UPDATES

വീഡിയോ

സ്വന്തമായൊരു കാട്, പത്ത് ലക്ഷത്തോളം മരങ്ങൾ: ബാലേട്ടന് എന്നും പരിസ്ഥിതി ദിനമാണ്

‘ഒരു കോടി മരം നടണം, അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം,’ നിറഞ്ഞ പുഞ്ചിരിയോടെ ബാലേട്ടന്‍ പറയും.

‘ഇയാള്‍ക്ക് പ്രാന്താണ്!’ മരത്തൈകളും കമ്പിപ്പാരയും ബൈക്കില്‍ വെച്ചു കെട്ടി ബാലേട്ടന്‍ മരം നടാന്‍ പോകുമ്പോള്‍ ആളുകൾ പരസ്പരം പറയുമായിരുന്നു. അങ്ങനെ ഒരു പേരു വീണു. ‘പ്രാന്തന്‍ ബാലന്‍’. എന്നാല്‍ ഇതൊക്കെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇപ്പോള്‍ ഈ ‘പ്രാന്തന്‍ ബാലന്‍’ ഒരു നാടിന്റെ മുഴുവന്‍ ബാലേട്ടനാണ്. ‘ഒരു കോടി മരം നടണം, അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം’ നിറഞ്ഞ പുഞ്ചിരിയോടെ ബാലേട്ടന്‍ പറയും. ഇതുവരെ പത്ത് ലക്ഷത്തോളം മരം നട്ടിട്ടുണ്ട് ബാലേട്ടന്‍. ഏകദേശം പത്തൊന്‍പത് വര്‍ഷമായി മരങ്ങള്‍ക്കും പ്രകൃതിക്കുമായി ജീവിക്കുന്നു. പരിസ്ഥിതി ദിനത്തില്‍ മാത്രം പ്രകൃതി സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും വാചാലരാകുന്നവര്‍ക്ക് എന്നും പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ബാലേട്ടന്റെ ജീവിതം ഒരു മാതൃകയാണ്.

പാലക്കാട് കേരളശ്ശേരിയ്ക്കടുതാണ് ബാലേട്ടന്റെ വീട്. വീട്ടില്‍നിന്ന് നേരെ നോക്കുമ്പോള്‍ അയ്യര്‍ മല. അയ്യര്‍ മലയുടെ താഴെ ഒരു വലിയ പ്രദേശം കാടാണ്. ഒരായുസ്സുകൊണ്ട് ബാലേട്ടന്‍ ഉണ്ടാക്കിയെടുത്ത കാട്. ഒരിക്കല്‍ തരിശുഭൂമിയായി ആര്‍ക്കും വേണ്ടാതെകിടന്നിരുന്ന പ്രദേശം. ഈ കാട്ടില്‍ ഇപ്പോള്‍ ആനകള്‍ വരാറുണ്ട് കുരങ്ങുകളുണ്ട്. തൊട്ടടുത്തുള്ള അയ്യര്‍ മലയില്‍ നിന്നും മൃഗങ്ങൾ പതിയെ പതിയെ വരാന്‍ തുടങ്ങി.

ബാലേട്ടന്റെ ഓരോ ദിവസവും പ്രകൃതിക്കു വേണ്ടിയുള്ളതാണ്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും. പണ്ട് ബൈക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ജീപ്പും പിക്കപ്പുമുണ്ട്. സ്വന്തമായി വാങ്ങിയതൊന്നുമല്ല. ഓരോരുത്തര്‍ കൊടുക്കുന്നതാണ്. പോകുന്നവഴിയില്‍ അധികവും ബാലേട്ടന്‍ നട്ട മരങ്ങള്‍ തന്നെ. വഴിയില്‍ ചത്ത മൃഗങ്ങളെ കണ്ടാല്‍ എടുത്തു കുഴിച്ചിടും,മാലിന്യം കൂടിക്കിടക്കുന്നത് കണ്ടാലും സഹിക്കില്ല അപ്പൊ തന്നെ അത് മണ്ണിട്ടുമൂടും. റോഡില്‍ കുഴികള്‍ കണ്ടാല്‍ അത് മണ്ണും കല്ലുമിട്ട് തൂര്‍ക്കും. താന്‍ നട്ട മരങ്ങളുടെ അടുക്കല്‍ ചെന്ന് കുശലം ചോദിക്കും. അവര്‍ ചിലപ്പോള്‍ തിരിച്ചു പരാതികള്‍ പറയും. മൃഗങ്ങൾ കടിക്കുന്നെന്നോ തൊഴിലുറപ്പുകാര്‍ ചില്ലകള്‍ വെട്ടുന്നെന്നോ അങ്ങനെ അങ്ങനെ. ഉടന്‍ തന്നെ പരിഹാരവും കാണും. മൃഗങ്ങള്‍ കടിക്കുന്നതാണ് പ്രശ്‌നമെന്നുണ്ടെങ്കില്‍ ചുറ്റും വേലികെട്ടും. തൊഴിലുറപ്പുകാരാണ് പ്രശ്‌നമെങ്കിലോ അവരുമായി വഴക്കുണ്ടാക്കും.

‘കാവാക്കാന്‍, കാടാക്കാന്‍ കോള്‍…’

‘കാവാക്കാന്‍ കാടാക്കാന്‍ കോള്‍’, ‘ആഗോളതാപനത്തിന് മരമാണ് മറുപടി’, ‘പ്രകൃതി പരിസ്ഥിതി,’ ബാലേട്ടന്റെ വണ്ടിയില്‍ നിറയെ ഇത്തരത്തിലുള്ള എഴുത്തുകളാണ്. പരിസ്ഥിതി സന്ദേശങ്ങള്‍. പരിസ്ഥിതി ദിനമായാല്‍ ബാലേട്ടന്റെ ഫോണിന് റസ്റ്റില്ല. എന്താണെന്നല്ലേ.. മരം നടാന്‍ ഓരോരുത്തര്‍ വിളിക്കുന്നതാണ്. പക്ഷെ ആ വിളികള്‍ പരമാവധി ഒഴിവാക്കാനാണ് ബാലേട്ടനിഷ്ട്ടം. അങ്ങനെ ഒരു ദിവസം മാത്രം നട്ടുണ്ടാക്കേണ്ടതല്ല മരങ്ങള്‍. അന്നു നടുന്നവരാകട്ടെ പിന്ന അതിനെ തിരിഞ്ഞു നോക്കുക കൂടിയില്ല. വെറുതെ മരം നട്ടതുകൊണ്ട് മാത്രമായില്ല. വേനലില്‍ ഉണങ്ങാത്ത മാട് കടിക്കാതെ അതിനെ പരിപാലിക്കുക കൂടി വേണം. ശരിക്കും പറഞ്ഞാല്‍ കുട്ടികളെ നോക്കുന്നതിനെക്കാള്‍ ശ്രദ്ധയോടെ നോക്കണം ഓരോ മരത്തെയും. മാസത്തില്‍ രണ്ടു തവണയെങ്കിലും നട്ട മരത്തിന്റെ അടുത്തെത്തണം. അത് വളരുന്ന വരെയെങ്കിലും. അതാണ് ബാലേട്ടന്റെ പോളിസി.

അച്ഛന് കള്ളു കച്ചവടമായിരുന്നു. കേരളശ്ശേരി ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് കഴിഞ്ഞതോടു കൂടി ബാലേട്ടന്‍ അച്ഛനോടൊപ്പം കൂടി. അബ്കാരി ബിസ്സിനസ്സ് മാത്രമല്ല, വളം ഡിപ്പോ, പത്ര ഏജന്റ്, നെല്ല് ഏജന്റ്, തേങ്ങ-കൊപ്ര ബിസ്സിനസ്സ് തുടങ്ങിയ മേഖലകളിലെല്ലാം ഒരു കൈ നോക്കിയിട്ടുണ്ട്. കുട്ടികളൊക്കെ വളര്‍ന്നപ്പോള്‍ പൈസ ഉണ്ടാക്കിയിട്ട് ഇനി എന്തിനാ എന്ന ചിന്ത വന്നു. പ്രകൃതിക്കും അടുത്ത തലമുറയ്ക്കുമൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണമെന്നൊരു തോന്നല്‍. അങ്ങനെ മരം നടാന്‍ ഇറങ്ങി. അരയാലും വേപ്പുമൊക്കെ നാട്ടായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവല്‍, പന, മുള എന്നിവയെല്ലാം നടാന്‍ തുടങ്ങി. ജീവിതം തന്നെ മരങ്ങളോടൊപ്പമായപ്പോള്‍ വസ്ത്രവും പതുക്കെയങ്ങ് മാറി. പച്ച ലുങ്കി, പച്ച ഷര്‍ട്ട് പച്ച തലയില്‍ കെട്ട് അങ്ങനെ മൊത്തത്തില്‍ ഹരിതമയം.

ഒരിക്കല്‍ കള്ളു കച്ചവടമായിരുന്നെങ്കില്‍ ഇപ്പോള്‍ ബാലേട്ടന്‍ ലഹരിയ്‌ക്കെതിരാണ്. കുട്ടികള്‍ക്ക് ലഹരിവിരുദ്ധ ക്ലാസുകളും പരിസ്ഥിതി ക്ലാസുകളുമെല്ലാം എടുക്കാന്‍ പോകാറുണ്ട് ബാലേട്ടന്‍. ക്ലാസ്സ് കഴിയുമ്പോഴേക്കും കുട്ടികളുമായി ബാലേട്ടന്‍ കൂട്ടാവും. പിന്നെ മരം നടാന്‍ കുട്ടികളെയും കൂടെക്കൂട്ടും.

ആരു വിളിച്ചാലും മരം നടാന്‍ പോകും. ചിലപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളില്‍ മരം നടാന്‍ വീട്ടുകാര്‍ വിളിക്കും. നട്ട് അതിനെ സംരക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം പിന്നെ ബാലേട്ടന്‍ ഏറ്റെടുക്കും. മരത്തൈകള്‍ക്കായി വീട്ടില്‍ ഒരു നഴ്‌സറിയുണ്ട്. പോരാതെ വരുന്നത് പലരില്‍ നിന്നും വാങ്ങും. വേനല്‍ക്കാലമാകുമ്പോള്‍ തന്നെ വിത്തു ശേഖരണം തുടങ്ങും. എന്നിട്ട് മഴക്കാലമാകുമ്പോള്‍ അത് പാകും. മുളപൊട്ടി വരുന്ന മരത്തൈ പാകമാകുമ്പോള്‍ നടും. ഒഴിഞ്ഞ ഇടങ്ങളില്‍ വിത്തു കൊണ്ടു പോയി വിതറാറുമുണ്ട്.

ദാഹം മനുഷ്യര്‍ക്കു മാത്രമല്ലല്ലോ…

വേനല്‍ക്കാലത്ത് ബസ് സ്റ്റാന്‍ഡുകളിലും പൂരപ്പറമ്പുകളിലുമെല്ലാം നിറസാന്നിധ്യമാണ് ബാലേട്ടന്‍. ദാഹിക്കുന്നവര്‍ക്ക് ദാഹം തീരും വരെ ഫ്രീയായി മോരും വെള്ളം കുടിക്കാം. എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ലല്ലോ വേനല്‍ക്കാലത്ത് ദാഹിക്കുക. മൃഗങ്ങള്‍ക്കുമണ്ടാവില്ലെ ദാഹം. അവര്‍ക്കായി വഴിയോരങ്ങളിലും മറ്റും വെള്ളം പാത്രങ്ങളിലാക്കി വെച്ചുകൊടുക്കും. വെള്ളം മാത്രമല്ല, അവയ്ക്കുള്ള ഭക്ഷണങ്ങളും ഈയിടെയായി ബാലേട്ടന്‍ കാട്ടില്‍ കൊണ്ടുപോയി കൊടുക്കാറുണ്ട്. ‘ഭക്ഷണമില്ലാത്തതു കൊണ്ടാണ് മൃഗങ്ങള്‍ നാട്ടിലേക്കു വരുന്നത്. അതില്ലാതാക്കിയത് മനുഷ്യര്‍ തന്നെയാണ്. അതുകൊണ്ട് അവയ്ക്ക് ഭക്ഷണം എത്തിക്കേണ്ടത് നമ്മുടെ കടമയാണ്’. ബാലേട്ടന്‍ പറയുന്നു. കടകളില്‍ നിന്നും മറ്റും ലഭിക്കുന്ന പഴങ്ങൾ, വഴിയില്‍ വീണു കിടക്കുന്ന ചക്ക മാങ്ങ എന്നിവയെല്ലാം എടുത്ത് അയ്യരു മലയുടെ മുകളില്‍ കൊണ്ടുപോയി ഇടുന്നു. അവിടെയുള്ള മൃഗങ്ങൾക്കെല്ലാം അത് ആഹാരമാക്കാം.

വേനല്‍ക്കാലത്ത് ചെടികള്‍ക്കുമുണ്ടാവുമല്ലൊ ദാഹം. വെള്ളം ടാങ്കിലാക്കി കൊണ്ടുപോയി വേനല്‍ക്കാലത്ത് ചെടികള്‍ നനയ്ക്കും. വഴിയില്‍ കാണുന്ന ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ കൂടെ കൂടാം. വീടിനു മുന്നില്‍ കിണറുണ്ട്. വേനല്‍ക്കാലത്തും വറ്റാത്ത കിണര്‍. അതില്‍ നിന്നുാണ് വെള്ളമെടുക്കുന്നത്. ആ കിണറില്‍ നിന്ന് ആര്‍ക്കും വന്ന് വെള്ളാമെടുക്കാം. ഇനി വരാന്‍ ബുദ്ധിമുട്ടുണ്ടെകില്‍ വിളിച്ച് പറഞ്ഞാല്‍ വെള്ളം എത്തിച്ചു കൊടുക്കും. ഇങ്ങനെ നീളുന്നു ബാലേട്ടന്റെ പ്രവൃത്തികള്‍. 2011ലെ സംസ്ഥാന സര്‍ക്കാര്‍ വനമിത്ര പുരസ്‌ക്കാരം, പ്രകൃതി മിത്ര പുരസ്‌ക്കാരം, ജൈവ വൈവിധ്യ ബോര്‍ഡിന്റെ പുരസ്‌ക്കാരം തുടങ്ങി അവാര്‍ഡുകള്‍ ധാരാളം ബാലേട്ടനെ തേടിയെത്തിയിട്ടുണ്ട്. ‘രാലിലെ എഴുന്നേറ്റ് എന്റെ മരങ്ങള്‍ക്കടുത്തു ചെല്ലുമ്പോള്‍ അവ എന്നെ നോക്കി തലയാട്ടി ചിരിക്കും. അപ്പോള്‍ തോന്നുന്ന ഒരു സന്തോഷമുണ്ടല്ലോ…, അതിനെക്കാള്‍ സന്തോഷമൊന്നും ഒരവാര്‍ഡു കിട്ടുമ്പോഴും എനിക്കു തോന്നിയിട്ടില്ല…’

മരം കഴിഞ്ഞാല്‍ പിന്നെ ബാലേട്ടന് താല്പര്യം നാടകമാണ്. നാട്ടിലെ ചില നാടകവേദികളിലെല്ലാം വേഷമിട്ടിട്ടുണ്ട്. കല്ലു അരങ്ങാട്ടില്‍ വേലു ബാലകൃഷ്ണന്‍ എന്നാണ് ബാലേട്ടന്റെ മുഴുവന്‍ പേര്. ഭാര്യ ലീല. 3 മക്കളാണുള്ളത്.

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍