പ്രാർത്ഥിക്കാനുമുള്ള അവകാശമുണ്ട് എന്നാണു കോടതി വിധിച്ചിരിക്കുന്നത്.

അതുമാത്രമേ കോടതി വിധിച്ചിട്ടുള്ളൂ. അത് ഉറപ്പ് വരുത്തേണ്ട ബാധ്യത മാത്രമേ സർക്കാരിനുള്ളൂ.

ഇവിടെ സുപ്രീം കോടതി വിധി നടപ്പിൽ വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. വിശ്വാസിയായ ഒരു സ്ത്രീ –ഏതു പ്രായത്തിലുള്ള ആളും– പോയാൽ അവർക്കു ദർശനം ഉറപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പക്ഷെ അതുറപ്പുവരുത്താൻ വിശ്വസികളല്ലാത്തവർ പോയാൽ അവർക്കു സുരക്ഷയൊരുക്കാൻ സർക്കാരിന് ബാധ്യതയൊന്നുമില്ല.

അപ്പോൾ നിങ്ങൾ ചോദിക്കും കൃഷ്ണപിള്ള മണിയടിച്ചില്ലേ എന്ന്.

ഉവ്വ്, മണിയടിച്ചു. അത് സമരത്തിന്റെ ഭാഗമായാണ്. ക്ഷേത്രപ്രവേശനം അനുവദിച്ചശേഷം ഉദ്‌ഘാടന മണിയടിക്കാൻ കൃഷ്ണപിള്ള അവിടെ പോയതായി അറിയില്ല, ഫോട്ടോയെടുക്കാനും. ആ വിപ്ലവകാരിയെ സംബന്ധിച്ച് ആ അധ്യായം കഴിഞ്ഞു. അത് നടന്നില്ലെങ്കിൽ ആണ് ബാക്കി.

അപ്പോൾ നിങ്ങൾ ചോദിക്കും, വനിതാ റിപ്പോർട്ടർമാർക്കു അവിടെ പോകാൻ അനുവാദമില്ലേ, അവരെ തടയുന്നത് വിവേചനമല്ലേ എന്ന്.

ക്ഷമിക്കണം, ആദ്യമേ പറഞ്ഞല്ലോ, അതൊരു പൊതു സ്‌ഥലമല്ല, ക്ഷേത്രമാണ്, ആരാധനാലയമാണ്. അവിടത്തെ ആചാരങ്ങൾ നിശ്ചയിക്കാൻ ക്ഷേത്രം അധികാരികൾക്ക് അവകാശമുണ്ട്. അങ്ങിനെ നിശ്ചയിച്ച ആചാരങ്ങളിൽ ഒന്ന് ഭരണഘടനാ വിരുദ്ധം എന്നാണു കോടതി കണ്ടെത്തിയത്. അത് വിശ്വാസികളെ സംബന്ധിച്ചാണ്. വനിതാ റിപ്പോർട്ടർമാർക്കും കോടതിയിൽ പോകാവുന്നതേയുള്ളൂ. അനുകൂലമായ വിധി കിട്ടാൻ സാധ്യതയുണ്ട്. ഒന്നുകിൽ അതുവരെ കാത്തിരിക്കുക. അല്ലെങ്കിൽ സ്ത്രീകൾ നിർബാധം അവിടെ പോയിത്തുടങ്ങുമ്പോൾ ആരും കണക്കുനോക്കാൻ നിൽക്കില്ല. അപ്പോൾ പുരുഷ റിപ്പോർട്ടർമാർ പോകുന്നതുപോലെ സ്ത്രീ റിപ്പോർട്ടർമാർക്കും പോകാം.

അപ്പോൾ നിങ്ങൾ ഏറ്റവും അപകടകരമായ ആ ചോദ്യം ചോദിക്കും:

ഇപ്പോൾ അവിടെ മറ്റു മതസ്‌ഥരും, മതമില്ലാത്തവരുമായ പുരുഷന്മാർ പോകുന്നുണ്ടല്ലോ, പിന്നെന്താണ് അങ്ങിനെയുള്ള സ്ത്രീകൾക്കും പോയാൽ എന്ന്.

ശബരിമലയിൽ എല്ലാ മതസ്ഥരും പോകുന്നുണ്ട് എന്നത് ആ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. നിയമമനുസരിച്ച് അതൊരു ഹിന്ദു ക്ഷേത്രമാണ്. ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചാൽ ആർക്കും ഒന്നും ചെയ്യാനില്ല. അത് നിയമമാണ്‌. അതിനായാണ് നിങ്ങളുടെ ശ്രമമെങ്കിൽ തുടരുക. ഇനി അതല്ല, വിശ്വാസികളായ സ്ത്രീകൾ കയറുകയും അതൊരു നടപ്പാകുകയും ചെയ്യുമ്പോൾ പുരുഷന്മാരെപ്പോലെ സ്ത്രീകളും വിശ്വാസിയാണോ എന്നന്വേഷിക്കാൻ അവിടെയാരും നിൽക്കില്ല. കാരണം അത് ശബരിമലയാണ്.

*ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

മതേതര കേരളം എന്നത് ഭൂതകാല രേഖകളിൽ മാത്രമാകുമോ..?

ശബരിമല LIVE: പോലീസില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ബിജെപി ശ്രമം; ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടെന്നത് പാര്‍ട്ടി നിലപാടല്ല: കോടിയേരി

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍